83-ാം പിറന്നാൾ ആഘോഷിക്കുന്ന നടൻ അമിതാഭ് ബച്ചന് ചെറുമകൾ ആരാധ്യ ബച്ചന്റെ ആശംസകൾ പങ്കുവെച്ച് നടി ഐശ്വര്യ റായി. അമിതാഭ് ബച്ചന്റെയും ആരാധ്യയുടെയും ചിത്രങ്ങളും ഐശ്വര്യ പങ്കിട്ടു. 'പ്രിയപ്പെട്ട പാ-ദാദാജിക്ക് ജന്മദിനാശംസകൾ. സ്നേഹവും ദൈവാനുഗ്രഹവും എപ്പോഴും ഉണ്ടാകട്ടെ' എന്ന കുറിപ്പോടെയാണ് ഐശ്വര്യ ആശംസകൾ പങ്കുവെച്ചത്.
അതേസമയം, പിറന്നാൾ ദിനത്തിലെ പതിവ് തെറ്റിക്കാതെ ‘ജൽസ’ക്കു പുറത്തു വന്ന് ആരാധകർക്കൊപ്പം അമിതാഭ് ബച്ചൻ സമയം ചെലവഴിച്ചു. പൂക്കളും പോസ്റ്ററുകളും കൈയിലേന്തി, മുംബൈ ജൂഹുവിലെ വസതിയായ ജൽസക്ക് മുന്നിൽ ശനിയാഴ്ച രാവിലെതന്നെ ആരാധകർ നിറഞ്ഞിരുന്നു. വൈകുന്നേരത്തോടെ, പൈജാമ കുർത്തക്ക് മുകളിൽ മഞ്ഞയും ഓറഞ്ചും കലർന്ന ജാക്കറ്റണിഞ്ഞ് പുറത്തുവന്ന ബോളിവുഡിന്റെ ബിഗ് ബി, എല്ലാവർക്കും അഭിവാദ്യം നേർന്നു. തുടർന്ന് ആൾക്കൂട്ടത്തിലേക്ക് ചെറുസമ്മാനങ്ങൾ എറിഞ്ഞു നൽകുകയും ചെയ്തു. പൂക്കൾ എറിഞ്ഞുനൽകിയും കൈവീശി അഭിവാദ്യം ചെയ്തും ആരാധകരും സ്നേഹാശംസ കൈമാറി.
ബോളിവുഡിന്റെ കാരണവർക്ക് പിറന്നാൾ ആശംസ നേർന്ന് ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളിട്ടത്. ഹിന്ദി സിനിമയിലെ വിവിധ തലമുറകൾ അദ്ദേഹത്തിന് ആശംസ നേർന്നു. ‘ഫോറെവർ റോക്സ്റ്റാർ’ എന്നാണ് നടി കജോൾ വിഷ് ചെയ്തത്. ഇപ്പോഴും അഭിനയരംഗത്ത് സജീവമായ ബച്ചന്റെ വൻകിട പ്രോജക്ടുകളടക്കം റിലീസ് ചെയ്യാനിരിക്കുകയാണ്.
വർഷങ്ങളായി പ്രേക്ഷകരുടെ വിശ്വാസത്തിന്റെയും സത്യസന്ധതയുടെയും പ്രതീകമായി തുടരുകയാണ് അമിതാഭ് ബച്ചൻ. അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 3600 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം അദ്ദേഹം 350 കോടി രൂപ സമ്പാദിച്ചുവെന്ന് റിപ്പോർട്ടുണ്ട്. ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും വലിയ നികുതിദായകരിൽ ഒരാളാക്കി മാറ്റി. സിനിമകൾ, ടെലിവിഷൻ, അംഗീകാരങ്ങൾ, നിക്ഷേപങ്ങൾ എന്നിവയിൽ നിന്നാണ് അദ്ദേഹത്തിന്റെ വരുമാനം ഒഴുകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.