നാളെ ഇല്ലാത്ത കലണ്ടർ

റെയിൽവേ സ്റ്റേഷനു സമീപമുള്ള പഴയ പുസ്തകക്കടയിൽനിന്നാണ് അയാൾ ആ കലണ്ടർ വാങ്ങിയത്. അതൊരു സാധാരണ കലണ്ടറായിരുന്നില്ല. തീയതികളുണ്ടായിരുന്നു. മാസങ്ങളുണ്ടായിരുന്നു. ഞായറാഴ്ചകൾ ചുവപ്പിൽത്തന്നെ അടയാളപ്പെടുത്തിയിരുന്നു. പക്ഷേ, അതിൽ ഒരു വിചിത്രത ഉണ്ടായിരുന്നു. ‘നാളെ’ എന്നൊരു ദിവസം അതിലില്ലായിരുന്നു.

കടക്കാരനോട് അയാൾ ചോദിച്ചു.

‘ഇത് അച്ചടിപ്പിശകാണോ?’

വൃദ്ധൻ കണ്ണട മാറ്റിവെച്ച് ചിരിച്ചു.

‘അല്ല... അതാണ് ഈ കലണ്ടറിന്റെ പ്രത്യേകത.’

‘പിന്നെ നാളെ എവിടെ?’

‘മനുഷ്യർ എപ്പോഴെങ്കിലും നാളെയിൽ ജീവിച്ചിട്ടുണ്ടോ?’

ആ ചോദ്യം അയാളെ പിന്തുടർന്നു.

വീട്ടിലെത്തി അയാൾ കലണ്ടർ ചുമരിൽ തൂക്കി. ആദ്യ ദിവസം അവൻ ഇന്നത്തെ തീയതി വട്ടമിട്ടു. ‘നാളെ മുതൽ വ്യായാമം തുടങ്ങണം.’ അവൻ മനസ്സിൽ പറഞ്ഞു. പക്ഷേ, കലണ്ടറിൽ നാളെ ഇല്ലായിരുന്നു.

അടുത്ത ദിവസം...‘നാളെ അച്ഛനെ വിളിക്കണം.’ വീണ്ടും കലണ്ടർ നോക്കി. നാളെ ഇല്ല.

അതിനുശേഷം...

‘നാളെ പുസ്തകം എഴുതിത്തുടങ്ങാം.’

‘നാളെ പഴയ സുഹൃത്തിനെ കാണാം.’

‘നാളെ കുറച്ച് സമയം മക്കളോടൊപ്പം ഇരിക്കാം.’

ഓരോ തീരുമാനത്തിന്റെയും അവസാനം ഒരു ‘നാളെ’ ഉണ്ടായിരുന്നു. പക്ഷേ ചുമരിലെ കലണ്ടർ നിശ്ശബ്ദമായി ചിരിച്ചു.

മാസങ്ങൾ കടന്നുപോയി. ഒരു ദിവസം ഫോൺ വന്നു. അച്ഛൻ മരിച്ചു. അയാൾ ഏറെ നേരം ചുമരിലെ കലണ്ടറിന് മുന്നിൽനിന്നു. അവസാനം സംസാരിച്ചത് എപ്പോഴാണെന്ന് ഓർക്കാൻ ശ്രമിച്ചു. ഓർമയിൽ വന്നത് ഒരു വാചകം മാത്രം.

‘നാളെ വിളിക്കാം...’

ആ നാളെ ഒരിക്കലും വന്നില്ല.

അന്ന് ആദ്യമായി അയാൾ ആ കലണ്ടറിന്റെ രഹസ്യം മനസ്സിലാക്കി. മനുഷ്യൻ ജീവിതത്തിലെ ഏറ്റവും വലിയ നുണ പറയുന്നത് മറ്റുള്ളവരോടല്ല. സ്വന്തത്തോടാണ്.

‘നാളെ.’

ആ വാക്ക് സമയം കണ്ടുപിടിച്ചതല്ല. നഗരത്തിലൂടെ നടക്കുമ്പോൾ അയാൾ മനുഷ്യരെ ശ്രദ്ധിച്ചു. എല്ലാവരും എങ്ങോട്ടോ ഓടുന്നു. ഒരാൾ പണം സമ്പാദിക്കുന്നത് പിന്നീട് ജീവിക്കാനായി. മറ്റൊരാൾ ആരോഗ്യം നഷ്ടപ്പെടുത്തുന്നത് പിന്നീട് ആരോഗ്യം വീണ്ടെടുക്കാനായി. ഒരാൾ കുടുംബത്തെ മാറ്റിനിർത്തുന്നത് പിന്നീട് കുടുംബത്തോടൊപ്പം ജീവിക്കാനായി. മറ്റൊരാൾ യൗവനം മുഴുവൻ ഭാവിക്കുവേണ്ടി ചെലവഴിക്കുന്നത് വാർധക്യത്തിൽ പഴയ ഓർമകൾ എണ്ണാനായി.

അപ്പോൾ അയാൾക്ക് തോന്നി, മനുഷ്യൻ ഒരിക്കലും വർത്തമാനകാലത്തിൽ ജീവിക്കുന്നില്ല. അവൻ ഇന്നലെയെക്കുറിച്ച് പശ്ചാത്തപിക്കുകയോ നാളെയെക്കുറിച്ച് ഉത്കണ്ഠപ്പെടുകയോ ചെയ്യുന്നു. ഇന്ന് മാത്രം അവന്റെ ജീവിതത്തിൽ അതിഥിയായി കടന്നുപോകുന്നു.

ഒരു സായാഹ്നത്തിൽ മഴ പെയ്യുകയായിരുന്നു.അയാൾ വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു. കൊച്ചുമകൻ ഓടിവന്ന് ചോദിച്ചു.

‘മുത്തച്ഛാ, മഴ നാളെ ഉണ്ടാകുമോ?’

അയാൾ കുറച്ചുനേരം മിണ്ടിയില്ല.

പിന്നെ മഴയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

‘എനിക്കറിയില്ല മോനേ... പക്ഷേ ഇന്ന് മഴയുണ്ട്. വാ... നനയാം.’

കൊച്ചുമകൻ കൈപിടിച്ച് മഴയിലേക്ക് ഓടി. ആ നിമിഷം വർഷങ്ങൾക്കുശേഷം അയാൾ ആദ്യമായി ചിരിച്ചു. കാരണം, അവൻ മനസ്സിലാക്കിയിരുന്നു. ജീവിതം മാറ്റിമറിക്കുന്നത് വലിയ തീരുമാനങ്ങളല്ല. ഒരിക്കലും വരാത്ത നാളെയെ ഉപേക്ഷിച്ച് ഇന്നിലേക്ക് മടങ്ങിവരുന്ന ഒരു ചെറിയ നിമിഷമാണ്.

കുറച്ച് മാസങ്ങൾക്കുശേഷം അയാൾ മരിച്ചു. വീട് വൃത്തിയാക്കുമ്പോൾ മകൻ ആ പഴയ കലണ്ടർ കണ്ടെടുത്തു. പിന്നിൽ പെൻസിൽകൊണ്ട് എഴുതിയ ഒരു കുറിപ്പ്.

‘ജീവിതം എനിക്ക് വർഷങ്ങൾ തന്നു. ഞാൻ അവയെ നാളെക്കായി മാറ്റിവെച്ചു. ഒടുവിൽ മനസ്സിലായത്, എനിക്ക് നൽകിയിരുന്നത് ‘ഇന്ന്’ മാത്രമാണെന്ന്.’

മകൻ ഏറെനേരം ആ വരികൾ നോക്കിനിന്നു. പിന്നെ കലണ്ടർ മടക്കി അലമാരയിൽ വെച്ചില്ല. വീണ്ടും ചുമരിൽ തന്നെ തൂക്കി. കാരണം, ചില കലണ്ടറുകൾ തീയതികൾ കാണിക്കാനല്ല. ജീവിതം എവിടെയാണ് നഷ്ടപ്പെടുന്നതെന്ന് ഓർമിപ്പിക്കാനാണ്.

Tags:    
News Summary - A calendar without tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.