സ്വകാര്യതയിലേക്കുള്ള ഗുരുതര കടന്നുകയറ്റം; എ.ഐ നിർമിത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നിവേദ തോമസ്

തന്റെ ഐഡന്റിറ്റി ദുരുപയോഗം ചെയ്ത് നിർമിച്ച എ.ഐ ചിത്രങ്ങളോട് പ്രതികരിച്ച് നടി നിവേദ തോമസ്. ഡിജിറ്റൽ ആൾമാറാട്ടം നിയമവിരുദ്ധവും സ്വകാര്യതയുടെ ലംഘനവുമാണെന്ന് നിവേദ തോമസ് പറഞ്ഞു. അത്തരം ഉള്ളടക്കങ്ങൾ പങ്കിടുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് താരം മുന്നറിയിപ്പ് നൽകി.

'എന്റെ ഐഡന്റിറ്റി ദുരുപയോഗം ചെയ്ത് എ.ഐയിൽ നിർമിച്ച ചിത്രങ്ങളും എന്റെ സോഷ്യൽ മീഡിയയിൽ ഞാൻ അടുത്തിടെ പങ്കിട്ട ഒരു ഫോട്ടോയും ഓൺലൈനിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമ്മതമില്ലാതെ അത്തരം ഉള്ളടക്കം സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നതും അസ്വീകാര്യവും നിയമവിരുദ്ധവുമാണ്. ഇത് ഡിജിറ്റൽ ആൾമാറാട്ടവും എന്റെ സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റവുമാണ്' -നിവേദ സമൂഹമാധ്യമത്തിൽ കുറിച്ചു.

നേരത്തെ, എ.ഐ ഉള്ളടക്കത്തിന്റെ അപകടങ്ങളെക്കുറിച്ച് നടി ശ്രീലീലയും പരാമർശിച്ചിരുന്നു. എഐ-യിൽ നിന്നുള്ള അസംബന്ധങ്ങളെ പിന്തുണക്കരുതെന്ന് എല്ലാ സോഷ്യൽ മീഡിയ ഉപയോക്താക്കളോടും അഭ്യർഥിക്കുന്നു എന്ന് അവർ പറഞ്ഞു. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനും ദുരുപയോഗം ചെയ്യുന്നതിനും ഇടയിൽ വ്യത്യാസമുണ്ട്. സാങ്കേതികവിദ്യയിലെ പുരോഗതി ജീവിതത്തെ ലളിതമാക്കാനാണ്. സങ്കീർണമാക്കാനല്ല എന്നാണ് തന്റെ അഭിപ്രായമെന്നും നടി കൂട്ടിച്ചേർത്തു.

വ്യക്തിപരമായ ഐഡന്റിറ്റികൾ ദുരുപയോഗം ചെയ്യുന്ന എ.ഐ ജനറേറ്റഡ് ചിത്രങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്ന് നിവേദ തോമസും ശ്രീലീലയും ആരാധകരോടും പൊതുജനങ്ങളോടും അഭ്യർഥിച്ചു. നിരവധി താരങ്ങളാണ് എ.ഐ ജനറേറ്റഡ് ഉള്ളടക്കങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നത്. തങ്ങളുടെ വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കാൻ താരങ്ങൾക്ക് നിയമത്തെ ആശ്രയിക്കേണ്ടിവരുന്നത് പതിവ് കാഴ്ചയാകുന്ന മോശം സാഹചര്യത്തിലേക്കാണ് എ.ഐയുടെ ദുരുപയോഗം നമ്മുടെ രാജ്യത്തെ എത്തിക്കുന്നത്.

Tags:    
News Summary - actor Nivetha Thomas warns legal action over AI deepfakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.