സാഹിത്യോത്സവത്തിൽ നിന്ന്
ചരിത്രത്തിലാദ്യമായി സാഹിത്യോത്സവം സംഘടിപ്പിച്ച് ഇന്ത‍്യന്‍ സൈന്യം; അമൃത്സറിൽ എം.എൽ.എഫിന് തുടക്കം
അമൃത്സർ: ചരിത്രത്തിലാദ്യമായി സാഹിത്യോത്സവം സംഘടിപ്പിച്ച് ഇന്ത്യൻ സൈന്യം. അമൃത്സറിലെ ഖൽസ കോളജിലാണ് ദ്വിദിന മിലിട്ടറി ലിറ്ററേച്ചർ ഫെസ്റ്റിവലിന് (എം.എൽ.എഫ്) തിങ്കളാഴ്ച തുടക്കം കുറിച്ചത്. ഓഗസ്റ്റ് 31ന് ആരംഭിച്ച ഫെസ്റ്റിവൽ ഇന്ന് സമാപിക്കും.
നയതന്ത്രജ്ഞർ, മുൻ സൈനിക ഉദ്യോഗസ്ഥർ, സൈനിക ചരിത്രകാരന്മാർ, എഴുത്തുകാർ, തന്ത്രപ്രധാന വിദഗ്ധർ എന്നിവർ ഭാഗമാകുന്ന പരിപാടിയിൽ സായുധസേനാംഗങ്ങളുടെ അനുഭവങ്ങളും മറ്റും വേദിയിൽ അവതരിപ്പിക്കും. സായുധസേനയിലെ കരിയർ സാധ്യതകളെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകാനും പരിപാടി ലക്ഷ്യമിടുന്നുണ്ട്.
ഖൽസ സർവകലാശാലയുമായി സഹകരിച്ചാണ് ഇന്ത്യൻ സൈന്യം ആദ്യ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. ലെഫ്. ജനറൽ ടി.എസ്. ഷെർഗിൽ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു.
മുൻ അംബാസഡറും എഴുത്തുകാരനുമായ നവതേജ് സിങ് സർണ, നയതന്ത്രജ്ഞനും എഴുത്തുകാരനുമായ നവദീപ് സിങ് സൂരി, ലെഫ്. ജനറൽ (ഡോ.) ജെ.എസ്. ചീമ തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രഭാഷകരായി.
പശ്ചിമേഷ്യ, ജാലിയൻവാലാബാഗ് തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള സെഷനുകളും ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു. ഭൗമരാഷ്ട്രീയം, സൈനിക കാര്യങ്ങൾ, ഇന്ത്യയുടെ സമ്പന്നമായ ചരിത്രം എന്നിവയെക്കുറിച്ച് വിദ്യാർഥികൾക്ക് കൂടുതൽ കാഴ്ചപ്പാട് നൽകി.
വായനക്കാർ, ചരിത്രകാരന്മാർ, ഗവേഷകർ, സായുധസേനാംഗങ്ങൾ തുടങ്ങിയവർക്ക് ഇന്ത്യയുടെ സൈനിക ചരിത്രവുമായി ബന്ധപ്പെട്ട കഥകളും അനുഭവങ്ങളും അടുത്തറിയാനുള്ള അവസരമാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്.
സൈനിക ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും പ്രദർശനവും ഫെസ്റ്റിവലിൽ ഉണ്ടായിരുന്നു. ടി-72 ടാങ്ക്, ZU-23 ആന്റി-എയർക്രാഫ്റ്റ് സംവിധാനം, L-70 ആന്റി-എയർക്രാഫ്റ്റ് ഗൺ, ഡ്രോണുകൾ, നൈറ്റ് വിഷൻ ഉപകരണങ്ങൾ, വിവിധ ചെറു ആയുധങ്ങൾ എന്നിവയാണ് പ്രദർശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.