84ന്റെ നിറവിൽ എം. മുകുന്ദൻ ഒഴുകുന്നു, മയ്യഴിപ്പുഴപോലെ...
കണ്ണൂർ: പിറന്നാൾ ദിനത്തിൽ വിശേഷിച്ചെന്താണെന്ന ചോദ്യത്തിന് എം. മുകുന്ദന്റെ മറുപടി ഇങ്ങനെ ‘പ്രത്യേകിച്ച് ഒരാഘോഷവുമില്ല, രണ്ട് ദിവസം കഴിഞ്ഞാൽ നാട്ടിലെത്തും’. പിറവി ദിനത്തിൽ ഭാര്യ ശ്രീജക്കൊപ്പം കൊല്ലൂർ മൂകാംബിക ദേവി ക്ഷേത്ര ദർശനം നടത്തിയതൊഴിച്ചാൽ വിശേഷിച്ചൊന്നുമില്ലെങ്കിലും ശതാഭിഷിക്തനായ മയ്യഴിയുടെ കഥാകാരന് പക്ഷെ, സാഹിത്യ ലോകത്തിന്റെ ആശംസകൾ മയ്യഴിപ്പുഴപോലെ ഒഴുകുകയാണ്.
ബുധനാഴ്ച രാവിലെയാണ് മൂകാംബികയിലേക്ക് പുറപ്പെട്ടത്. വടകരയിലെ സുഹൃത്തിനെയും കൂട്ടി കാറിലാണ് യാത്ര. രണ്ട് ദിവസത്തെ ക്ഷേത്രദർശനത്തിനുശേഷം നാട്ടിലെത്തും വിധമാണ് യാത്രാക്രമീകരണം. മക്കളായ പ്രീതിഷും ഭാവനയും വിദേശത്താണ്. 14ന് ജന്മനാടിന്റെ സ്നേഹാദരത്തോടെ ഈ പിറവിദിനവും ആരവമൊന്നുമില്ലാതെ പിന്നിടും.
മയ്യഴിയെന്ന കൊച്ചുദേശത്തെ മലയാളിയുടെ മനസ്സിൽ മായാത്ത മൂന്നരക്ഷരമാക്കി മാറ്റിയത് മണിയമ്പത്ത് മുകുന്ദൻ എന്ന എം. മുകുന്ദനിലൂടെയാണ്. അങ്ങനെ മയ്യഴിയും കടന്ന് ലോകമെമ്പാടുമുള്ള മലയാളിയുടെ അഭിമാനമായി ഈ മൂന്നക്ഷരം.
1942 സെപ്റ്റംബർ 10ന് ഫ്രഞ്ച് അധീന മയ്യഴിയിലാണ് മുകുന്ദന്റെ ജനനം. 1966ൽ ഫ്രഞ്ച് എംബസിയിൽ ജോലിയിൽ പ്രവേശിച്ചു. ഫ്രഞ്ച് എംബസിയിൽനിന്ന് സാംസ്കാരിക സെക്രട്ടറിയായി 2004ൽ വിരമിച്ചു. മാഹി പള്ളൂരിലെ മണിയമ്പത്ത് വീട്ടിലാണിപ്പോൾ താമസം.
ജന്മം നൽകിയ നാടിന്റെ പേരിലുള്ള ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’എന്ന ആദ്യ നോവലിലൂടെ തന്നെ മലയാള സാഹിത്യരംഗത്ത് ശക്തമായ വരവറിയിച്ചു. മലയാളത്തിന്റെ ഒട്ടുമിക്ക പുരസ്കാരങ്ങളും കഥാകാരനെ തേടിയെത്തി. 2025ൽ പുറത്തിറങ്ങിയ ‘എയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം’ആണ് ഏറ്റവും അവസാനമെഴുതിയ നോവൽ.
14ന് വൈകീട്ട് 5.30ന് മയ്യഴി ‘വാക് വേ’യിലാണ് ജന്മനാടിന്റെ സ്നേഹാദരം പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.