ലോകത്തിലെ അപൂർവ മിനിയേച്ചർ ഖുർആൻ വിൽപനക്ക്​

അബൂദബി: അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ അപൂർവ മിനിയേച്ചർ ഖുർആൻ വിൽപനക്കെത്തുന്നു. അപൂർവ പുസ്തകങ്ങളുടെ വ്യാപാരികളായ ‘പീറ്റർ ഹാരിങ്​ടൺ’ ആണ് ചരിത്രപ്രസിദ്ധമായ ഗ്രന്ഥം മേളയിൽ അവതരിപ്പിക്കുന്നത്. 2,750 പൗണ്ട് ( ഏകദേശം 13,587 ദിർഹം) ആണ് ഈ അപൂർവ പ്രതിക്ക് വില നിശ്ചയിച്ചിരിക്കുന്നത്.

കേവലം 26x19 മില്ലീമീറ്റർ മാത്രം വലിപ്പമുള്ള ഈ ഖുർആൻ അറബി ഭാഷയിലാണ് അച്ചടിച്ചിരിക്കുന്നത്. സ്വർണ അലങ്കാരങ്ങളുള്ള ഇതിന്‍റെ യഥാർഥ ചുവന്ന തോൽക്കവറും, അക്ഷരങ്ങൾ വായിക്കാൻ സഹായിക്കുന്ന മാഗ്നിഫൈയിങ്​ ലെൻസോടു കൂടിയ പ്രത്യേക ലോഹ ലോക്കറ്റും അതേപടി സംരക്ഷിച്ചിട്ടുണ്ട്.

1890കളുടെ അവസാനത്തിൽ സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ പ്രസാധകനായ ഡേവിഡ് ബ്രൈസ് ആണ് ഫോട്ടോലിത്തോഗ്രാഫി സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത് നിർമിച്ചത്. യൂറോപ്പിൽ അച്ചടിക്കപ്പെട്ട ആദ്യത്തെ മിനിയേച്ചർ ഖുർആൻ പതിപ്പാണിത്. 19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ ഇന്ത്യയിലും ഒട്ടോമൻ സാമ്രാജ്യത്തിലും ഇത്തരം പതിപ്പുകൾ വന്നിട്ടുണ്ടെങ്കിലും, ബ്രൈസിന്‍റെ ഈ പതിപ്പിനാണ് ലോകമെമ്പാടും വൻ ജനപ്രീതി ലഭിച്ചത്.

യൂറോപ്പ്, ഇന്ത്യൻ ഉപഭൂഖണ്ഡം, കിഴക്കൻ ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ വായനക്കാർക്കായാണ് ബ്രൈസ് ഇത് തയാറാക്കിയത്. സാങ്കേതിക മികവും മികച്ച കച്ചവട വിജയവും ഒരുപോലെ കൈവരിച്ച ഈ ഗ്രന്ഥം മിനിയേച്ചർ പുസ്തകങ്ങളുടെ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ഒരു ശേഖരമായാണ് ഇന്നും കണക്കാക്കപ്പെടുന്നത്.

Tags:    
News Summary - World's rarest miniature Quran for sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.