വയലിന് നടുവിലൂടെയുള്ള ആ ചെമ്മൺ പാതയിലൂടെ നടക്കുമ്പോൾ കൽപന അവന്റെ കൈത്തണ്ടയിൽ മുറുക്കി പിടിച്ചിരുന്നു. സമയം അഞ്ചു മണിയോടടുക്കുന്നു. മുന്നോട്ടു നടന്നപ്പോൾ കുറച്ചു സ്ത്രീകൾ തലയിൽ ചുള്ളികളുമായി എതിരെ വരുന്നുണ്ടായിരുന്നു. അവർ കാർത്തിയേയും കൽപനയെയും ശ്രദ്ധിച്ചുനോക്കി അവരോടായി പറഞ്ഞു. “നേരം ഇരുട്ടറായി, വല്ല കാട്ടുപന്നിയോ മറ്റോ ഇറങ്ങും. നിങ്ങള് തിരിച്ച് നടന്നോളീ”
അവരുടെ നോട്ടവും ഭാവവും പിന്നെ ശകാരമട്ടിലുള്ള സംസാരവും രണ്ടാൾക്കും രസിച്ചില്ല. വകവെക്കാതെ മുന്നോട്ട് നടന്നപ്പോൾ കുറച്ചകലെ ചെറിയൊരു വെള്ളച്ചാട്ടം. മുകളിലെ പാറക്കൂട്ടങ്ങളിൽ തട്ടി താഴേക്ക് പതിക്കുന്ന മനോഹര കാഴ്ച… ആ മലനിരകൾ ഹോസ്റ്റലിലെ ജനാലകൾക്ക് പിന്നിൽനിന്ന് കാണുന്നതിനെക്കാൾ വലുതും മനോഹരവുമായി കാണപ്പെട്ടു.“നമുക്ക് മുകളിലേക്ക് കയറിയാലോ “കൽപനയുടെ ആഗ്രഹം വേണ്ടെന്നുവെക്കാൻ എന്തുകൊണ്ടോ കാർത്തിയുടെ മനസ്സനുവദിച്ചില്ല.
രണ്ടാളും മുകളിലേക്ക്..ചെറിയ കുറ്റിച്ചെടികൾ..ചെങ്കുത്തായ പാറകൾ..മേൽപ്പോട്ട് പിടിച്ചുകയറി കാർത്തി അവൾക്കുനേരെ കൈനീട്ടി. അവന്റെ കൈകൾ അവളെ പലപ്പോഴും തെന്നിവീഴാതെ താങ്ങിനിർത്തി. മുകളിൽ നല്ല കാറ്റ്! അകലെ കോളേജും ഹോസ്റ്റലും വയലുകളിൽനിന്ന് കാലികളുമായി നീങ്ങുന്ന മനുഷ്യരും അസ്തമയസൂര്യന്റെ ശോഭയിൽ സുന്ദര ദൃശ്യങ്ങളായിരുന്നു. പരസപരം ചാരി സൂര്യനെ നോക്കിയിരിക്കുന്ന രണ്ടുപേർ..പ്രണയം ചുവപ്പിച്ച സന്ധ്യക്കുമേൽ ഇരുട്ട് വീണത് അവർ അറിഞ്ഞില്ല..
“എണീക്കൂ, ഒരുപാട് വൈകി’’ അവൻ തിരക്ക് പിടിച്ചെഴുന്നേറ്റുകാർത്തി അവളെയും കൊണ്ട് താഴേക്കിറങ്ങി. കുത്തനെയുള്ള പാറക്കെട്ടുകൾ.. കാൽ വേച്ചുപോകുന്നു...തിരിച്ചിറങ്ങാൻ എളുപ്പമല്ലെന്ന് ബോധ്യപ്പെട്ടു രണ്ടാൾക്കും. “കാർത്തി എനിക്ക് താഴേക്ക് നോക്കുമ്പോ തല കറങ്ങുന്നെടാ”
പേടിയോടെ അവന്റെ കൈത്തണ്ടയിൽ മുറുക്കി പിടിച്ചു കൽപന.. ചുറ്റും കീരികളുടെയും ചീവീടിന്റെയും ശബ്ദം.. പുറകോട്ടു ചാഞ്ഞ് ഇറങ്ങുമ്പോൾ പല പ്രാവശ്യം ചുവടുപിഴച്ചു കൽപനക്ക്. ഏറെ പണിപ്പെട്ട് ഏറെ നേരമെടുത്ത് ചുവട്ടിലെത്തുമ്പോൾ കുഴഞ്ഞുവീണു താഴ്വാരത്തെ പുല്ലിലേക്ക്…അടഞ്ഞുപോകുന്ന കണ്ണുകളിൽ അവസാന കാഴ്ചയായി അകലെ വരി വരിയായി ചൂട്ടുവെട്ടങ്ങൾ!!
“കുട്ടികളേ, എന്തിനാണ് ആരോടും പറയാതെ ഇങ്ങോട്ടു പോന്നത്, നല്ല കാറ്റാണ് മുകളിൽ അപകടങ്ങൾ പലതും നടന്നിട്ടുണ്ട്…ശാസനയും കരുതലും വേദനയുമുള്ള ഏതോ ശബ്ദങ്ങൾ!!രണ്ടാളെയും ചുമന്നു ആൾക്കൂട്ടം നടന്നകലുമ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പിട്ട് ചുള്ളിക്കമ്പുകൾ പിന്നെയും തലയിലേറ്റി വേഗത്തിൽ തിരിച്ചുനടന്ന നാട്ടുപെൺമകൾ…അകലെ അവരെയും കാത്തിരിക്കുന്ന കുഞ്ഞുകണ്ണുകൾ…പ്രതീക്ഷയുടെ ഇത്തിരി വെളിച്ചങ്ങൾ…
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.