അയാൾക്ക് ഏറ്റവും താൽപര്യമുള്ള വിഷയം കണക്കായിരുന്നു. അതുകൊണ്ട് ഊണിലും ഉറക്കത്തിലും അയാൾ കൂട്ടുകയും കിഴിക്കുകയും പെരുക്കുകയും ഹരിക്കുകയും ചെയ്തു.
ആദ്യമൊക്കെ കണക്കുകളിൽ അയാൾ ചെയ്യുന്ന ക്രിയകൾക്ക് കൃത്യമായി ഉത്തരം കിട്ടി. എന്നാൽ, ജീവിതത്തിന്റെ മുന്നേറ്റത്തിൽ അക്കങ്ങൾ അയാളോട് പിണങ്ങാൻ തുടങ്ങി. ഒടുവിൽ എല്ലാ സംഖ്യകളും അയാളെ നോക്കി കൊഞ്ഞനം കുത്തിയപ്പോൾ അയാൾ ഒരു വലിയ വട്ടപ്പൂജ്യമായി...
രണ്ടാം ഇതൾ
ആകാശത്തിന്റെ അപാരത അയാളെ വിസ്മയിപ്പിച്ചു. നക്ഷത്രക്കുഞ്ഞുങ്ങളുടെ പുഞ്ചിരി അയാളെ കോൾമയിർ കൊള്ളിച്ചു.
നിലാവിന്റെ വശ്യതയിൽ അലിഞ്ഞുചേരാൻ അയാൾ ഉത്കടമായി മോഹിച്ചു. എല്ലാ മോഹങ്ങളും സാക്ഷാത്കരിക്കാനുള്ള തിരിച്ചറിവിന്റെ ഭാഗമായാണ് അയാൾ ചായങ്ങളും ബ്രഷുകളും മാറിമാറി കൈയിലെടുത്തത്... പിന്നെ അയാളുടെ വരമുറിയിൽ ആകാശവും നക്ഷത്രക്കുഞ്ഞുങ്ങളും നിലാവും നിറയാൻ തുടങ്ങി...
മൂന്നാം ഇതൾ
മസ്തിഷ്ക മരണം സംഭവിച്ച മകന്റെ അവയവങ്ങൾ ദാനംചെയ്യുമ്പോൾ മാതാപിതാക്കൾ ഉള്ളുരുകും വേദനയോടെ പ്രാർഥിക്കുകയായിരുന്നു. മകന്റെ അവയവങ്ങൾ സ്വീകരിച്ച് ജീവൻ രക്ഷപ്പെടുന്നവർക്ക് അവന്റെ ദുഃസ്വഭാവങ്ങൾ പകർന്ന് കിട്ടാതിരിക്കണേ...
നാലാം ഇതൾ
പടനിലത്തിലെത്തി തളർന്നുവീണ അവന്റെ അടുത്തേക്ക് ഉത്തേജകങ്ങളുമായി അയാൾ പാഞ്ഞെത്തി. ഉത്തേജകം കിട്ടിയപ്പോൾ അവന്റെ തളർച്ച മാറി. പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേറ്റ അയാൾ തന്റെ ആയുധം നേരെ തൊടുത്തു വിട്ടു. അവന് ഉത്തേജകം നൽകിയ അയാളെ ലക്ഷ്യമിട്ടു തന്നെ...
അഞ്ചാം ഇതൾ
വിനിമയത്തിലെ വിടവുകളെ ജയിക്കാൻ കഴിയാതെ വന്നപ്പോൾ അയാൾ നിശ്ശബ്ദത ആയുധമാക്കി. എന്നാൽ, അയാൾ മൗനം വെടിയുന്നതും കാത്ത് ജനക്കൂട്ടം അയാൾക്ക് ചുറ്റും ഈയലുകളായി വട്ടമിട്ടു പറന്നു. ഒടുവിൽ അയാളിൽനിന്ന് തിളച്ചുമറിഞ്ഞ മൗനാഗ്നിയിൽ ഈയലുകളെല്ലാം ചിറകു കരിഞ്ഞ്..!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.