ഐ.എഫ്.എഫ്.കെ വേദി
ഇന്ത്യൻ തൊഴിലാളി സ്ത്രീയുടെ നിത്യ സഹന ജീവിത യാഥാർഥ്യമാണ് സൗമ്യേന്ദ്ര സാഹിയും തനുശ്രീ ദാസും ചേര്‍ന്ന് സംവിധാനം ചെയ്ത ‘ഷാഡോബോക്‌സ്’ എന്ന ബംഗാളി സിനിമയിലുള്ളത്. സൈന്യത്തിൽനിന്ന് പിരിച്ചുവിടപ്പെട്ട സുന്ദർ എന്നയാൾക്ക് അൽപം മാനസിക വിഭ്രാന്തിയുണ്ട്. എല്ലാവരെയും എല്ലാത്തിനെയും ഭയമാണ്. തവളകളെ പിടിച്ച് കോളജ് സുവോളജി ലാബുകളിൽ വിൽക്കുകയാണ് പണി. മദ്യപിക്കുകയും ചെയ്യും. അതിനൊരാൾ കൂട്ടുണ്ട്. അയാൾ കൊല്ലപ്പെടുന്നു. സുന്ദർ ഒളിവിൽ പോകുന്നു. ഭാര്യയായ മായ സകല ചില്ലറ ജോലികളും ചെയ്താണ് കുടുംബം പോറ്റുന്നത്.
ഏക മകൻ ആകെ ചിന്താക്കുഴപ്പത്തിലാണ്. നിര്‍മിതബുദ്ധിയുടെ (എ.ഐ) മനുഷ്യാനന്തര ലോക-കാലവും ഝാര്‍ഖണ്ഡുപോലെ ലളിതവും പ്രാകൃതവുമായ ജീവിതം നിലനിൽക്കുന്ന ഇന്ത്യന്‍ അവസ്ഥയും തമ്മിലുള്ള അഭിമുഖീകരണമാണ് അരണ്യ സഹായ് സംവിധാനം ചെയ്ത ‘ഹ്യൂമന്‍സ് ഇന്‍ ദ ലൂപ്’ എന്ന സിനിമയുടെ കരുത്ത്. ശബ്ദങ്ങളില്‍നിന്ന് നിശ്ശബ്ദതയിലേക്കുള്ള ഒരു അഭയാർഥിത്വമാണ് അനുപര്‍ണ റോയ് സംവിധാനംചെയ്ത ‘സോങ്സ് ഓഫ് ഫൊര്‍ഗോട്ടണ്‍ ട്രീസ്’ (വെനീസില്‍ ഒറിസോന്റി അവാര്‍ഡ് നേടി). രണ്ടു പേരുടെ ആന്തരിക ജീവിതങ്ങള്‍, അവര്‍ മൗനങ്ങളിലൂടെ പരസ്പരം മനസ്സിലാക്കുന്നത്. തന്തവൈബുകാര്‍ക്ക് മനസ്സിലാകാത്ത പുതുകാല പ്രശ്‌നങ്ങളോടുള്ള അവരുടെ അഭിമുഖീകരണം എന്നിവയാണ് സിനിമയെ കരുത്തുറ്റതാക്കുന്നത്.
ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ‘തന്തപ്പേര്’ ചിത്രീകരണത്തിനിടെ
തമിഴ് സിനിമ ഏതാനും വർഷളായി തുടരുന്ന കീഴാളരുടെ ഇടിമുഴക്കങ്ങള്‍കൊണ്ട് ഇത്തവണയും മുഖരിതമായി. മാരി ശെല്‍വരാജ് സംവിധാനം ചെയ്ത ‘ബൈസണ്‍ കാലമാടന്‍’, കബഡി കളിക്കാരനായ മനാത്തി ഗണേശന്റെ (സിനിമയിലെ കിട്ടന്‍ എന്ന കഥാപാത്രം) യഥാർഥ കഥയാണ് പറയുന്നത്. ദലിത് ബഹുജനങ്ങളുടെ മുന്നേറ്റം എത്ര അടിത്തട്ടില്‍നിന്നാരംഭിക്കുന്നുവെന്നും ലോകത്തിന്റെ നെറുകയില്‍ അത് എത്തേണ്ടതുണ്ടെന്നുമുള്ള ചരിത്രബോധമാണ് ഈ സിനിമയുടെയും കരുത്ത്. മലയും മണ്ണും വെള്ളവും പിടിച്ചടക്കി മനുഷ്യരെ നിർമാർജനം ചെയ്യുന്ന ഏകാധിപതികൾക്കെതിരായ അന്തിമ സമരത്തിന്റെ നേർസാക്ഷ്യങ്ങളാണ് അതിയൻ അതിരൈ സംവിധാനം ചെയ്ത ‘ദണ്ഡകാരണ്യം’. പെരുമാൾ മുരുകന്റെ ‘കോടിത്തുണി’ എന്ന ചെറുകഥയെ ആസ്പദമാക്കി വിപിന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ‘അങ്കമ്മാൾ’ അമ്മനീറലുകളുടെയും ആത്മാഭിമാനത്തിന്റെയും അടിത്തട്ട് സിനിമയാണ്.
ബുസാൻ ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയ സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഖിഡ്കി ഗാവ്’ എന്ന മലയാളചിത്രം ഏറെ ശ്രദ്ധേയമാണ്. ഡൽഹി പോലൊരു നഗരത്തിൽ മധ്യവർഗക്കാരായ വിവാഹിതരല്ലാത്ത പുരുഷനും സ്ത്രീയും ഒന്നിച്ചുജീവിക്കുമ്പോൾ ഒരു ഘട്ടത്തിൽ വെച്ച് അവർക്ക് അഭയം നഷ്ടമാവുന്നു. അഭയാർഥികളെപ്പോലെ ഡൽഹിയിലെ വഴികളിലേക്ക് വലിച്ചെറിയപ്പെടുന്ന അവരുടെ സംഘർഷങ്ങളും പ്രണയം അവരുടെ ഉൾജീവിതത്തിൽ നിറക്കുന്ന സന്ദിഗ്ധതകളും ഏറെ കൈയടക്കത്തോടെ ഈ ചിത്രം അവതരിപ്പിക്കുന്നു. അത്രയും ആഴത്തിലുള്ള സ്ത്രീ-പുരുഷ ബന്ധത്തിനകത്ത് സ്ത്രീ അനുഭവിക്കുന്ന സുരക്ഷയെ സംബന്ധിച്ചുള്ള പിരിമുറുക്കത്തെയും ആ ബന്ധത്തിനകത്ത് പുരുഷൻ എല്ലായ്പോഴും സ്വീകരിക്കുന്ന സ്വാഭാവികമായ അലസതയെയും ആ തരത്തിൽ സുഗമമായ ഒരു ബന്ധത്തിന് അകത്തുതന്നെയുള്ള പുരുഷന്റെ പാട്രിയാർക്കിയലായ ഉത്തരവാദിത്തമില്ലായ്മയും അടക്കം സൂക്ഷ്മമായ സന്ദർഭങ്ങളെ ഈ ചിത്രം ഉൾക്കൊള്ളുന്നു.
സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ രേഖാ രാജാണ് ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ‘ഉടലാഴം’ എന്ന ചിത്രത്തിനുശേഷം ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത തന്തപ്പേര് (Life of phallus) എന്ന ചിത്രം ചോലനായ്ക്കർ സമുദായത്തിന്റെ അസ്തിത്വ ദുഃഖങ്ങളെ രാഷ്ട്രീയപരമായും സാമൂഹികപരമായും നോക്കുന്ന ചിത്രമാണ്. മാനുഷികവും ലൈംഗികവുമായ ഉട്ടോപ്യകളാണ് ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്ത ‘നാരായണീന്റെ മൂന്നാണ്‍മക്കളി’ലുള്ളത്. ആതിരയും നിഖിലും തമ്മിലുടലെടുക്കുന്ന സ്‌നേഹബന്ധം, സദാചാരവിരുദ്ധമോ ആചാരവിരുദ്ധമോ ഇനി അതൊന്നുമല്ലെങ്കില്‍ ബയോളജിക്കല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതോ ആണെന്ന തരത്തില്‍ കാണികള്‍ക്കിടയിലും അസ്വസ്ഥത രൂപപ്പെട്ടു. ഈ അസ്വസ്ഥത, ‘നാരായണീന്റെ മൂന്നാണ്‍മക്കള്‍’ എന്ന സിനിമയുടെ പ്രമേയം ഉദ്ദേശിച്ച ഫലം കണ്ടു എന്നതിന്റെ തെളിവാണ്.
ജാതിവെറിയുടെ ചരിത്ര-വർത്തമാന രേഖകൾകൊണ്ട് ഇന്ത്യയെയും കേരളത്തെയും നിർവചിക്കുകയാണ് വി.എസ്. സനോജ് ‘അരിക്’ എന്ന സിനിമയിലൂടെ. കണ്ടങ്കോരൻ പറയുന്നത് പോലെ, പഴയകാലത്ത് നേരിട്ട് തിരിച്ചറിയാമായിരുന്ന മർദകരുടെ ജാതിവെറി, ഇപ്പോൾ ഒളിപ്പിച്ചു വെക്കാനും പുരോഗമനവാദികളായി മുഖം മൂടിയണിഞ്ഞ് സകലരെയും കബളിപ്പിക്കാനും അവർക്ക് സാധിക്കുന്നുണ്ട്. സ്ഥലങ്ങളും കാലങ്ങളും കടന്നുള്ള ഒരാഖ്യാനത്തിലൂടെ, സ്വതന്ത്ര ഇന്ത്യയിലെ ഐക്യകേരളം എന്ന സാമൂഹിക സമൂഹത്തെയാണ് സനോജ് അടയാളപ്പെടുത്തുന്നത്.
അനുപർണ റോയ്
മലയാള സിനിമാ കാണി സിനിമ കാണുന്നത് മലയാള സിനിമയുടെതന്നെ ഓര്‍മ ചരിത്രത്തിന്റെ രേഖകള്‍കൊണ്ടും അനുബന്ധങ്ങള്‍ കൊണ്ടും അനുകരണങ്ങള്‍കൊണ്ടും പാരഡികള്‍കൊണ്ടും വിരുദ്ധോക്തികള്‍കൊണ്ടും പരിഹാസങ്ങള്‍കൊണ്ടും പുനരവതാരങ്ങള്‍കൊണ്ടും മറ്റും മറ്റുമാണ്. പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ഇത്തിരി നേര’വും തെളിഞ്ഞു വരുന്നത് മറ്റൊരു രീതിയിലല്ല. ഉറഞ്ഞും തറച്ചും പോയതാണെന്ന് സ്ഥാപിക്കപ്പെടുന്നുണ്ടെങ്കിലും ഉടയാനുള്ളതാണ് പഴം കാലങ്ങള്‍ എന്ന് വെളിപ്പെടുന്നു എന്നതാണ് പ്രധാനം. ഒരു പ്രത്യേക യൂനിവേഴ്‌സായി ആലോചിക്കപ്പെട്ടിട്ടുള്ള സൂപ്പര്‍ ഹീറോ/ഹീറോയിന്‍ സിനിമകളിലാദ്യത്തേതാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോകഃ ചാപ്റ്റര്‍ 1 ചന്ദ്ര’ എന്നുകരുതാം. മലയാളത്തിലെ നാടോടി കഥാപാരമ്പര്യത്തില്‍നിന്നാണ് ഇത്തരം സൂപ്പര്‍ഹീറോ/ഹീറോയിന്‍മാരെ കണ്ടെടുത്തിരിക്കുന്നത്.
അഞ്ചു മേളകളിലാണ് ഞാന്‍ 2025ല്‍ പങ്കെടുത്തത്. മഹാരാഷ്ട്രയിലെ സി.എസ് നഗറില്‍ (ഔറംഗബാദ്) നടന്ന അജന്ത എല്ലോറ ഫെസ്റ്റിവലിലും ഈജിപ്തിലെ എല്‍ഗോന ഫെസ്റ്റിവലിലും കുവൈത്തിലെ കല നടത്തിയ മൈക്രോ ഫിലിം ഫെസ്റ്റിവലിലും ജൂറിയായും ഗോവയിലെ ഇഫിയിലും മുപ്പതാമത് ഐ.എഫ്.എഫ്.കെയിലും പ്രതിനിധിയായും പങ്കെടുത്തു. ഇവിടെ നിന്നെല്ലാം കണ്ടതില്‍നിന്ന് ഏറ്റവും പ്രസക്തമായി തോന്നിയ ലോക സിനിമകളും അവയുടെ വിശേഷങ്ങളും ഇനി എഴുതാം. ജാഫര്‍ പനാഹിയുടെ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’ എന്ന പുതിയ സിനിമ, സമഗ്രാധിപത്യം, മർദനാധികാരവാഴ്ച, മതമൗലികവാദവും മതഭ്രാന്തും എന്നിങ്ങനെ ഇക്കാലത്ത് നാം നേരിടുന്ന ഭീകരയാഥാർഥ്യങ്ങളെ നിസ്സംശയം തുറന്നുകാട്ടുന്നു.
എന്താണ് പരിഹാരം? അത് വയലൻസിന്റേതല്ല എന്ന ആശയം മുന്നോട്ടുവെക്കുന്നതു കൊണ്ട് സിനിമക്കുള്ള ഒരു സന്ദേശം കൂടിയാണ് ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’. 2025ലെ കാന്‍ മേളയില്‍ പാം ഡി ഓര്‍ നേടിയ ഈ സിനിമ ഏറെക്കാലത്തെ വീട്ടുതടങ്കലിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിമോചനത്തിനുശേഷമുള്ള നിർണായക സിനിമയുമാണ്. സിമോൺ മേസ സോത്തോ സംവിധാനം ചെയ്ത എ പോയറ്റ് എന്ന കൊളംബിയൻ ഫീച്ചർ, സ്നേഹത്തിന്റെയും തിരിച്ചറിവിന്റെയും അരാജകത്വത്തിന്റെയും തോൽവിയുടെയും തെറ്റിദ്ധാരണയുടെയും മുതലെടുപ്പിന്റെയും അധികാരത്തിന്റെയും എല്ലാം ഭാഷയും നിമിത്തവും മാധ്യമവുമാകുന്ന കഥയാണ് പറയുന്നത്.
കവിതകൊണ്ട് പ്രശസ്തിയും പണവും നേടിയില്ലെങ്കിൽ എന്തുപ്രയോജനം എന്ന വിരോധാഭാസകരമായ ചോദ്യം ഉയർത്തുന്ന ‘എ പോയറ്റ്’, വിദ്യാർഥിനിയും അധ്യാപകനും തമ്മിലും മെന്ററും നവാഗത കവിയും തമ്മിലും ഒക്കെയുള്ള ബന്ധങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്നു. ഈജിപ്ഷ്യൻ തൊഴിലാളി വർഗ ജീവിതത്തിന്റെ സൂക്ഷ്മതകൾ കൃത്യമായി വിശദീകരിക്കുന്നതിനാലാണ് മൊഹമ്മദ് റഷാദിന്റെ ‘ദ സെറ്റിൽമെന്റ്’ എന്ന സിനിമ ശ്രദ്ധേയമായത്. ഫ്രാങ്കോ ഇറാഖി ചലച്ചിത്രകാരനായ അബ്ബാസ് ഫാഹ്ദെലിന്റെ ‘ടെയിൽസ് ഓഫ് ദ വൂണ്ടഡ് ലാൻഡി’ന് (ലബനാൻ) ലൊക്കാർണോ മേളയിൽ ഏറ്റവും നല്ല സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. വെറുപ്പിന് നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും, എന്നാൽ സ്നേഹത്തിന് അതിനേക്കാളും കാര്യങ്ങൾ ചെയ്യാൻ കഴിയും. അതുപോലെത്തന്നെയാണ് യുദ്ധത്തിന്റെ കാര്യവും. യുദ്ധത്തിന് ചെയ്യാനാവുന്നതിനേക്കാൾ സമാധാനത്തിനാണ് ചെയ്യാനാവുക.
മനുഷ്യരുടെ ശവശരീരങ്ങളോ മുറിഞ്ഞ ശരീരാവശിഷ്ടങ്ങളോ ചോരച്ചാലുകളോ ഒന്നും സിനിമയിലില്ല. ജീവിതവും അന്തിമവിജയവും തങ്ങൾക്കൊപ്പമാണെന്ന ലബനാൻകാരുടെ നിശ്ചയദാർഢ്യമാണ് ചിത്രത്തെ സവിശേഷമാക്കുന്നത്. അതേസമയം ദുരന്തത്തെ ഒരിക്കലും കാൽപനികവത്കരിക്കുന്നില്ല. അസാമാന്യ ദൈര്‍ഘ്യമുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ ലവ് ഡയാസ് കളറിൽ ദൈർഘ്യം കുറഞ്ഞ സിനിമയൊരുക്കിയതാണ് ‘മാഗെലൻ’.
16ാം നൂറ്റാണ്ടിൽ ഫിലിപ്പീൻസ് പിടിച്ചടക്കാൻ വന്ന പോർചുഗീസുകാരും അവരോട് പൊരുതുന്ന ആദിമനിവാസികളും തമ്മിലുള്ള പോരാട്ടമാണ് ഇതിവൃത്തം. ചരിത്ര യാഥാർഥ്യത്തിന്റെ ആത്മാർഥ സിനിമയാണ് ഹാസന്‍ ഹാദി സംവിധാനം ചെയ്ത ‘ദ പ്രസിഡന്റ്സ് കേക്ക്’. വിസ്ഫോടനകരമായ രൂപകങ്ങളിലൂടെ സ്ത്രീ ശരീരത്തെ എങ്ങനെ മതം ആചാരങ്ങൾ, ദൈവഭയം, സമൂഹം, ആണധികാരങ്ങൾ, അവയുടെ കാഴ്ച എന്നിവ സങ്കീർണമാക്കുന്നു എന്നതിന്റെ ശക്തവും കൃത്യവും ആയ ആഖ്യാനമാണ് ഫരീദ ബാക്കി സംവിധാനം ചെയ്ത ‘ദ വിഷ്വല്‍ ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ (സിറിയ) എന്ന സിനിമയുടെ സവിശേഷത. ഈ മേളകളില്‍നിന്നും മറ്റ് പൊതു സിനിമാശാലകളില്‍നിന്നും ഒ.ടി.ടിയില്‍നിന്നുമായി കണ്ട ഇന്ത്യന്‍, മലയാളം സിനിമകളില്‍ ശ്രദ്ധേയമായവയാണ് ഇനി പരാമര്‍ശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.