അവസാനശ്വാസം വരെ തന്റെ കർമ മണ്ഡലത്തിൽ സജീവമായിരിക്കുകയെന്നത് ടി.കെ.ഡി. മുഴുപ്പിലങ്ങാടിന്റെ കാര്യത്തിൽ അതിശയോക്തിപരമല്ല. 80 വയസ്സുള്ള ശരീരവും 18 വയസ്സുകാരന്റെ മനസ്സുമാണെനിക്ക് എന്നാണ് ടി.കെ.ഡി എപ്പോഴും പറഞ്ഞിരുന്നത്. അവസാന ശ്വാസത്തോളം കലാസാഹിത്യ സംബന്ധമായ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി. ഒരു സാഹിത്യ പരിപാടി കഴിഞ്ഞു തിരിച്ചു വരവേ റോഡ് മുറിച്ചു കടക്കുമ്പോഴാണ് മരണത്തിലേക്ക് നയിച്ച വാഹനാപകടമുണ്ടായത്. പരിക്കിൽനിന്ന് മുക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു നാട്. ഒടുവിൽ ടി.കെ.ഡി വിടവാങ്ങിയെന്ന വാർത്ത നാട് ശ്രവിച്ചു.
മലയാള കലാസാഹിത്യ രംഗത്ത് വിശ്രമമില്ലാതെ പ്രയത്നിച്ച് സർവ മേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ച പ്രതിഭയാണ് ടി.കെ.ഡി. ഏഴ് പതിറ്റാണ്ട് എഴുത്തിലും വേദിയിലും അണിയറയിലും പ്രസാധന രംഗത്തും ഏകാന്ത തേരാളിയായി നിലകൊണ്ടു.
വിഷയത്തിന്റെ ആധികാരികതയെ ഒട്ടും വികലമാക്കാതെ ലക്ഷണമൊത്ത പ്രഭാഷകനായിരുന്നു അദ്ദേഹം. ആ പ്രഭാഷണ ശൈലി പലപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. പ്രായം തളർത്താത്ത സജീവതയാണ് ടി.കെ.ഡിയെ വേറിട്ടുനിർത്തുന്നത്.
നാടക രചന- സംവിധാനം, കഥാകാരൻ, കവി, സാഹിത്യ നിരൂപകൻ, ചരിത്രകാരൻ, ബാലസാഹിത്യം, പുരാണ കഥകളുടെ പുനരാഖ്യാനം, അനുഷ്ഠാന കലകളുടെ ഗവേഷകൻ, യാത്രാ വിവരണം, മാപ്പിള കലാസാഹിത്യ പ്രവർത്തകൻ തുടങ്ങി ടി.കെ.ഡി കൈ വെക്കാത്ത മേഖലകളില്ല.
പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിത സന്ദേശത്തെ ഹൃദ്യമായ ശൈലിയിൽ രചിച്ച കൃതിയാണ് ‘വഴിവിളക്ക്’. സ്വതന്ത്ര പത്രപ്രവർത്തന രംഗത്ത് ടി.കെ.ഡി സാഹസികയജ്ഞം തന്നെ നടത്തി. എക്സ്റേ, നവത (സമ്പൂർണ നോവൽ മാസിക) നവതമാസിക, ബാലകഥാമാസിക എന്നിങ്ങനെ അഞ്ചിലധികം ആനുകാലികങ്ങൾ വർഷങ്ങളോളം കണ്ണൂരിൽ നിന്നും മുഴപ്പിലങ്ങാട് നിന്നുമായി പ്രസിദ്ധീകരിച്ചിരുന്നു. ഇവയുടെ എഴുത്തുകാരനും അച്ചുനിരത്തുന്നതും പ്രൂഫ് റീഡിങ്ങും പ്രിന്റിങ് ജോലിയുമെല്ലാം നിർവഹിച്ചിരുന്നത് ഇദ്ദേഹം ഒറ്റക്കായിരുന്നു.
കലാസാഹിത്യത്തിന്റെ ഭൂമികയിൽ തന്റെ നിയോഗം നിറവേറ്റിയ ടി.കെ.ഡി, കലാസാഹിത്യമേഖലയെ സജീവമാക്കുന്നതിൽ എപ്പോഴും മുമ്പിൽ നിന്നു. ശരീരഭാഷ കൊണ്ടും ശാരീരം കൊണ്ടും എളിമയുടെ ആൾരൂപമായി. സ്വപ്രയത്നം കൊണ്ട് സാധിച്ചെടുത്ത സാഹിതീ സമ്പത്താണ് ടി.കെ.ഡിയുടെ കൈമുതൽ.
(തനിമ കലാസാഹിത്യ വേദി കണ്ണൂർ ജില്ല മുൻ പ്രസിഡന്റാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.