വായിച്ചിട്ടുള്ള ആത്മകഥകളില്‍ ഗൗരവ വായന അര്‍ഹിക്കുന്ന അപൂര്‍വങ്ങളിലൊന്നാണ് ഡി.സി ബുക്‌സ് അടുത്തിടെ പ്രസിദ്ധീകരിച്ച ഡോ. പി.കെ. പോക്കറിന്റെ ‘എരിക്കിന്‍ തീ’.
ഞാനെന്ന മഹാസംഭവത്തിന്റെ ഭാവഭേദങ്ങള്‍ വിവരിക്കുന്ന സാമ്പ്രദായിക ആത്മകഥകള്‍ക്ക് പകരം കഥാപുരുഷന്‍ തന്നെ പറയുന്നതുപോലെ ഞാനും എന്റെ ചുറ്റുമുള്ള ലോകവും ജീവിച്ച കാലഘട്ടവും തന്റെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുകയും വിമര്‍ശനവിധേയമാക്കുകയും ചെയ്യുന്നുണ്ട് ഗ്രന്ഥകാരന്‍. ‘ലോ ട്രോവിസ് ഇന്‍ഡിക’ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന എരിക്കിന്റെ കറയുടെ നശീകരണശേഷിയെപ്പറ്റി അറിയുന്നതുകൊണ്ടുതന്നെയായിരിക്കാം, ഗ്രന്ഥകാരന്‍ കലാ സാംസ്‌കാരിക രംഗത്ത് പ്രതിയോഗികളെയും പുഴുക്കുത്തുകളെയും നിശിതമായി വിമര്‍ശിക്കുകയുംകൂടി ചെയ്യുന്ന തന്റെ ആത്മകഥക്ക് ‘എരിക്കിന്‍ തീ’ എന്ന പേരിട്ടത് എന്നുതോന്നുന്നു.
ഓര്‍മവെച്ച നാള്‍ മുതല്‍ ആത്മകഥ എഴുതുന്നത് വരെയുള്ള ജീവിതത്തില്‍ കണ്ട സാമൂഹികവും മതപരവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ചുറ്റുപാടുകളെയും ജീവിതാനുഭവങ്ങളെയും മലബാറിന്റെ തനതായ സാംസ്‌കാരിക ഭൂമികയിലും ഒരിക്കലും പതറാത്ത തന്റെ പ്രത്യയശാസ്ത്രത്തിലും ഉറച്ചുനിന്നുകൊണ്ട് തന്നെ കോറിയിടാന്‍ ഗ്രന്ഥകര്‍ത്താവിന് സാധിച്ചിട്ടുണ്ട്.
കുട്ടിക്കാലത്തും ഇന്നും എന്നും സ്വന്തം പേരുണ്ടാക്കിത്തീര്‍ത്ത ‘അനര്‍ഥങ്ങളെ’ അപരത്വാനുഭവങ്ങളും ഒരേസമയം സരസമായും ഗൗരവമായും പറയുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലാനുഭവങ്ങള്‍ വിവരിക്കുന്നത് നൊസ്റ്റാള്‍ജിയ തരുന്ന ഒരനുഭവമായി തോന്നി. സ്വജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന അത്തരം പരാമര്‍ശങ്ങള്‍ ‘ജെന്‍സി’ക്ക് ഒരുവേള സങ്കല്‍പിക്കാന്‍പോലും പറ്റാത്ത കാര്യങ്ങളാണ്. കോളജ് പഠനകാലത്ത് എത്തിച്ചേര്‍ന്ന മാര്‍ക്‌സിയന്‍ ചിന്താധാരയെയും നേതാക്കളെയും ചിന്തകളെയുമെല്ലാം പരാമര്‍ശിക്കുമ്പോള്‍ പ്രശംസിക്കേണ്ടിടത്ത് പ്രശംസിച്ചും വിമര്‍ശിക്കേണ്ടിടത്ത് മടിയേതുമില്ലാതെ വിമര്‍ശിച്ചും തന്നെയാണ് ആത്മകഥ മുന്നോട്ടുപോകുന്നത്. സ്വത്വവാദ ചര്‍ച്ച കേരളീയ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ ചൂടേറിയ വിഷയമായ കാലത്ത് കൂടെ നടന്നിരുന്ന ഇടതു സഹചാരികളില്‍ ചിലരില്‍നിന്ന് അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ എണ്ണിപ്പറയുകയും അവക്കെല്ലാം കര്‍ക്കശമായ മറുപടികള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
ആത്മകഥയിലുടനീളം കാണാന്‍ കഴിയുന്ന മറ്റൊരു കാര്യം സമകാലിക ഇന്ത്യന്‍ ഭൂമികയില്‍ ഭൂരിഭാഗം ഇടത്-വലത് ബുദ്ധിജീവികളും സാംസ്‌കാരിക നായകരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരും വെച്ചുപുലര്‍ത്തുന്ന ബ്രാഹ്മണിക്കല്‍ ഹെജിമണിക്കെതിരെ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ഉണ്ടായ അനുഭവങ്ങളുടെ വിവരങ്ങളാണ് സമകാലിക ഇന്ത്യയില്‍ ഏത് മുസ്‍ലിം നാമധാരിയെയും ചൂണ്ടിക്കാട്ടി ഭീകരവാദിയെന്നോ മത സ്വത്വവാദിയെന്നോ ഒരു വിഷമവുമില്ലെന്നും, മേല്‍ജാതി മേല്‍വിലാസം നെറ്റിയില്‍ പതിച്ചാല്‍ സെക്കുലര്‍ ദേശീയവാദിയായി അംഗീകരിക്കാന്‍ ഭരണകൂട സമ്മതമുണ്ടെന്നും സമര്‍ഥിക്കുന്നു ഗ്രന്ഥകാരന്‍.
’92ലെ ബാബരി ധ്വംസന കാലാന്തരം ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളിലും മറ്റു അക്കാദമിക് കോണ്‍ഫറന്‍സുകളിലും പങ്കെടുക്കാന്‍ പോയപ്പോഴുണ്ടായ നല്ലതും അല്ലാത്തതുമായ സംഭവങ്ങള്‍ വിവരിക്കുന്നിടത്ത് ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന വരേണ്യ-കീഴാള ജാതിവ്യവസ്ഥയും മനോഭാവങ്ങളും വിദ്യാസമ്പന്നരും സാംസ്‌കാരിക രംഗത്ത് പ്രവൃത്തിക്കുന്നവരുമായ ആളുകളില്‍പോലും നിലനില്‍ക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അനുഭവങ്ങളിലൂടെ വിവരിക്കുന്നു ഗ്രന്ഥകാരന്‍. ബ്രാഹ്മണ മേധാവിത്വ മനോഭാവത്തോടും മാധ്യമങ്ങളുടെയും വരേണ്യ വര്‍ഗത്തിന്റെയും അപര വിദ്വേഷ നിര്‍മാണ പ്രവണതയെയും തന്റെ രചനകളിലും പ്രബന്ധങ്ങളിലും ശക്തമായി എതിര്‍ക്കുന്ന കാര്യവും എടുത്തുപറയുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍, സ്വന്തം ജീവിതത്തെയും ജീവിത ചുറ്റുപാടുകളെയും കൂടെ നടന്നവരെയും ജീവിതകാലഘട്ടത്തെയും സത്യസന്ധമായി അടയാളപ്പെടുത്തുന്ന ആത്മകഥകള്‍ കൂലി എഴുത്തുകാരെക്കൊണ്ട് എഴുതിപ്പിക്കുന്ന നമ്മുടെ കാലത്ത് കൃത്യമായ രൂപത്തില്‍ ഒരു ആത്മകഥ എങ്ങനെയാണ് എഴുതേണ്ടതെന്ന് വ്യക്തമായി കാണിച്ചുതരുന്ന ഒരു കൈപ്പുസ്തകമായി കൂടി ഡോ. പി.കെ. പോക്കറിന്റെ ഈ കൃതിയെ അടയാളപ്പെടുത്താവുന്നതാണ്.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.