സീറപ്പാട്ടുകളുടെ നസ്റുദ്ദീൻ

ജനകീയതയിൽ മാപ്പിളപ്പാട്ടിനോളം വലുപ്പത്തിൽ മറ്റൊരു ഗാനശാഖയും പ്രവാസ ലോകത്തില്ല. ഇവിടെ ഏതൊരു സാംസ്കാരിക സംഗീത വേദിയിലും മാപ്പിളപ്പാട്ടിനൊരു സ്ഥാനമുണ്ട്. പാടി ഫലിപ്പിക്കുന്നവരും എഴുതി തെളിഞ്ഞവരുമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി കലാകാരൻമാരും പ്രവാസലോകത്തുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധേയനാണ് നസ്റുദ്ദീൻ മണ്ണാർക്കാട്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി യുഎഇയിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം വൈവിധ്യങ്ങളായ രചനകൾകൊണ്ട് തന്‍റെയൊരിടം കണ്ടെത്തിക്കഴിഞ്ഞു. വാരിയം കുന്നൻ സീറപ്പാട്ട്, കുഞ്ഞാലി മരക്കാർ പടപ്പാട്ട് എന്നിവ ഏറെ ശ്രദ്ധേയങ്ങളാണ്. ചരിത്ര തിരസ്കാരങ്ങൾക്കെതിരെ പ്രതിരോധമായാണ് പലപ്പോഴും നസറുദ്ധീന്‍റെ പേന ചലിപ്പിച്ചിട്ടുള്ളത്. സ്വാതന്ത്ര്യ സമര സേനാനി വാരിയൻ കുന്നനെ കുറിച്ച് പടച്ചുവിട്ട ആരോപണങ്ങൾ കേട്ടപ്പോഴാണ് ‘വാരിയൻകുന്നൻ സീറ’ എഴുതിയത്. ഇപ്പോൾ ടിപ്പുസുൽത്താനെ കുറിച്ചുള്ള കാവ്യം എഴുതിക്കൊണ്ടിരിക്കുന്നതും സമാന പശ്ചാത്തലത്തിൽ തന്നെ. പത്താം ക്ലാസിൽ പഠിക്കുന്നതിനിടെയാണ് 12 ഗാനങ്ങൾ എഴുതി ‘ഖൈറുൽ ബഷർ’ എന്നൊരു ചെറുപുസ്തകം നസറുദ്ദീൻ പുറത്തിറക്കിയത്. പിന്നീട് നീണ്ടകാലം എഴുത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും 2015 ൽ വീണ്ടും രചനാ രംഗത്തേക്ക് കടന്നുവരികയായിരുന്നു. അതാണ് ‘കൊർദോവ വിളിക്കുന്നു’ എന്ന ഒരു മാപ്പിളപ്പാട്ട് ആൽബമായി പുറത്തിറക്കിയത്. മാപ്പിളപ്പാട്ടിന്റെ തനിമയും മൂല്യങ്ങളും നിലനിർത്തിയ ഈ ആൽബത്തോടെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായി.

110 ഇശലുകൾ അടങ്ങിയ ‘കുഞ്ഞാലിമരയ്ക്കാർ പടപ്പാട്ട്’ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. മാപ്പിള സാഹിത്യത്തിലെ പ്രധാന വിഭാഗമായ മാലപ്പാട്ടുകളുടെ ഗണത്തിൽ വരുന്ന ‘വാരിയൻകുന്നൻ സീറ’ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ടിന്‍റെ 80 ഇശലുകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ഈ കൃതി മാപ്പിളപ്പാട്ടിൽ ആദ്യമായി ടിപ്പു സുൽത്താന്റെ സമ്പൂർണ്ണ ചരിത്രം അവതരിപ്പിക്കുന്ന കൃതിയായിരിക്കും. നബിയുടെ മിഹ്റാജ്‌ സംഭവത്തെ ആസ്പദമാക്കി എഴുതിയ ‘കാബ കൗസോളം അടുത്ത്..’,‘ അംബവൻ സലാമുരത്ത്‌..’ എന്ന ഗാനം, പ്രശസ്ത ഗായിക ബൽക്കീസ്‌ പയ്യന്നൂർ ആലപിച്ച ‘നിന്റെ ഖബറിന്റെ മോളിലെ മൈലാഞ്ചി ചെടിയെന്തേ..’ എന്ന ഗാനം, കണ്ണൂർ ശരീഫ് പാടിയ ‘അലിയാർ മനം നൊന്ത്..’തുടങ്ങിയ ഗാനങ്ങളാണ് നസറുദ്ദീൻ എഴുതിയതിൽ ഏറെ ഹിറ്റായ മറ്റ് ഗാനങ്ങൾ.

എരഞ്ഞോളി മൂസ, കെ.ജി മാർക്കോസ് തുടങ്ങി പല പ്രഗത്ഭ ഗായകരും നസറുദ്ദീന്റെ പാട്ടുകൾ പാടിയിട്ടുണ്ട്. ഷാർജയിലെ ഒരു സ്വകാര്യ ഫർണീച്ചർ കമ്പനിയുടെ അസി. മാനേജർ ആയാണ് ജോലി ചെയ്യുന്നത്. ഭാര്യ: ആയിശ അഫ്സിന. മകൾ: ഹയാ ഫാത്തിമ. 

Tags:    
News Summary - Mappilapattu artist nasrudheen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT