ന്യൂഡൽഹി ഭാരതമണ്ഡപത്തിലെ ലോക പുസ്തകമേളയിൽ ഖത്തർ സംഘടിപ്പിച്ച സാഹിത്യ സദസ്സിൽ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് എഡിറ്റർ വി.എ കബീർ വിഷയം അവതരിപ്പിക്കുന്നു
ന്യൂഡൽഹി: ഇന്ത്യയെ സ്നേഹിച്ച സർഗാധനൻമാരായ നിരവധി അറബ് നയതന്ത്ര പ്രതിനിധികളുണ്ടെന്നും ഗൾഫ് നാടുകളിൽ നിന്നുള്ളവർ ഇന്ത്യൻ നാടക മേഖലക്ക് അവർ അതുല്യമായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ടെന്നും ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് എഡിറ്റർ വി.എ കബീർ. ലോക പുസ്തകമേളയിൽ ഇപ്രാവശ്യത്തെ വിശിഷ്ടാതിഥികളായ ഖത്തർ ന്യൂഡൽഹി ഭാരത മണ്ഡപത്തിൽ ഒരുക്കിയ സാഹിത്യ ചർച്ചയിൽ വിഷയാവതരണം നടത്തുകയായിരുന്നു വി.എ കബീർ.
ഗൾഫ് നാടക മേഖലയെ കുറിച്ച് പറയുമ്പോൾ ഇന്ത്യൻ തിയറ്ററുകളുടെ പിതാവ് ഇബ്രാഹിം അൽ ഖാദിയുടെ നാമം മറക്കാനാകാത്തതാണെന്ന് വി.എ കബീർ അഭിപ്രായപ്പെട്ടു. പല ഇന്ത്യക്കാർക്കും സൗദികൾക്കും തന്നെയും അദ്ദേഹത്തിന്റെ സൗദി വേരുകളെ കുറിച്ച് അറിയില്ലെന്ന് കബീർ പറഞ്ഞു.
ഗൾഫിലെ ഇന്ത്യൻ നാടകങ്ങളുടെ പിതാവായ ഇബ്രാഹിം അൽ ഖാദിയുടെ പിതാവ് ഹമദ് അലി അൽ ഖാദി, സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ഉനൈസയിൽ നിന്ന് ബ്രിട്ടീഷുകാലത്ത് വ്യാപാരത്തിനായി മഹാരാഷ്ട്രയിലെ പൂനെയിലെത്തിയതാണെന്ന് വി.എ കബീർ കൂട്ടിച്ചേർത്തു. മാതാവ് കുവൈത്തി ആയിരുന്നു. ജനിച്ചതും വളർന്നതും പൂനയിൽ തന്നെ. പൂനെ സെൻറ് സേവിയർ കോളേജിൽ നിന്ന് ബിരുദം നേടി ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയ ഇബ്രാഹിം അൽ ഖാദി അവിടെ വെച്ച് ജവഹർലാൽ നെഹ്റുവിനെ കണ്ടു.
ലണ്ടനിലെ പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ പോയി ഇന്ത്യൻ നാടക രംഗത്തേക്ക് നടന്മാരെ പരിശീലിപ്പിക്കുന്നതിന് ഒരു സ്ഥാപനം ആരംഭിക്കാൻ നെഹ്റു ഇബ്രാഹിമിനോട് ആവശ്യപ്പെട്ടു. ഇതിനെ ഭൂമി നൽകാമെന്നും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി വാഗ്ദത്തം ചെയ്തു. അതുകൊണ്ടാണ് തൻറെ കുടുംബം മുഴുവൻ ഇന്ത്യ വിട്ടു പോയിട്ടും ഇന്ത്യൻ നാടക മേഖലക്ക് തന്റെ ജീവിതം ഉഴിഞ്ഞുവെച്ച് 2020ൽ മരണപ്പെടുന്നത് വരെ അദ്ദേഹം ഇന്ത്യയിൽ തന്നെ കഴിഞ്ഞത്. ന്യൂഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഖാസി ഫൗണ്ടേഷൻ ആർട്ട് ഹെറിറ്റേജ് ഗ്യാലറി എന്നിവ അദ്ദേഹത്തിൻറെ സ്മാരകങ്ങളാണെന്നും കബീർ കൂട്ടി ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.