തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് ആത്മകഥയെഴുതുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് മകൾ സൗന്ദര്യ. കഷ്ടപ്പാടുകളിൽ നിന്ന് ഇന്ത്യൻ സിനിമയിലെ ഐക്കണിക് സ്റ്റാറായി ഉയർന്നുവന്ന വ്യക്തിയുടെ പ്രയാസകരവും ആവേശകരവും ആ യാത്രയായിരിക്കും ആത്മകഥയിൽ ഉണ്ടാകുക.
കഠിനാധ്വാനംകൊണ്ട് സ്വന്തം വഴിവെട്ടിയയാൾ എന്നാണ് മകൾ സൗന്ദര്യ രജനീകാന്തിനെ സൗന്ദര്യ വിശേഷിപ്പിച്ചത്. ആളുകൾക്ക് അറിയാൻ ആകാംക്ഷയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ പുസ്തകത്തിലുണ്ടാവും. അദ്ദേഹത്തിന്റെ കരിയറിലെ അധികമാരും അറിയാത്ത വഴിത്തിരിവുകൾ പുസ്തകത്തിലുണ്ടാകുമെന്നും തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണത്തിനിടെ സംസാരിക്കവെ സൗന്ദര്യ വെളിപ്പെടുത്തി.
രജനീകാന്തിന്റെ വ്യക്തി ജീവിതത്തെയും അഭിനയ ജീവിതത്തെയും കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്നതായിരിക്കും ആത്മകഥ. 'ആത്മകഥ അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ചും സിനിമയിലെ ഓരോ വേഷത്തിനും ജീവിതത്തിനും വേണ്ടി അദ്ദേഹം നടത്തിയ പ്രയത്നങ്ങളെക്കുറിച്ചും ഉൾക്കാഴ്ച നൽകും. ഇത് ലോകമെമ്പാടും ചർച്ചയാകും,"- സൗന്ദര്യ കൂട്ടിച്ചേർത്തു.
രജനി എഴുതുന്ന ആത്മകഥയെക്കുറിച്ച് കൂലി എന്ന ചിത്രത്തിന്റെ റിലീസിന് മുൻപ് സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണ ഇടവേളകളിൽ രജനീകാന്ത് ആത്മകഥ രചനയിൽ ഏർപ്പെടാറുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനുശേഷമാണ് സൂപ്പർസ്റ്റാറിന്‍റെ മകളുടെ ഭാഗത്തുനിന്നും സ്ഥിരീകരണം വരുന്നത്.
ബെംഗളൂരുവിൽ ബസ് കണ്ടക്ടറായി ജോലി ചെയ്യവെയാണ് രജനീകാന്ത് വെള്ളിത്തിരയിലെത്തിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
നിലവിൽ നെൽസൺ ദിലീപ്കുമാറിന്റെ ജയിലർ 2 ചിത്രീകരണത്തിലാണ് രജനീകാന്ത്. ഡോൺ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന തലൈവർ 173 എന്ന ചിത്രവും അദ്ദേഹത്തിന്‍റെതായി പുറത്തിറങ്ങാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.