ശ്രീനിവാസന് വിട നൽകി കൊച്ചി, മൃതദേഹം വസതിയിലേക്ക്; സംസ്കാരം നാളെ

കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ നാളെ ഉദയംപേരൂരിലെ വീട്ടുവളപ്പിൽ. സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക ബഹുമതികളോടെ നാളെ രാവിലെ പത്തിന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. എറണാകുളം ടൗണ്‍ ഹാളിലെ പൊതുദർശനം പൂർത്തിയാക്കി ഉദയംപേരൂരിലെ വീട്ടിലേക്ക് നടന്‍റെ മൃതദേഹം കൊണ്ടുപോയി. സിനിമ, രാഷ്ട്രീയ മേഖലയിലെ പ്രമുഖകരും പ്രദേശവാസികളും എറണാകുളം ടൗണ്‍ ഹാളിൽ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു. നിരവധിപ്പേരാണ് തങ്ങളുടെ പ്രിയ താരത്തെ അവസാനമായി കാണാൻ ഇപ്പോഴും കാത്തുനിൽക്കുന്നത്.


കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ശ്രീനിവാസൻ. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ വെച്ചാണ് അന്ത്യം. 69 വയസായിരുന്നു. ഇന്ന് രാവിലെ അസുഖം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മരണസമയത്ത് സ്ഥലത്തില്ലാതിരുന്ന മക്കളായ വിനീതും ധ്യാനും യാത്രകൾ റദ്ദാക്കി ആശുപത്രിയിലെത്തി. മോഹൻലാൽ, മമ്മൂട്ടി, സത്യൻ അന്തിക്കാട്, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, ആന്‍റണി പെരുമ്പാവൂർ തുടങ്ങി നിരവധിപ്പേരാണ് ടൗൺ ഹാളിൽ എത്തിയത്.

1976ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന സിനിമയിലൂടെയാണ് ശ്രീനിവാസന്‍ അഭിനയ രംഗത്തെത്തിയത്. 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നുവന്നു. 1989ൽ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രമായിരുന്നു ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. 1991ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെുന്ന ചിത്രമാണ്. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടി.   

Tags:    
News Summary - actor sreenivasan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.