ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകയും ചെയ്ത സാമൂഹ്യജീവിയായിരുന്നു നടൻ ശ്രീനിവാസൻ. എല്ലാം വിഷമയമാകുന്ന ഒരു കാലത്താണ് ജൈവജീവിതത്തെയും കൃഷിയെയും കുറിച്ച് ശ്രീനിവാസൻ സംസാരിച്ചു കൊണ്ടിരുന്നത്. ജൈവകൃഷിയെ കുറിച്ച് 'മാധ്യമം' വാർഷികപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ വാചാലനാകുകയും ചെയ്തു.
ഞാനിവിടെ കൃഷി ആരംഭിച്ചപ്പോൾ പലരും നിരുത്സാഹപ്പെടുത്തി. അപവാദവും പറഞ്ഞു. സിനിമയിൽ നിന്നുണ്ടാക്കിയ കള്ളപ്പണം വെളുപ്പിക്കാനാണ് കൃഷിയെന്നായിരുന്നു ഒരപവാദം. പിന്നെ പറഞ്ഞു പേരെടുക്കാനാണെന്ന്. എന്തുപേരാണ് കൃഷിയിലൂടെ കിട്ടുക? എത്ര കർഷകരെ നമുക്കറിയാം. കാശും സമയവും നഷ്ടപ്പെടുത്തുന്നതാണ് കൃഷിയെന്ന് എല്ലാവരും പറയുന്ന കാലത്ത്, അതല്ല എന്ന് എനിക്ക് ബോധ്യമുള്ളതു കൊണ്ടാണ് ഞാൻ കൃഷി ചെയ്യുന്നത്.
ഈ ബോധ്യമുള്ള നിരവധി പേരിൽ ഒരാൾ ഒരു സംഭവം പറയാം. ഗുണ്ടൽപേട്ടിൽ സർക്കാർ ഭൂമി പാട്ടത്തിനെടുത്ത് ഒരു പാടാളുകൾ തക്കാളി കൃഷി ചെയ്തു. വലിയവിളവുണ്ടായി. ഈ സമയം മൊത്തക്കച്ചവടക്കാർ ഒരു ചതി ചെയ്തു. തക്കാളിയുടെ സംഭരണവില നില വിലുണ്ടായിരുന്നതിന്‍റെ പത്തു ശതമാനമാക്കി കുറച്ചു. രണ്ടോ മൂന്നോ ദിവസം കൊണ്ട് തക്കാളി ചീഞ്ഞുപോകുമെന്നും നിസ്സാരവിലക്ക് തങ്ങൾക്ക് അത് കിട്ടുമെന്നുമാണ് കച്ചവടക്കാർ വിചാരിച്ചത്. എന്തു വഞ്ചനയാണതെന്ന് ആലോചിക്കണം.
കർഷകർ ഈ പിച്ചക്കാശ് വേണ്ടെന്നുവെച്ചു. ലക്ഷക്കണക്കിന് രൂപയുടെ തക്കാളി അവർ റോഡിൽ ചവിട്ടിക്കൂട്ടി. ഇതുവലിയ കാർഷിക ദുരന്തമാണ്. കർഷക ആത്മഹത്യകളെ കുറിച്ചു മാത്രമാണ് നമ്മൾ സംസാരിക്കുന്നത്. ആത്‌മഹത്യകളിലേക്ക് നയി ക്കുന്ന ഇത്തരം ദയാരഹിതമായ സംഗതികൾ കാണുന്നുമില്ല. ഹൃദയമില്ലാത്ത കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്നത്തെ മാർക്കറ്റ്. ഇവിടെയാണ് നമ്മൾ പുതിയ ഒരു കൃഷിരീതിയുമായി വരുന്നത്. ബുദ്ധിമുട്ടാണ് പിടിച്ചുനിൽക്കാൻ.
നമ്മൾ വാങ്ങുകയും കഴിക്കുകയും ചെയ്യുന്ന സാധനങ്ങളുടെ മൂല്യം എന്താണെന്ന് ആദ്യമറിയണം. വാങ്ങുന്നവരും വിൽക്കുന്നവരും കർഷകരും ഈ മൂല്യം അറിയണം. ആ ബന്ധത്തെയാണ് നമ്മൾ കാർഷിക സംസ്കാരം എന്നു പറയുന്നത്. മണ്ണ് ചതിക്കില്ലെന്ന് കർഷകരും വിലയിൽ ചതിയില്ലെന്ന് കച്ചവടക്കാരും വസ്‌തുക്കളിൽ വിഷമില്ലെന്ന് വാങ്ങുന്നവരും വിശ്വസിക്കുന്ന, പരസ്‌പര വിശ്വാസത്തിന്‍റെ സത്യസന്ധതയുടെ സംസ്‌കാരം. നിർഭാഗ്യവശാൽ അത് നമുക്ക് നഷ്‌ടപ്പെടുകയാണ്.
ഒന്നുമറിയാത്തവരായി, ഒന്നിനെക്കുറിച്ചും ആശങ്കയില്ലാത്തവരായി തീരുന്നത് അപകടമാണ്. സാക്ഷരത എന്നൊക്കെ അഭിമാനിക്കാറുണ്ടല്ലോ. അരുവിക്കരയിലെ പത്തു ശതമാനം പേർ അറിഞ്ഞിരുന്നില്ല കാർത്തികേയൻ മരിച്ചു എന്നത്. അങ്ങനെയുള്ള നാട്ടിലാണ് നമ്മൾ ജൈവ പച്ചക്കറിയെക്കുറിച്ച് സംസാരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.