നീലാകാശത്തിന്റെ തോണി

കൈതപ്പൂ മണം

ശയിക്കുന്ന കടവിൽ

ഒരു തുണ്ട് നീലാകാശത്തെ

കീറിയെടുത്തു

മടക്കി മടക്കിയൊരു

കടലാസ് തോണിയുണ്ടാക്കി

നീ തുഴയെറിയുന്നു.

വഴക്കമുള്ള നിന്റെ ചിറകുകൾ

ആഴിയുടെ

ഉപരിതലത്തിലൂടെ

കടലാസിന്റെ ഭാരമളന്നു

ചലിക്കുന്നു.

ചുരുട്ടിപ്പിടിച്ച

നിന്റെ വിരൽത്തുമ്പിലെ

നീലാകാശം

തിരമാലകളെ കീറിമുറിക്കുന്നു.

ഓളങ്ങളിൽ

പൊങ്ങിവരുന്ന

ചെറു ദ്വീപുകളുടെ

ഉമ്മറത്ത്

ചില്ലുജാലകത്തിലൂടെ

ഇന്നുമൊരു

പക്ഷി വന്നിരിക്കുന്നു.

കടൽക്കാഴ്ചയിൽ

ഉറങ്ങുന്ന

മൗനത്തിന്റെ കൂടുതുറന്ന്

വെള്ളിമീനുകൾ

ഈ വഞ്ചിയുടെ

അമരത്ത് തട്ടുന്നു.

തീരത്തൊരുങ്ങുന്ന

ചെന്തീയിൽ

അലസമായ രാഗത്തിൽ

പാടിയൊഴുകുന്ന

പറവക്കൂട്ടങ്ങൾ.

മയക്കം തിരകളുടെ

വിരലുകളിൽ ഏൽപിച്ചു

ശാന്തമാകുന്ന

ഏകാന്ത തോണികൾ.

വിദൂരതീരത്തിന്റെ

വിളികളിൽ

രാക്കാറ്റിനെ തിരയുന്ന

പായ്മരങ്ങൾ.

കടൽ വീശുന്ന കഥകൾ

തീരത്ത് വലയെണ്ണുന്ന

സന്ധ്യയിൽ നീ

മടക്കമില്ലാത്ത

ആകാശമായി

ആഴിയിൽ

നീന്തുന്നു.

ഉപ്പുകാറ്റെന്റെ

വിരലുകളിൽ

തൊട്ടുവിളിക്കുമ്പോൾ

ആഴങ്ങളിലൊളിച്ച

ഒരോർമ മത്സ്യമായി ഞാൻ

നിന്റെ ‌ഒഴുക്കിലേക്ക്

പതിഞ്ഞിടാൻ

ഈ മണൽകൂനകളിൽ

വെമ്പുന്നു.

നനഞ്ഞ നിന്റെ

കടലാസുമേനിയിൽ

നിന്നും അഴിയുന്ന

ചുവന്ന പൂക്കൾ

എന്റെ പാദങ്ങളിൽ ഉരസുന്നു.

മണൽപറമ്പുകളിൽ പടരുന്ന

കരിയിലകളിൽ ശംഖുനൃത്തം.

ഉണങ്ങിയ കടൽ മരങ്ങളും

കടന്നു ഞാൻ

നിന്നോളം

പതഞ്ഞുപൊങ്ങാൻ

വഴികളേറെ

വേഗത്തിലാക്കുന്നു.

News Summary - poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.