യുദ്ധം

തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ ഒറ്റ മുറിക്കുള്ളിൽ രണ്ടുദിവസമായി ഒരിറ്റ് വെള്ളം പോലും കിട്ടാതെ ആ ഉമ്മയും മകളും.... ഒന്ന് ഉറക്കെ കരഞ്ഞു ആരെങ്കിലും വിളിച്ച് വരുത്താൻ തന്നെ പേടിയായിരുന്നു... വരുന്നത് കാമവെറി മൂത്ത യുദ്ധദാഹികളായിരിക്കും ഉറപ്പ്... ഒരിറ്റ് വെള്ളത്തിനു വേണ്ടി പതിമൂന്ന് വയസ്സ് പ്രായമുള്ള എന്റെ മകളെ അവർക്ക്!! ഒന്ന് എതിർക്കാൻ പോലും എനിക്ക് ആകില്ലെന്ന് ഉറപ്പ്....വേണ്ട വെള്ളം കിട്ടാതെ ഇവിടെ കിടന്ന് അങ്ങ് മരിക്കട്ടെ.

അല്ലെങ്കിൽ പിന്നെ ഞങ്ങൾ മാത്രം രക്ഷപ്പെട്ടിട്ടെന്തിനാ.. തന്റെ ഭർത്താവും മകനും ഉമ്മയും ഉപ്പയും തൊട്ടടുത്ത് മരിച്ചു ചീഞ്ഞളിയാറായി കിടക്കുന്നു, പിന്നെ ഞങ്ങൾക്കെന്തിന്ന് രക്ഷപ്പെടണം, രണ്ടുപേരും മുഖത്തോട് മുഖം നോക്കി അങ്ങിനെ ഇരുന്നു.

ഏതോ വണ്ടിയുടെ ശബ്ദം കേട്ട് ജനവാതിലിലൂടെ പുറത്ത് നോക്കി. ഒരു മിലിറ്ററി വാഹനം അതിവേഗത്തിൽ കടന്നു പോയി. അവർക്ക് ഉറപ്പുണ്ടായിരിക്കാം ഇങ്ങനെ തകർന്ന വീടുകളിൽ ആരും ജീവനോടെ ഉണ്ടായിരിക്കില്ല എന്ന്. അതിനാൽ അവരും തീവ്രവാദികളെ മാത്രമാണ് തിരയുന്നത്....

തന്റെ കണ്മുന്നിൽ കണ്ട തകർന്ന വീടുകളെ കണ്ടപ്പോൾ ഒരു നിമിഷം ആ ഉമ്മയുടെ നെഞ്ചോന്നു പിടഞ്ഞു. എത്ര സുന്ദരമായ ജീവിതമായിരുന്നു... കുട്ടികളും അയൽവാസികളും കൂട്ടുകാരും... എല്ലാ ആഴ്ചകളിലും കൂട്ടുകാരൊത്ത് ഒത്തുചേരൽ മക്കളെ സ്കൂളിൽ പറഞ്ഞ് വിടൽ ഭക്ഷണമുണ്ടാക്കൽ ഭർത്താവിന്റെ ജോലി.....

എല്ലാം തകർത്തെറിഞ്ഞത് ആർക്ക് വേണ്ടി.... സ്വാതന്ത്ര്യം നമ്മുടെ അവകാശം എന്നും പറഞ്ഞു ഞങ്ങളെ ഈ അവസ്ഥയിലാക്കിയവർക്കോ അതോ സ്വന്തം നാട് ഒരാൾക്കും വിട്ടുകൊടുക്കില്ല എന്ന് പറയുന്ന ഭരണാധികാരികൾക്കോ.... ഇതിൽ പ്രജകളായ ഞങ്ങൾക്കെന്ത് നേട്ടം.

എല്ലാം മനസ്സിൽ ഓർമകളായി മരണം കാത്ത് ഇരിക്കുന്ന ഉമ്മയുടെ തോളിൽ തന്റെ മകളുടെ ഇളം കൈകൾ വന്നു തലോടി.... തിരിഞ്ഞു നോക്കുമ്പോൾ ഒന്നെണീറ്റു നടക്കാൻ പോലും ആകാതെ തന്റെ മകൾ.....

"ഉമ്മ എന്തിന് വേണ്ടിയാണ് അവർ നമ്മളെ കൊല്ലുന്നത് നമ്മൾ അവരെ എതിർക്കാനൊന്നും നിന്നില്ലല്ലോ "

എന്ത് മറുപടി പറയണം എന്ന് ആലോചിക്കുമ്പോഴേക്കും അവളുടെ അടുത്ത ചോദ്യം

"എന്നാണ് ഉമ്മ നമ്മൾ മരിക്കുക... മരിക്കുന്നതിന്ന് മുന്നേ അൽപ്പം വെള്ളം കിട്ടുമോ"

അറിയില്ല മോളെ പടച്ചോൻ വിധിച്ചത് പോലെ നടക്കും എന്നും പറഞ്ഞ് മോൾടെ നെറുകയിൽ ഒരുമുത്തം കൊടുത്ത് അവൾ തന്റെ മടിയിൽ തലയും വെച്ചങ്ങനെ കിടന്നു.... ഉമ്മ വീണ്ടും തന്റെ പ്രതാപത്തിലേക്ക് കണ്ണും നാട്ടു അങ്ങനെ മയങ്ങിപ്പോയി.

ദിവസം ഒന്നും കൂടെ കഴിഞ്ഞു പോയി... പുറത്ത് വല്ലാത്ത വെടിയൊച്ച കേട്ടപോൾ ഞെട്ടി എണീറ്റു പുറത്ത് നോക്കിയപ്പോൾ ഒരു ഇരുപത് വയസ്സ് തോന്നിക്കുന്ന പട്ടാളക്കാരൻ... തന്നെ നേരിടാൻ വന്ന തീവ്രവാദികളെ ഒറ്റക്ക് നിന്നു പോരാടുന്നു... അതിൽ രക്ഷപെട്ട ഒരാൾ ഓടി ഉമ്മയും മോളും ഇരിക്കുന്ന മുറിയിലേക്ക് കയറിയത് പിന്നിൽ നിന്നും ആ യോദ്ധാവിന്റെ തോക്കിലെ ബുള്ളറ്റ് അയാളുടെ തലയോട്ടി തകർത്തു പുറത്തുപോയതും ഒന്നിച്ചായിരുന്നു.

മുറിക്കുള്ളിൽ ഇനിയും മരിക്കാത്ത അവരെ കണ്ടപ്പോൾ ആശ്ചര്യത്തോടെ അയാൾ

"നിങ്ങൾ "

ഉമ്മ "ഇല്ല ഞങ്ങൾ മരിച്ചിട്ടില്ല.... മരിച്ചു ജീവിക്കുന്നു..നിങ്ങളുടെ യുദ്ധ കൊതി തീർന്നില്ലെങ്കിൽ ഞങ്ങളെ കൂടെ അങ്ങ് കൊന്നേക്ക് "

മുഖത്തൊരു പുഞ്ചിരിയോടെ അയാൾ "ഉമ്മ ഞങ്ങളും മാനുഷ്യരാണ് ഞങ്ങൾക്കും കുടുംബമുണ്ട് ജോലി ഇതായത്കൊണ്ട് തോക്കും തൂക്കി ഇറങ്ങുന്നു... നിങ്ങളൊന്നു ഓർത്തുനോക്കിക്കെ അന്ന് നിങ്ങളുടെ ഇടയിൽ അവർ വന്നു സൗഹൃദവും സഹതാപവും നേടാൻ നിങ്ങൾ സമ്മതിച്ചില്ലായിരുന്നു എങ്കിൽ നിങ്ങൾക്കീഗതി വരുമായിരുന്നോ. ഞങ്ങൾ ഇതുപോലെ രാപകലില്ലാതെ മരണം മുന്നിൽ കണ്ടു നടക്കേണ്ടി വരുമായിരുന്നോ...വരൂ നിങ്ങളെ രെക്ഷിക്കാമെന്ന് ഞാൻ ഉറപ്പ് പറയുന്നില്ല മരിക്കുന്നത് വരെ ഞാൻ കൂടെ കൂട്ടാം പിന്നീട് നിങ്ങൾക്ക് ജീവനുണ്ടെങ്കിൽ പാടച്ചോൻ തീരുമാനിക്കുന്നത് പോലെ നടക്കും.

തന്റെ ഭർത്താവിന്റെ കൂട്ടുകാരായി വന്ന് ഒരു രാത്രി മുഴുവൻ അടച്ചിട്ടമുറിയിൽ ഇരുന്ന് ചർച്ച നടത്തി അവർക്ക് വേണ്ട ഭക്ഷണവും ഉണ്ടാക്കിക്കൊടുത്ത് അവസാനം അവർ ആദ്യം തകർത്തത് തങ്ങളുടെ വീടാണെന്ന് ഓർത്തപ്പോൾ കുറ്റബോധം കൊണ്ട് തലതാഴ്ത്തി. ഉമ്മ, മോനെ നീ എങ്ങിനെ ഒറ്റക്ക് ഇവിടെ. തെല്ലും ഭയമില്ലാതെ അയാൾ: ഞാനൊറ്റയ്ക്കല്ലായിരുന്നു കൂടെ നാല് പേരുണ്ടായിരുന്നു വരുന്ന വഴിയിൽ അവർ മൂന്നുപേരും മരിച്ചു എനിക്ക് സമയമായിട്ടില്ലെന്ന് തോന്നുന്നു (ഒരു ചെറു ചിരിയോടെ പറഞ്ഞൊപ്പിച്ചു ).

തളർന്നു ഉറങ്ങിയാ മകൾ മെല്ലെ തല ഉയർത്തി കരഞ്ഞു കൊണ്ട് ഉമ്മാനോട് "വിശക്കുന്നു ഉമ്മ കുറച്ചു വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽ... (അൽപ്പം ദേഷ്യത്തോടെ ) റബ്ബേ ഒന്നുകിൽ ഞങ്ങളെ അങ്ങ് കൊല്ല് അല്ലെങ്കിൽ ഒരു അൽപ്പം വെള്ളമെങ്കിലും താ ".....ഒരു തേങ്ങൽ മാത്രമേ ആ നിസ്സഹായയായ ഉമ്മാക്ക് നൽകാൻ കഴിഞ്ഞൊള്ളു.

പട്ടാളക്കാരൻ മകളുടെ ദയനീയ അവസ്ഥ കണ്ട് ഒരു ചെറു പുചിരിയോടെ തന്റെ പക്കൽ ഉണ്ടായിരുന്ന വെള്ളം എടുത്ത് മകൾക്ക് കൊടുക്കുന്നു.... മകൾ ഉമ്മാന്റെ മുഖത്തേക്ക് നോക്കി സമ്മതം വാങ്ങി ആർത്തിയോടെ ഉമ്മയും മകളും കുടിക്കുന്നു......

എന്താണ് നിങ്ങടെ അടുത്ത പരിപാടി?

ഉമ്മ : ശരീരം കൊടുക്കാൻ തയ്യാറല്ല... ഇവിടെ കിടന്നങ്ങുമരിക്കാം..... രക്ഷപെടാൻ ശ്രമിച്ചാലും ഒരു പരുതിയുണ്ടല്ലോ...

എന്നെ പോലെ ആരെങ്കിലും ഇവിടെ എത്തിപ്പെട്ടാൽ?

ഉമ്മ :(നിസ്സാഹായയായി തല താഴ്ത്തി) എല്ലാം ദൈവ വിധിപോലെ.....

ശെരി എന്നാൽ എന്റെ കൂടെ പോരൂ... എന്റെ മരണം വരെ ഞാൻ സംരക്ഷിച്ചോളാം (തന്റെ പക്കൽ ഉണ്ടായിരുന്ന ചെറിയ ഒരു തോക്കെടുത്ത് ഉമ്മയുടെ കയ്യിൽ കൊടുത്ത് )

ആരെങ്കിലും നിങ്ങളെ ഉപദ്രവിക്കാനാണ് വരുന്നതെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഇതെടുത്ത് ഉപയോഗിക്കുക ഒന്നുകിൽ അവർ നിങ്ങളെ കൊല്ലും അല്ലെങ്കിൽ നിങ്ങൾക്ക് അവരെ നേരിടാം രണ്ടായാലും അതായിരിക്കും നിങ്ങളുടെ വിജയം......

പട്ടാളക്കാരൻ നീട്ടിയ തോക്കും വാങ്ങി മരണത്തിനേക്കാൾ വില മാനത്തിനുണ്ടെന്ന തിരിച്ചറിവോടെ മൂന്നുപേരും യാത്ര തുടങ്ങി... ഒരിക്കലും ലക്ഷ്യസ്ഥാനത്തെത്തില്ല എന്ന പൂർണ വിശ്വാസത്തോടെ........

Tags:    
News Summary - A short story about war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.