പ്രഫ. മോഹൻ കുണ്ടാർ, ‘ചെമ്മീൻ’കന്നട വിവർത്തന പുസ്തകത്തിന്റെ കവർ
ബംഗളൂരു: മലയാളത്തിന്റെ ഇതിഹാസ രചനയായ തകഴിയുടെ ‘ചെമ്മീൻ’നോവലിന് കന്നട പരിഭാഷയൊരുക്കിയതിലൂടെ പുരസ്കാര ജേതാവായി പ്രഫ. മോഹൻ കുണ്ടാർ. ബംഗളൂരു രവീന്ദ്ര കലാക്ഷേത്രയിൽ നടന്ന ദ്രാവിഡ ഭാഷ ട്രാൻസ് ലേറ്റേഴ്സ് അസോസിയേഷന്റെ (ഡി.ബി.ടി.എ) നാലാം വാർഷിക ചടങ്ങിൽ പ്രഫ. മോഹൻ കുണ്ടാർ പുരസ്കാരം ഏറ്റുവാങ്ങി.
കാസർകോട് ജില്ലയിലെ ആതൂര് ഗ്രാമത്തിലെ കുണ്ടാറിൽ ജനിച്ച മോഹൻ നിലവിൽ ഹംപി സർവകാലശാലയിൽ പ്രഫസറാണ്. വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി. വാസുദേവന്‍ നായര്‍, ഉറൂബ് തുടങ്ങി നിരവധി പ്രമുഖ സാഹിത്യകാരന്മാരുടെ പ്രശസ്ത കൃതികള്‍ കന്നട ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഇ. ഹരികുമാറിന്റെ മുഴുമിക്കാത്ത ഒരു യാത്ര എന്ന ചെറുകഥയിലൂടെയാണ് വിവർത്തന കലയിൽ മോഹനന്റെ തുടക്കം. പി. വത്സല, ഒ. ചന്തുമേനോന്‍, അപ്പു നെടുങ്ങാടി എന്നിവരുടെ കഥകളും ശ്രീകുമാരന്‍ തമ്പി, പി. നാരായണ കുറുപ്പ്, ഡി. വിനയചന്ദ്രന്, ദേശമംഗലം രാമകൃഷ്ണന് എന്നിവരുടെ കവിതകളും തര്‍ജമ ചെയ്തു. കൂടാതെ തെയ്യം, യക്ഷഗാനം, കാസർകോട് ഭാഷ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും എഴുതി.
ഹംപി സർവകലാശാലയിൽ പ്രഫസറായി ജോലിചെയ്യുന്ന സമയത്ത് മലയാളം പുസ്തകങ്ങള്‍ കൂടുതലായി വായിക്കാന്‍ തുടങ്ങി. തകഴിയുടെ ചെമ്മീനിന്റെ ആദ്യ കന്നട തർജമയായ ‘കെംപു മീൻ’ സര്‍വകലാശാലയില്‍ എം.എ വിദ്യാര്‍ഥികള്‍ക്ക് സിലബസിൽ ഉണ്ടായിരുന്നു. അതിൽ ഭാഷാപരമായി ധാരാളം തെറ്റുകൾ വന്നതായി അദ്ദേഹം കണ്ടെത്തി. ഈ കുറവുകള്‍ നികത്തി മറ്റൊരു വിവർത്തനം ആവശ്യമാണെന്ന് തോന്നി. മലയാളത്തിലുള്ള ചെമ്മീന്‍ എന്ന നോവല്‍ മലയാളികള്‍ക്ക് ഏതുതരത്തില്‍ അനുഭവവേദ്യമാകുന്നുവോ അതേ തരത്തില്‍ കന്നടഭാഷയില്‍ പരിഭാഷപ്പെടുത്തണമെന്നായിരുന്നു ആഗ്രഹം.
നിരവധി പ്രയാസങ്ങള്‍ സഹിച്ചാണ് തന്റെ ഉദ്യമം. ‘ചെമ്മീന്‍’നോവലിന്റെ പ്രസിദ്ധീകരണത്തിന് 56 വര്‍ഷത്തിന് ശേഷമാണ് മോഹൻ കുണ്ടാറിന്റെ തര്‍ജമ പുറത്തിറങ്ങിയത്. ‘ചെമ്മീനി’ലെ ഭാഷ എന്ന രീതിയിലാണ് മലയാളഭാഷയെ പുറംനാടുകളിലെ സാഹിത്യ ലോകത്ത് അറിയപ്പെടുന്നത് എന്നതാണ് ചെമ്മീൻ നോവലിന്റെ പ്രസക്തി എന്ന് അദ്ദേഹം പറയുന്നു.
നോവലിലെ ചില പ്രത്യേക പദങ്ങൾക്ക് തത്തുല്യമായ കന്നട പദങ്ങൾ കണ്ടെത്താൻ വിഷമം അനുഭവിച്ചതായി അദ്ദേഹം ഓര്‍ക്കുന്നു. ചില പദങ്ങൾ, പ്രത്യേകിച്ചും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വാക്കുകളാണ് ചെമ്മീന്‍ നോവലില്‍ തകഴി ഉപയോഗിച്ചത്. അവക്ക് തത്തുല്യമായ കന്നട പദങ്ങൾ കണ്ടെത്താൻ വേണ്ടി പല സ്ഥലങ്ങളിലും അലഞ്ഞു. മംഗളൂരു പോലുള്ള തീരപ്രദേശങ്ങളിൽ പോയി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആളുകളോട് സംസാരിക്കുകയും മത്സ്യത്തൊഴിലാളികളുടെ ജീവിതം ആസ്പദമാക്കി കന്നടയിൽ രചിക്കപ്പെട്ട നോവലുകൾ വായിച്ച് കന്നട സംസ്കാരത്തിൽ മത്സ്യത്തൊഴിലാളികളുടെ ജീവിതം മനസ്സിലാക്കിയ ശേഷമാണ് വിവർത്തനത്തിന് തുടക്കം കുറിച്ചത്.
പദാനുപദ വിവർത്തനം ചെയ്താൽ ഒരിക്കലും കന്നട സംസ്കാരത്തിലുള്ളവർക്ക് മലയാളനോവലിന്റെ ഭാഷാഭംഗി മനസ്സിലാക്കാൻ സാധിക്കില്ല എന്നതിനാൽ കർണാടകയിലെ മത്സ്യബന്ധനം ഉപജീവനം ആക്കിയവരുടെ സംസ്കാരം മനസ്സിലാക്കിയുള്ള പരിഭാഷയാണ് നിർവഹിച്ചത്. ഈയൊരു രീതി അവലംബിച്ചതുകൊണ്ട് വർഷങ്ങൾ എടുത്താണ് പല പരിഭാഷകളും പൂർത്തീകരിച്ചത്. ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’, എം.ടിയുടെ കഥകളുമെല്ലാം ഇത്തരത്തിൽ ഒരുപാട് സമയമെടുത്താണ് പൂർത്തീകരിച്ചത്.
ഇത്തരം നോവലുകളിലെല്ലാം പ്രാദേശികമായ ചില പഴഞ്ചൊല്ലുകളും വർത്തമാനങ്ങളും ഉണ്ട്. പദാനുപദ പരിഭാഷ ചെയ്താൽ ഒരിക്കലും വായനക്കാരന് പൂര്‍ണമായും ഉൾക്കൊള്ളാനാവില്ല. അത്തരം സന്ദർഭങ്ങളിൽ കന്നട ഭാഷയിൽ അർഥം ലഭിക്കുന്ന പഴഞ്ചൊല്ലുകൾ കണ്ടെത്തി അതാണ് ഉപയോഗിച്ചത്. കന്നട വായനക്കാരന് തന്റെ ഭാഷയിൽതന്നെ എഴുതപ്പെട്ട നോവലായിട്ടുതന്നെ പരിഭാഷാ കൃതികൾ വായിക്കാൻ സാധിക്കും. ഒരിക്കലും യഥാർഥ നോവലിന്റെ സത്തയോ ശൈലിയോ മാറാതെ തർജമ ചെയ്യുന്നുവെന്നതാണ് തന്റെ പരിഭാഷകളുടെ സ്വീകാര്യത എന്ന് മോഹനൻ വിശ്വസിക്കുന്നു. കഥാകൃത്തുക്കളുടെ ഭാഷാശൈലി നിലനിർത്തിക്കൊണ്ടുതന്നെ പരിഭാഷപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയാണ്.
ബഷീറിന്റെ പുസ്തകം വായിച്ചാലും എം.ടിയുടെ പുസ്തകം വായിച്ചാലും ഈ ഭാഷാശൈലിയിലും വ്യാഖ്യാനത്തിലുമുള്ള വ്യത്യാസം കന്നടയിലെ വായനക്കാരന് തിരിച്ചറിയാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയാള സാഹിത്യത്തെ ആഴത്തില്‍ അറിയുന്നതിനായി സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഡിപ്ലോമ കോഴ്സുകളും മോഹൻ കുണ്ടാർ ചെയ്തിരുന്നു.
ബംഗളൂരുവിൽ നടന്ന ചടങ്ങിൽ മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലെ വിവർത്തകരുടെയും ഭാര്യ ദേവികയുടെയും മക്കളായ നിഷിത, അഭിമാൻ എന്നിവരുടെയും സാന്നിധ്യത്തിൽ പുരസ്കാരം സ്വീകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.