ആകാശമിഠായി പോലെ എന്നുള്ളത് ചിലപ്പോൾ പകർപ്പായി പരിമിതപ്പെടും. ആ വിധമുള്ള പകർപ്പുൽപാദന പോലെകളുടെ മുരട് പൊരിക്കുന്ന, പേര് വിപ്ലവത്തിന്റെ വീര്യവിസ്മയങ്ങളെയാണ്, ‘ആകാശമിഠായി’ എന്ന സ്പെഷൽ ബഷീർസൃഷ്ടി ആഘോഷിക്കുന്നത്. ആകാശ് എന്ന പേര് ജാതി-മത മുദ്ര പേറാത്ത ഒന്നെന്നനിലയിൽ പരിചിതമാണ്. എന്നാലിതുവരെയും മിഠായി എന്നുപേരുള്ള ഒരാളെയും പലവിധ പേരുപെരുമകൾക്കിടയിൽ കാണാൻ കഴിഞ്ഞിട്ടില്ല.
അങ്ങനെ നോക്കുമ്പോൾ, ആകാശമിഠായി ഒരു പേരല്ല; പേരിന്റെ പേരിൽ മനുഷ്യരെ ക്രൂശിക്കുന്നതിനെതിരെയുള്ള ഒരു പ്രതിരോധമാണ്. പേര് പ്രധാനമാണ്, എന്നാൽ അതിലും പ്രധാനമാണ്, ജീവിതപ്പൊരുൾ, എന്ന മഹാസന്ദേശമാണ് സ്വാതന്ത്ര്യം ലഭിക്കുന്നതിനും മൂന്നുവർഷം മുമ്പ് പൗരജീവിതസ്വാതന്ത്ര്യത്തിന്റെ മഹാസന്ദേശം ആവിഷ്കരിച്ചുകൊണ്ട് വൈക്കം മുഹമ്മദ് ബഷീർ പ്രഖ്യാപിച്ചത്. എന്റെ മകന് സലിം എന്ന് പേരിട്ടതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്? ചോദ്യം കെ. ബാലകൃഷ്ണന്റേതാണ്. നാമും നമ്മുടെ സമുദായവും അഭിനന്ദിക്കുന്നു. മുസൽമാൻമാർ എവിടെയും ഉണ്ടാവട്ടെ. മരുഭൂമിയിലെ മണൽത്തരിപോലെ. ബഷീറിന്റെ ഉത്തരം ഇവിടെ അവസാനിക്കുന്നില്ല. അദ്ദേഹം ഇത്രയുംകൂടി പറഞ്ഞു: ഇനി കുറേ കഴിയുമ്പോൾ പേരുകൊണ്ടു ജാതി മനസ്സിലാക്കാൻ വയ്യാത്ത ഒരു കാലം വരും. ഉടുപുടവകൾ ഒന്നായി കഴിഞ്ഞു. വരട്ടെ മോഹനകാലഘട്ടം.
വൈക്കം മുഹമ്മദ് ബഷീർ വിളംബരം ചെയ്ത ആ മോഹനകാലത്തെക്കുറിച്ചുള്ള ദീപ്തമായ കിനാവുകളുടെ പ്രതീകാത്മക സാക്ഷാത്കാരത്തിനാണ് കോഴിക്കോട് ജില്ലയിലെ ബേപ്പൂരിൽ ജനുവരി 24ാം തീയതി, കേരളത്തിന്റെ പ്രിയ മന്ത്രി മുഹമ്മദ് റിയാസ് തുടക്കം കുറിക്കുന്നത്. ലോകത്തെങ്ങുമുള്ള മലയാളികളെ പുളകം കൊള്ളിക്കുന്ന ഒരു മഹത്കർമമാണ്, ‘ആകാശമിഠായി’ എന്ന ബഷീർ സ്മാരകത്തിന്റെ ഉദ്ഘാടനത്തിലൂടെ നിറവേറാൻ പോകുന്നത്. പ്രത്യേക സ്മാരക മന്ദിരങ്ങളില്ലാതെതന്നെ സ്മരിക്കപ്പെടുന്നവരാണ്, മഹാപ്രതിഭകൾ. എന്നാൽ, ആ വൈക്കം മുഹമ്മദ് ബഷീർ സ്മാരകമന്ദിരത്തിന്റെ മുന്നിലെ ‘ആകാശമിഠായി’ എന്ന ബോർഡ് അനുഭവിപ്പിക്കുന്നത്, സമസ്ത സങ്കുചിതത്വങ്ങളെയും നിർവീര്യമാക്കുന്ന സ്നേഹസൗഹൃദത്തിന്റെ മധുരമാണ്.
‘ആകാശമിഠായി’ എന്നുള്ളത് വിസ്തൃതിയും മധുരവും തമ്മിൽ നടത്തുന്നൊരു ഗമണ്ടൻ അഭിമുഖത്തിന്റെ ആഘോഷമാണ്. ഓക്സിടോസിനുമപ്പുറം വല്ല ലവ് ഹോർമോണുമുണ്ടെങ്കിൽ അതിനെയും സജീവമാക്കുംവിധമുള്ള വേറിട്ടൊരു അഭിമുഖം. അതിനു മുന്നിൽനിന്ന് എക്സായാലും വൈ ആയാലും, പേരുനോക്കി മനുഷ്യത്വം പിളർക്കുന്ന പ്രത്യയശാസ്ത്രം ആരും ഒരിക്കലും വിളമ്പരുത്. ഷേക്സ്പിയറുടെ ‘ജൂലിയസ് സീസർ’ എന്ന നാടകത്തിൽ, സീസർ വധത്തിൽ ഒരു പങ്കുമില്ലാത്ത ഒരു പാവം സിന്ന കൊല്ലപ്പെട്ടു. ഞാൻ കവി സിന്നയാണ്, ഗൂഢാലോചനക്കാരൻ സിന്നയല്ലെന്ന് ആ മനുഷ്യൻ കരഞ്ഞു പറഞ്ഞിട്ടും, ആ പേരങ്ങ് പറിച്ചെറിഞ്ഞേക്ക് എന്ന് പറഞ്ഞാണ് ഉന്മത്തമായ ആൾക്കൂട്ടം ആ നിരപരാധിയെ കൊന്നുകളഞ്ഞത്.
അത്തരം സങ്കുചിത അശ്ലീല മാനസികാവസ്ഥയെയാണ്, ഒരു സർഗപ്രതിഭക്ക് സഹജമായ ക്രാന്തദർശിത്വത്തോടെ, ‘േപ്രമലേഖനം’ എന്ന കൃതിയിൽ വൈക്കം മുഹമ്മദ് ബഷീർ വെട്ടിപ്പൊളിച്ചത്. അത്രമേൽ പരസ്പരം ഇഷ്ടമായതിനാൽ, ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിച്ച സാറാമ്മക്കും കേശവൻ നായർക്കും മുന്നിൽ ബഷീർ തുറന്നുവെച്ചത്, ബഹുസ്വരതയുടെ വിനയവിസ്തൃതസുന്ദരവഴിയാണ്. ഞാൻ വിശ്വസിക്കുന്ന വിധം നിങ്ങൾ വിശ്വസിക്കുന്നില്ല എന്നതിനർഥം, നിങ്ങൾ വിശ്വസിക്കുന്നവിധം ഞാൻ വിശ്വസിക്കുന്നില്ലെന്ന് മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തിയ തോമസ് പെയ്നിന്റെ വിശാലവീക്ഷണമാണ് ബഷീറിന്റെ ‘േപ്രമലേഖനം’ എന്ന കൃതി ഹൃദയസ്പർശിയാംവിധം പങ്കുവെക്കുന്നത്.
പിറക്കാൻ പോകുന്ന കുഞ്ഞിന് മതപ്പേരല്ലാത്ത എന്തു പേരിടും എന്നാണ് ആ മിശ്രവിവാഹിതർ ആലോചിച്ചത്. പേരു നോക്കി ആളെപ്പിടിക്കാൻ നടക്കുന്നവരെക്കുറിച്ച് അന്നേ അവർ ആലോചിച്ചതിൽ, അക്കാലത്തെക്കുറിച്ചും, എന്തിന് ഇക്കാലത്തെക്കുറിച്ചും അറിയുന്നവർക്കാർക്കും ഒരതിശയവും തോന്നില്ല. ‘ആകാശമിഠായി’ എന്ന പേരല്ലാത്തൊരു പേരിലേക്ക് സാറാമ്മ കേശവൻനായർമാരെത്തിയത് ആശയതലത്തിൽ ഒരു വൻകുതിച്ചുചാട്ടം നടത്തിയതിനു ശേഷമാണ്.
വെളിച്ചത്തിന്റെ ഒരു വാതിൽ തുറന്നു. മനോഹരമായ ഒരുദ്യാനം കണ്ടപോലെ അയാൾ സാവേശം പ്രസ്താവിച്ചു: കണ്ടിരിക്കുന്നു! എന്ത്? പറയാം കേശവൻ നായർ പറഞ്ഞു: നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ ഒരു മതത്തിലും വളർത്തണ്ട. അവരങ്ങനെ നിർമതരായി വളരട്ടെ. മൃഗങ്ങളെപ്പോലെ, പക്ഷികളെപ്പോലെ, പാമ്പുകളെപ്പോലെ, ചീങ്കണ്ണികളെപ്പോലെ അല്ലപിന്നെ? പണിയുണ്ട് പ്രായമായി വരുമ്പോൾ അവരെ പഠിപ്പിക്കുക -എല്ലാ മതങ്ങളെപ്പറ്റിയും- പക്ഷപാതരാഹിത്യത്തോടുകൂടി. അങ്ങനെ പത്തിരുപതു വയസ്സാകുമ്പോൾ, എല്ലാ മതങ്ങളിലും വെച്ച് അവർക്ക് ഹൃദ്യമായതു സ്വീകരിക്കട്ടെ. സാറാമ്മ കേശവൻനായരുടെ മുഖത്തുനോക്കാതെ സന്തോഷത്തോടെ പറഞ്ഞു: ന്യായം.
സാറാമ്മ പറഞ്ഞ ആ ന്യായം എന്ന വാക്ക് പറയാൻ കഴിയാതെ പോവുന്നിടത്തുവെച്ചാണ്, മതനിരപേക്ഷത കീഴ്മേൽ മറിയുന്നത്. വിശ്വാസം അടിച്ചേൽപിക്കേണ്ടതോ, അടിച്ച് ഓടിച്ചുവിടേണ്ടതോ അല്ലെന്ന് മനസ്സിലാക്കുന്നതിലുള്ള വീഴ്ചയേയാണ്, ‘േപ്രമലേഖനം’ എന്ന ബഷീർകൃതി വിചാരണചെയ്യുന്നത്. മിശ്രവിവാഹത്തെ ലവ് ജിഹാദ് മുദ്രകുത്തി വേട്ടനടത്തുന്നവരും, അതിൽ സദാചാരവിരുദ്ധത കണ്ടെത്തി വേട്ടനടത്തുന്നവരും, ‘േപ്രമലേഖനം’ എന്ന കൃതി ആവിഷ്കരിക്കുന്ന മതനിരപേക്ഷതയെയാണ് വെല്ലുവിളിക്കുന്നത്. ഇഷ്ടമുള്ള മതം മകൻ വളരുമ്പോൾ അവൻ തിരഞ്ഞെടുക്കട്ടെ എന്നതിൽ അവരിരുവരും യോജിച്ചുവെങ്കിലും, കുഞ്ഞിന് എന്തു പേര് വിളിക്കുമെന്ന കാര്യത്തിൽ അവർക്കത്ര പെട്ടെന്ന് യോജിപ്പിലെത്താനായില്ല.
തികച്ചും സ്വാഭാവികം! പല പേരുകൾ മാറിമാറി പറഞ്ഞുനോക്കി, ഒന്നും പൊരുത്തപ്പെടാത്തൊരവസ്ഥയിൽ കേശവൻ നായർ പറഞ്ഞു. എന്നാൽ, കിട്ടിയിരിക്കുന്നു -സ്റ്റൈലൻ പേരുകൾ! കേശവൻ നായരുടെ ഭാവന പൊട്ടിത്തുറന്നു പോയി. അയാൾ ഓരോന്നായി പറഞ്ഞു; ഇന്ത്യ, േപ്രമലേഖനം, ചെറുകഥ, കൊടുങ്കാറ്റ്, സഹാറ, ആകാശം, നിലാവെളിച്ചം, കരിമീൻ, സിമ്പോളിസം, അടയ്ക്കാമരം, മിഠായി, നാടകം, സമുദ്രം, ചെമ്മീൻ കണ്ണൻ, വെള്ളിയാഴ്ച, കുൾട്ടാപ്പൻ, ഗദ്യകവിത, മാണിക്യകല്ല്, തീനാളം, മിസ്റ്റിസിസം, നക്ഷത്രം.
നിർത്തണേ! ഞാൻ ഒന്ന് വിളിച്ചുനോക്കട്ടെ: എടാ മോനേ, ചെമ്മീൻ കണ്ണോ! അമ്മച്ചിയുടെ ചെമ്മീൻ കണ്ണോ വേണ്ട! അവൾ വീണ്ടും വിളിച്ചുനോക്കി: എടാ മോനേ, ഗദ്യകവിതേ! എടാ മോനേ ചെറുകഥേ! എടാ മോനേ നിലാവെളിച്ചമേ! അവൾക്ക് തൃപ്തിയായില്ല. അപ്പോൾ അയാൾ പറഞ്ഞു. നമുക്ക് ഓരോന്നും എഴുതി നറുക്കിട്ടു രണ്ടെണ്ണം എടുക്കാം. വഴക്കുവേണ്ട. പോരെങ്കിൽ, ഡബിൾ പേരാണ് സ്റ്റൈൽ! അത് സാറാമ്മയും സമ്മതിച്ചു. അവർ ചെറിയ കടലാസുതുണ്ടുകളിൽ പേരുകൾ എഴുതി ചുരുട്ടി, കൂട്ടിക്കുഴച്ച്, ഒന്ന്, സാറാമ്മയും വേറൊന്ന് കേശവൻ നായരും എടുത്തു.
കേശവൻ നായരുടെ കടലാസു കഷണം നിവർത്തിനോക്കി പ്രഖ്യാപനം ചെയ്തു: മിഠായി. സാറാമ്മയും നിവർത്തിനോക്കി പതുക്കെ പറഞ്ഞു: ആകാശം. രണ്ടുപേരും മുഖത്തോടുമുഖം നോക്കി. സാറാമ്മ ധീരതയോടെ മകന്റെ പേര് വിളിച്ചു. മിഠായി ആകാശം! എടാ മോനേ, മിഠായി ആകാശം എടാ മോനേ മിഠായി ആകാശമേ! തെറ്റ്! കേശവൻ നായർ ശരിയായതു പറഞ്ഞു. തന്റെ തങ്കക്കുട്ടനായ മകന്റെ പേരു ഗാംഭീര്യത്തോടെ വിളിച്ചു: ആകാശമിഠായി! സാറാമ്മക്കും അതു നന്നേ ബോധിച്ചു. അവൾ വാത്സല്യത്തോടെ തങ്കക്കുട്ടന്റെ പേര് നീട്ടി വിളിച്ചു: ആകാശമിഠായി. എടാ മോനേ ആകാശമിഠായി നീ എവിടെയാടാ ആകാശമിഠായിയേ! ഗംഭീരനായിരിക്കുന്നു! കേശവൻ നായർ വിധിപറഞ്ഞു. മിസ്റ്റർ ആകാശമിഠായി! ശ്രീജിത്ത് ആകാശമിഠായി സഖാവ് ആകാശമിഠായി! അപ്പോൾ സാറാമ്മക്ക് ഒരു ഭയങ്കര സംശയം: എന്റെ തങ്കക്കുട്ടൻ കമ്യൂണിസ്റ്റാണോ? കേശവൻ നായർ ചിരിച്ചു: ഹെഡാ, ആവണേ ആവട്ടെ, ഏതു ഡുങ്കാസിലും ചേരട്ടെ! അവന്റെ ഇഷ്ടം, അല്ലാതെന്താ?
വൈക്കം മുഹമ്മദ് ബഷീർ ‘േപ്രമലേഖനം’ എന്ന ശ്രദ്ധേയമായ നോവലിൽ അടയാളപ്പെടുത്തുന്നത്, വ്യത്യസ്ത ഇഷ്ടങ്ങളുടെ വിസ്തൃത ലോകമാണ്. അവിടെ ഏകപക്ഷീയമായ അറിയിപ്പുകൾക്ക് പകരം ഇടംപിടിക്കുന്നത് ബഹുസ്വരത ആഘോഷിക്കുന്ന സംവാദങ്ങളാണ്. കേശവൻ നായരും, സാറാമ്മയും പങ്കുവെക്കുന്നത് ജാതി-മതസങ്കുചിതത്വങ്ങൾ പൊളിച്ച കേരളീയ നവോത്ഥാനത്തിന്റെയും പുരോഗമന സാഹിത്യം സാധ്യമാക്കിയ നവഭാവുകത്വത്തിന്റെയും ആശയലോകമാണ്. സ്നേഹംതൻ ജീവിതം ശ്രീമൻ/ സ്നേഹവ്യാഹതി തന്നെ മരണം എന്നതിലൊതുങ്ങും അവരുടെ അനുഭവ അനുഭൂതി ലോകം. അങ്ങനെ നോക്കുമ്പോൾ ‘ആകാശമിഠായി’ എന്ന പേരിൽ ബേപ്പൂരിൽ ഉയർന്നുകഴിഞ്ഞ ബഷീർ സ്മാരകം, മലയാളികൾക്കൊക്കെയും അഭിമാനിക്കാവുന്ന, അല്ലാത്തവർക്കും ആഘോഷിക്കാവുന്ന മതനിരപേക്ഷതയുടെ മഹാേസ്രാതസ്സാണ്.
വെളിച്ചത്തിന്റെ ഒരു വാതിൽ തുറന്ന് മലയാളത്തിന്റെ അത്ഭുതപ്രതിഭ കാണിച്ചുതന്നത് പല വർണപ്പൂക്കൾ വിടർന്ന വർണാഭമായൊരു പൂന്തോപ്പാണ്. ഇടതുപക്ഷ മതേതര കാഴ്ചപ്പാടിന്റെ പതർച്ചയും ഇടർച്ചയുമില്ലാത്ത, സമീപനത്തെയാണ്, ആകാശമിഠായി ആവിഷ്കരിക്കുന്നത്. നവ ഫാഷിസ്റ്റ് അലർച്ചകൾക്കും ലിബറൽ സെക്കുലർ അഴകൊഴമ്പനിസത്തിനുമപ്പുറം കടന്ന്, ആക്രമണവിധേയമാകുന്ന മനുഷ്യത്വത്തിന് കാവൽ നിൽക്കാൻ ഇനിയും മരിച്ചിട്ടില്ലാത്ത ഒരിടത് മതേതര ആശയസമുച്ചയത്തെയാണ് ആകാശമിഠായി പ്രതിനിധാനം ചെയ്യുന്നത്. വകതിരിവില്ലാത്ത ഒന്നോ രണ്ടോ പ്രസ്താവനകളോടല്ല, സമരോത്സുക മതേതര സമീപനത്തോട് വേണം സംവാദമെന്നുതന്നെയാണ് വൈക്കം മുഹമ്മദ് ബഷീർ അനശ്വരമാക്കിയ ആ ആകാശമിഠായി വിളിച്ചറിയിക്കുന്നത്. ‘A great man knows when and in what way he is a little man. A little man does not know he is a little man and is afraid to know...’ (വിൽഹംറൈക്).
വ്യത്യസ്ത മതത്തിൽപെട്ടവരും ഒരു മതത്തിലും പെടാത്തവരും വിവാഹ-മരണ സന്ദർഭങ്ങളിലടക്കം താന്താങ്ങളുടെ തനിമ അഭിമാനത്തോടെ നിലനിർത്തി ആഹ്ലാദപൂർവം ജീവിക്കുന്നതിനെയും; എന്നാൽ അതോടൊപ്പം ഓരോരുത്തരുടെയും സ്വയം ബോധ്യം ആവശ്യപ്പെടുന്നത് ഒരു മതരഹിത ജീവിതമാണെങ്കിൽ അതിനെയും ആഘോഷിക്കുന്ന ഒരു സെക്കുലർ അവസ്ഥയെയാണ്, ‘ആകാശമിഠായി’ സാക്ഷ്യപ്പെടുത്തുന്നത്. അതിനൊപ്പം മുമ്പ് നിൽക്കാതിരുന്ന വലതുപക്ഷം ഇപ്പോഴെങ്കിലും ആ തെറ്റ് തിരുത്തുമോ എന്നാണ്, വിനയത്തോടെ ഇപ്പോഴും ‘ആകാശമിഠായി’ ചോദിച്ചുകൊണ്ടിരിക്കുന്നത്. 18 വർഷങ്ങൾക്കുമുമ്പ് വി.എസ് മുഖ്യമന്ത്രിയും എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയുമായിരുന്ന കാലത്താണ്, ഏഴാം ക്ലാസ് സാമൂഹ്യപാഠ പുസ്തകത്തിൽനിന്നും ‘ആകാശമിഠായി’ മനംനിറഞ്ഞ് രണ്ടാം തവണ മന്ദഹസിച്ചത്. ഇപ്പോൾ പിണറായി മുഖ്യമന്ത്രിയും മുഹമ്മദ് റിയാസ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായിരിക്കുന്ന, സന്ദർഭത്തിലാണ് അന്ന് കരിഞ്ഞുപോയ ആ മന്ദഹാസം മനംകവരും വിധം ബേപ്പൂരിൽ ബഷീർ സ്മാരകമായി ഉദ്ഘാടനം കാത്തുനിൽക്കുന്നത്.
‘മതമില്ലാത്ത ജീവൻ’ എന്ന ആ പഴയ പാഠഭാഗത്തെ ഒരു പരീക്ഷപോലും എഴുതാനനുവദിക്കാതെ, തോൽപിച്ചവർക്ക്, ഇന്ന് ആ ‘ആകാശമിഠായി’ക്ക് മുന്നിൽ തലതാഴ്ത്തേണ്ടിവരും. മതമുള്ളവർക്ക് മതമൂല്യങ്ങളനുസരിച്ച് ജീവിക്കാനും, മതമില്ലാത്തവർക്ക് സ്വന്തം മൂല്യങ്ങളനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യത്തിലപ്പുറം മറ്റൊന്നും അന്നെന്നപോലെ ഇന്നും ‘ആകാശമിഠായി’ ആവശ്യപ്പെടുന്നില്ല. മിശ്രവിവാഹത്തോട് വിയോജിക്കാം, പക്ഷേ വേട്ടയാടരുത്. 1943ലെ ‘േപ്രമലേഖന’മാണ്, 2008ലെ, മതമില്ലാത്ത ജീവനായി മാറിയത്! സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ, അപരവിദ്വേഷം പ്രകടിപ്പിക്കാതെ, വ്യത്യസ്ത ഇഷ്ടങ്ങൾക്ക് സ്നേഹസംവാദം നിർവഹിച്ച്, ബഹുസ്വര ജീവിതം നയിക്കാനാവുമെന്നൊരു വിനയസാക്ഷ്യത്തിനെതിരെയാണ്, അന്ന് വലതുപക്ഷക്കാർ ഉറഞ്ഞുതുള്ളിയത്. ഞാനും നിങ്ങളും മനുഷ്യന്റെ കുഞ്ഞാണ്, എന്ന അടിസ്ഥാനബോധം അട്ടിമറിക്കപ്പെടുന്ന കാലത്തോട് എതിരിടുന്ന ഭാവനയുടെ മൂർച്ചയുള്ളൊരു ആയുധം എന്ന നിലയിലാണ് ‘ആകാശമിഠായി’ ആവർത്തിച്ച് മനസ്സിലാക്കപ്പെടേണ്ടത്.
വസ്ത്രം നോക്കി, പേര് നോക്കി നിറം നോക്കി മനുഷ്യർക്ക് മാർക്കിട്ടുപോരുന്ന ജീർണ സമ്പ്രദായം മാർക്സിസമല്ല ഫാഷിസമാണ്. അസംബന്ധം ആര് പറഞ്ഞാലും അതിനെ കാത്തിരിക്കുന്നത് അഴുക്കുചാലുകളായിരിക്കും. എന്നാൽ, ഫാഷിസ്റ്റുകൾ സ്വന്തം സൈദ്ധാന്തിക കൃതികളിൽപോലും ഇത്തരം അസംബന്ധങ്ങൾക്ക് സുഖവാസകേന്ദ്രങ്ങളൊരുക്കും.
‘ഒരിക്കൽ അബ്രാഹ്മണരെന്ന് സ്വയം വിളിക്കുന്ന കുറെപ്പേരുടെ ഒരു സമ്മേളനം നാഗ്പൂരിൽ നടക്കുകയുണ്ടായി. അതിൽ മുസ്‍ലിം-ക്രിസ്ത്യൻ പ്രസംഗകന്മാർ സംസാരിക്കുന്നത് കണ്ടു ഞാൻ അത്ഭുതപ്പെട്ടുപോയി. സമ്മേളനത്തിന്റെ സംഘാടകന്മാരിലൊരാളോടു ഞാനിതേക്കുറിച്ചന്വേഷിച്ചു. ശരിയാണ്, അവരും അബ്രാഹ്മണരാണല്ലോ! എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹിന്ദുക്കൾ അവരേതു ജാതിയായാലും വർഗമായാലും ഒരേ സമുദായമാണെന്നും മുസ്‍ലിംകളും ക്രിസ്ത്യാനികളും തികച്ചും ഭിന്നമായ, ചിലപ്പോൾ ശത്രുപക്ഷത്തു നിൽക്കുന്നതും കൂടിയായ സമുദായങ്ങളാണെന്നുമുള്ള ഏറ്റവും ലളിതമായ വസ്തുതകൂടി ഇക്കൂട്ടർക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നത് എത്രമാത്രം വിചിത്രമാണ്.
1957ലെ പൊതുതെരഞ്ഞെടുപ്പിൽ പഞ്ചാബിലെ അംബാല നിയോജകമണ്ഡലത്തിൽ നിന്നും ഒരു മുസ്‍ലിം തെരഞ്ഞെടുക്കപ്പെട്ടു. ആ നിയോജക മണ്ഡലത്തിലെ ഏക മുസ്‍ലിം വോട്ടറായിരുന്നു ഇയാൾ, മറ്റെല്ലാവരും ഹിന്ദുക്കളും ആയിരുന്നു. ഇതേ ഹിന്ദുക്കൾ കഷ്ടിച്ചു പത്തു കൊല്ലങ്ങൾക്കുമുമ്പ് മുസ്‍ലിം ദുരിതങ്ങൾ അനുഭവിച്ചവരാണെന്ന് ഓർക്കുമ്പോൾ ഈ തെരഞ്ഞെടുപ്പ് കഥ നമുക്ക് അവിശ്വസനീയമായി തോന്നും. എന്നാലത് ഒരു കടുത്ത യഥാർഥ്യം മാത്രമാണ്. നമ്മുടെ സമാജത്തിന്റെ ആത്മഹത്യാപരമായ, ആത്മവിസ്മൃതിയാർന്ന, അവസ്ഥ ഇതാണ്’ (വിചാരധാര).
പഞ്ചാബിലെ അംബാലയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് വിചാരധാര വലിയ അപകടമായി വിവരിക്കുന്ന, എന്നാൽ ഇന്ത്യൻ സെക്കുലറിസത്തിന്റെ അഭിമാനമായ തെരഞ്ഞെടുപ്പ് വിജയം നടന്നത്! രബീർ സാരൻ എന്ന ജനസംഘം സ്ഥാനാർഥിയെയാണ് അംബാല നിയമസഭാമണ്ഡലത്തിലെ ഏക മുസ്‍ലിം വോട്ടർകൂടിയായ കോൺഗ്രസ് സ്ഥാനാർഥി അബ്ദുൽ ഗഫാർ ഖാൻ അമ്പാലി വലിയ ഭൂരിപക്ഷത്തിന് തോൽപിച്ചത്. ‘ആകാശമിഠായി’യെപ്പോലെ സെക്കുലറിസത്തിന്റെ ജീവിക്കുന്നൊരു സ്മാരകമായി ഈ തെരഞ്ഞെടുപ്പ് വിജയവും മാറുകയാണുണ്ടായത്.
എന്നാൽ, സംഘ്പരിവാറിന് അത് സഹിക്കാനായില്ലെന്ന് മാത്രമല്ല, സ്വന്തം സൈദ്ധാന്തിക ഗ്രന്ഥത്തിൽ, വെറുപ്പുൽപാദിപ്പിക്കുന്ന ഒരാശയത്തിന് അവർ സമുന്നത സ്ഥാനം നൽകുകയും ചെയ്തു. അവർക്കത് ചേരും! കാരണം അവർക്ക് അവരല്ലാതെ, മറ്റാരുമാവാനാവില്ലല്ലോ! എന്നാൽ, സെക്കുലറിസ്റ്റുകൾ അറിയാതെപോലും പല കാരണങ്ങളാൽ കാലം ആവശ്യപ്പെടും വിധം മുന്നോട്ടു പോവാനായില്ലെങ്കിലും വഴുക്കി ആ വിചാരധാരാ കാഴ്ചപ്പാടിലേക്ക് മാത്രം വീഴരുത്. അതോടൊപ്പം വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ടവർ തങ്ങളുൾപ്പെടെയുള്ള വെറും മതവിശ്വാസികൾ മാത്രമല്ല, ഒരു മതത്തിലും പെടാത്ത, ‘ആകാശമിഠായി’ പെറ്റമക്കളും പിന്നെ അവരുടെയൊക്കെ മക്കളും ഇവിടെയൊക്കെയുണ്ടെന്നുള്ളതും മറക്കരുത്. ഒരു മതത്തിലും പെടാത്ത എത്രയെത്രയോ മനുഷ്യർകൂടി ഇവിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഒന്ന് ചുമ്മാ ഓർക്കുകപോലും ചെയ്യാത്ത വിധത്തിലാണ് പലപ്പോഴും മതനിരപേക്ഷ ചർച്ചകൾ മുന്നേറുന്നത്!
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.