മുസ്‍ലിം വിദ്യാഭ്യാസ വൈപുല്യത്തിന്റെ എഞ്ചുവടി
കുറെ വലിയ മനുഷ്യരെയും അവരുടെ സേവന വ്യഗ്രതകളെയും നിഷ്കളങ്കമായി അനുസ്മരിക്കുകയാണ് ‘മക്തി തങ്ങൾ മുതൽ ഡോ. ഗഫൂർവരെ’ എന്ന പുസ്തകത്തിലൂടെ ഇ.പി. മോയിൻകുട്ടി. നാനാതരം ജാതി ശ്രേണികൾ കെട്ടുപിണഞ്ഞ് നിൽക്കുന്ന സങ്കീർണപ്രതലമാണ് കേരളീയ സാമൂഹികത. ബ്രാഹ്മണ്യത്തിന്റെ മൂർഖതയിൽ വശം കെട്ടവരായിരുന്നു അന്നത്തെ മറ്റു മനുഷ്യവംശങ്ങൾ. ആ പീഡന കരങ്ങളിൽ നിന്നും രക്ഷയന്വേഷിച്ച് ചിതറിയോടിയ മനുഷ്യരാണ് പ്രധാനമായും ഇസ്‍ലാമിക വിശ്വാസത്തിലേക്ക് കടന്നുവന്ന ആദി കേരളീയ മുസ്‍ലിം സമൂഹം. സ്വാഭാവികമായും ഇവർ ജ്ഞാനപരമായും സാമൂഹികപരമായും പിന്തള്ളപ്പെട്ടവർ തന്നെയായിരുന്നു.
ഈ അവശതയിൽ നിന്നും രക്ഷപ്പെടാൻ കുതറുമ്പോഴാണ് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ചുമതലയും മുസ്‍ലിം സമൂഹത്തിന്റെ മേൽ വന്നുചേർന്നത്. മലബാറിൽ സമാരംഭിച്ചതും 1947ൽ മാത്രം അവസാനിച്ചതുമാണ് ഈ സമുദായം ഏറ്റെടുത്ത ദേശീയ വിമോചന പ്രസ്ഥാന ദൗത്യങ്ങൾ. ഇത് കേരളീയ മുസ്‍ലിം വൈജ്ഞാനിക ജീവിതത്തെ വളരെയേറെ പരിക്കേൽപിച്ചു. ജന്മികളും കൊളോണിയൽ അധികാരശക്തിയും ഒരുമിച്ചുചേർന്നപ്പോൾ അന്തമാനിലേക്കും മറ്റു വിദൂര ദേശങ്ങളിലേക്കും നിർദയം കുടിയിറക്കപ്പെട്ടവരാണ് അവർ. തുടർന്ന് ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും മുസ്‍ലിം സമൂഹത്തിന്റെ ഇടപെടൽ സജീവമായി. ഇതിനിടയിൽ 1921ലെ നോവും നൊമ്പരങ്ങളും കൂടി വന്നുപെട്ടതോടെ അവരുടെ അരക്ഷിത കാലത്തിന് ഒന്നുകൂടി ആഘാതം കൂടി. സത്യത്തിൽ അപ്പോഴേക്കും മറ്റു മുഖ്യധാരാ സമൂഹങ്ങൾ വൈജ്ഞാനിക മണ്ഡലങ്ങളിൽ വളരെയേറെ മുന്നേറിക്കഴിഞ്ഞിരുന്നു.
മുസ്‍ലിം വിദ്യാഭ്യാസ വിപുലീകരണത്തിന് അക്കാലത്തും പക്ഷേ ജാഗ്രതയുള്ള ചില ശ്രമങ്ങൾ നടന്നിരുന്നു. അത് പ്രധാനമായും തിരുകൊച്ചിയും തിരുവിതാംകൂറും കേന്ദ്രീകരിച്ചാണെന്നു മാത്രം. പതിയേയാണീ പരിശ്രമങ്ങൾ മലബാറിനെയും പുണർന്നത്. ശൈഖ് ഹമദാനിയും സനാഉള്ളാ മക്തി തങ്ങളും വക്കം മൗലവിയും സീതി സാഹിബും മുഹമ്മദ് അബ്ദു റഹിമാനും സി.എച്ച്. മുഹമ്മദ് കോയ തുടങ്ങി നിരവധി മഹത്തുക്കളും ഒപ്പം മറ്റു നാനാതരം പ്രസ്ഥാനങ്ങളും മുസ്‍ലിം വിദ്യാഭ്യാസ ശ്രമങ്ങളിൽ നിരന്തരം ഇടപെട്ടവരാണ്. മുസ്‍ലിം മുൻകൈകളിൽ വളർന്നുവന്ന നിരവധി സ്ഥാപന സമുച്ചയങ്ങൾ ഇന്ന് കേരളത്തിൽ പലയിടത്തും നമുക്ക് കാണാനാവും. ഈ ജ്ഞാന പ്രചാരണ ദൗത്യത്തിൽ ഇടപെട്ട് പ്രവർത്തിക്കാൻ അവസരമൊത്ത സംഘടനയാണ് മുസ്‍ലിം എജുക്കേഷൻ സൊസൈറ്റി (എം.ഇ.എസ്). ഒരുപാട് വിദ്യാഭ്യാസ പദ്ധതികളും സ്ഥാപനങ്ങളും നിരന്തരം സമാഹരിച്ച് കേരളീയ മുസ്‍ലിം സമൂഹത്തിൽ അത്യത്ഭുതകരമായ സാന്നിധ്യമായതാണ് എം.ഇ.എസ് പ്രസ്ഥാനത്തിന്റെ ചരിത്രം. അതിൽ അനവധി വർഷങ്ങൾ നേതൃപരമായ പങ്കുവഹിച്ച ഒരാളാണ് ഇ.പി. മോയിൻകുട്ടിയും.
താൻ ഉത്സാഹത്തോടെ നിർവഹിച്ച ഈ സൽകർമ വേദിയെയും അതിൽ ഒപ്പം നടന്ന വലിയ മനുഷ്യരെയും അവരുടെ സേവന വ്യഗ്രതകളെയും നിഷ്കളങ്കമായി അനുസ്മരിക്കുകയാണ് ‘മക്തി തങ്ങൾ മുതൽ ഡോ. ഗഫൂർവരെ’ എന്ന പുസ്തകത്തിൽ ഇ.പി ചെയ്യുന്നത്.
1964ലാണ് ഡോക്ടർ പി.കെ. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ എം.ഇ.എസ് സാംസ്കാരിക വിദ്യാഭ്യാസ സംഘാടനം സ്ഥാപിതമാകുന്നത്. വളരെ സാഹസപ്പെട്ടും അധ്വാനിച്ചുമാണ് അന്നാ ത്യാഗികളായ വലിയ മനുഷ്യർ വരും തലമുറകൾക്കായി ഈ കണ്ട ജ്ഞാനാലയങ്ങളൊക്കെയും സ്വരുക്കൂട്ടിവെച്ചത്. ഓരോ വിദൂര ഗ്രാമങ്ങൾ തോറും അലഞ്ഞും അവിടങ്ങളിലെ സമ്പന്നരായ ഉദാരമതികളെ പറഞ്ഞു ബോധ്യപ്പെടുത്തിയുമാണ് അന്ന് സംഘാഗങ്ങൾ ഈ സ്ഥാപനങ്ങളൊക്കെയും യഥാർഥ്യമാക്കിയത്. സാഹസികതയുടെ ഈ ഇരമ്പുന്ന ഗാഥകളാണ് ഇ.പി. മോയിൻകുട്ടി പുസ്തകത്തിൽ പറയുന്നത്.
മമ്പാട് എം.ഇ.എസ് കോളജിന്റെ വിസ്താര ചരിത്രത്തിലൂടെയാണ് എഴുത്തുകാരൻ തന്റെ പ്രസ്ഥാനത്തിന്റെ ജ്ഞാന ജാഗ്രതകൾ അനുസ്മരിക്കുന്നത്. മുസ്‍ലിം ജീവിത പിന്നാക്കാവസ്ഥ എന്നും എഴുത്തുകാരന്റെ മനോവേദനയാണ്. അത് ഉച്ഛാടനം ചെയ്യാൻ കുതറിയ മനുഷ്യരെ പ്രതിയുള്ള മനോഹരമായ ധാരാളം കുറിപ്പുകളുണ്ട് സമാഹാരത്തിൽ.
ലേഖകൻ തൊഴിലുകൊണ്ട് സഹകരണ മേഖലയിലെ ഉദ്യോഗസ്ഥനാണ്. അതുകൊണ്ടാവാം സമാഹാരത്തിലെ ചില പ്രധാന കുറിപ്പുകൾ സഹകരണ ബാങ്കുകളുടെ സാധ്യതകളെയും വെല്ലുവിളികളെയും വിശദീകരിക്കുന്നതായത്. ദീർഘകാലം സർവകലാശാലാ സെനറ്റ് അംഗമായതുകൊണ്ടാവാം സർവകലാശാലകളെ എങ്ങനെ രക്ഷിക്കാം എന്ന പ്രൗഢ പ്രബന്ധം കൂടി പുസ്തകത്തിൽ അദ്ദേഹം എടുത്തുചേർത്തത്. പുസ്തകം പൊതുവായനക്ക് നല്ലൊരു സാമഗ്രിയും ജ്ഞാനോപകരണവും തന്നെയാണ്. ലളിതമാണ് ഭാഷ. വായനക്കാർക്കത് എളുപ്പത്തിൽ അഴിഞ്ഞുകിട്ടുന്നു. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എ.പി. കുഞ്ഞാമുവിന്റെ അവതാരികയിൽ പുസ്തകം ഒന്നുകൂടി പ്രൗഢമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.