ചിതലുതിന്നൊരോർമ്മപ്പുസ്തകത്തിൽ
ചിതറിക്കിടപ്പുണ്ടായിരുന്നു നീ
ഓരോ താളിലുമെൻ ഹൃദയരക്തം
തൊട്ടുതൊട്ടു വരച്ചിരുന്നു നിന്നെ
നിറമായിരുന്നു നീയെന്റെ ജീവന്റെ
നിറവായിരുന്നെന്നിരുളിൽ തെളിയും
നിറനിലാവിൻ കുളിരായിരുന്നു
നിന്നെയോർക്കാത്ത പകലിരവുകൾ
എന്നിലില്ലായിരുന്നു എന്നിട്ടുമെന്തേ
നമ്മളിത്രമേലന്യരായകന്നുപോയി
മറവിപിറക്കാത്ത രാവുകളിൽ
മദിരയുണ്ടിട്ടുമുണ്ടിട്ടുമൊട്ടും
മധുരമാകുന്നില്ല കിനാക്കളും
വൃദ്ധശയ്യയിലസ്ഥിരൂപം
വ്യർത്ഥസ്വപ്നങ്ങൾ കാണുന്നു
മസ്തകമുളങ്കാടുപൂക്കുന്നീ മര-
മസ്തമയച്ചോപ്പുപുതയ്ക്കുന്നു
ഇഷ്ടങ്ങളെല്ലാമിരുളിൽ മരിക്കുന്ന
നഷ്ടകാലമെൻ ശിഷ്ടജീവിതം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.