കുഞ്ഞികൃഷ്ണൻ
കൊച്ചി: അടുത്തയാഴ്ച നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് വി.കുഞ്ഞികൃഷ്ണൻ ഹൈകോടതിയെ സമീപിച്ചു. പൊലീസ് സംരക്ഷണം വേണമെന്നാണ് ആവശ്യം. ഫെബ്രുവരി നാലിന് നടക്കുന്ന പുസ്തകപ്രകാശനത്തിനാണ് വി. കുഞ്ഞിക്കൃഷ്ണൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുള്ളത്.
'നേതൃത്വത്തെ അണികൾ തിരുത്തണം ' എന്ന പേരിലുള്ള പുസ്തകം പുറത്തിറങ്ങുന്നത് ഫെബ്രുവരി നാലിനാണ്. ജോസഫ് സി. മാത്യുവാണ് പ്ുസ്തകം പ്രകാശനം ചെയ്യുന്നത്. ബുധനാഴ്ച പയ്യന്നൂർ ഗാന്ധി പാർക്കിൽ എം.എൻ വിജയന്‍റെ മകൻ ഡോ. വി.എസ് അനിൽകുമാറിന് കോപ്പി നൽകിയാണ് ജോസഫ് സി. മാത്യു പുസ്തക പ്രകാശനം നിർവഹിക്കുക.
രക്തസാക്ഷി ഫണ്ടിൽ തിരിമറി നടന്നതായി ആരോപണം ഉന്നയിച്ചതിന് വി.കുഞ്ഞികൃഷ്ണനെ സി.പി.എം പുറത്താക്കിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സി.പി.എമ്മുകാർ പ്രകടനം നടത്തിയിരുന്നു.
പുസ്തകത്തിൽ സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നുണ്ട്. നേതാക്കൾ തന്നെ സി.പി.എമ്മിനെ കമ്യൂണിസ്റ്റ് പാർട്ടി അല്ലാതാക്കിയെന്ന് കുഞ്ഞിക്കൃഷ്ണൻ പുസ്തകത്തിൽ പറയുന്നു. ഒരു സാധാരണ തെരഞ്ഞെടുപ്പ് പാർട്ടിയാക്കി മാറ്റുകയായിരുന്നു നേതാക്കൾ. നേതാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി. അവരെക്കുറിച്ച് പഠിച്ചാൽ ഒരു പ്രബന്ധം തന്നെ തയാറാക്കാൻ കഴിയും.
ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സി.പി.എം നേതാക്കൾ മാറി. സംഘടനാ തത്വങ്ങൾ നിർലജ്ജം ഉപയോഗിച്ചുകൊണ്ട് കൊള്ളക്കാരെ സംരക്ഷിക്കാൻ ഉപയോഗിക്കുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ സാമ്പത്തിക ക്രമക്കേടുകളും അതിന്റെ വിശദമായ കണക്കുകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
16 അധ്യായങ്ങളും 96 പേജുകളുമുള്ള പുസ്തകം അടുത്ത ബുധനാഴ്ച പ്രകാശനം ചെയ്യും. വി.എസ് അച്യുതാനന്ദനാണ് പുസ്തകം സമർപ്പിക്കുന്നത്. പാർട്ടിക്കകത്തെ തെറ്റുകൾക്കെതിരെയും സമൂഹത്തിലെ അനീതികൾക്കെതിരെയും സധൈര്യം പോരാടിയ സഖാവിന്‍റെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുൻപിൽ പുസ്തകം സമർപ്പിക്കുന്നു എന്നാണ് പറയുന്നത്.
പുസ്തകത്തിൽ പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനനെതിരെ നിശതിമായ വിമർശനമാണ് ഉന്നയിക്കുന്നത്. നേതൃത്വത്തെ അണികൾ തിരുത്തണമെന്നാണ് പുസ്തകത്തിൽ പറയുന്നത്. പയ്യന്നൂരിലെ പാർട്ടി നന്നാവണമെങ്കിൽ ടി.ഐ മധുസൂദനൻ ആദ്യം നന്നാവണം. നേതാക്കൾ തെറ്റ് ചെയ്താൽ മിണ്ടരുതെന്ന് അനുഭവങ്ങൾ പഠിപ്പിച്ചുവെന്നും വി കുഞ്ഞികൃഷ്ണൻ പുസ്തകത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.