കാട്ട് ചെമ്പകം

ഈ തെയ്യം നടത്തുന്ന തറവാട്ട് വീട്ടിൽ എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു. വിടർന്ന കണ്ണുകളുള്ള നിർത്താതെ സംസാരിക്കുന്ന കൂട്ടുകാരി.

ഏതോ ഒരു വേനലവധിക്ക് അമ്മമ്മയുടെ വീട്ടിൽ നിൽക്കാൻ പോയപ്പോൾ....

എൻ്റെ കൂടെ കളിക്കാൻ വരുമോ?

എന്ന് നിഷ്‌കളങ്കമായി ചിരിച്ച്കൊണ്ട് ചോദിച്ച, വെള്ള പെറ്റിക്കോട്ടിട്ട കൂട്ടുകാരി. അന്നെനിക്ക് പത്തോ പതിനൊന്നോ വയസ്സ് കാണും എന്നെക്കാൾ രണ്ട് വയസ്സ് ഇളയതാണ് അവള്. വൈദേഹി അതായിരുന്നു അവളുടെ പേര്.

ഇന്നിപ്പോൾ പലരും പലവഴിക്കായത് പോലെ നമ്മളും അകന്നു. ഒരോരുത്തരും അവരുടെ ജീവിതവുമായി മുന്നോട്ട് പോകുന്നതിനിടയിൽ അമ്മവീട്ടിലേക്കോ തറവാട്ട് വീട്ടിലേക്കോ ഉള്ള വരവും പോക്കും കുറഞ്ഞു, ബന്ധവും...

എങ്കിലും ചില ഒറ്റപ്പെടലുകൾ ചിന്തകൾ ഒക്കെ നമ്മളെ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോകാറില്ലേ? അങ്ങനെ ഓർമ്മിക്കുന്ന ഒന്നാണിത്. ചില ചേർത്ത് നിർത്തലുകൾ നമ്മുക്ക് കരുത്ത് പകരാറില്ലേ, നമ്മളിപ്പൊഴും തോറ്റിട്ടില്ല എന്ന് തോനാറില്ലേ, അങ്ങനെ ഒന്ന്!

ആർക്കും അത്രപെട്ടെന്നൊന്നും ഇഷ്‌ടം തോനാത്ത പ്രകൃതമായിരുന്നു എന്‍റേത്, എന്തെന്നറിയില്ല, അധികമാരോടും സംസാരിക്കാത്ത എപ്പോഴും ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്ന, പ്രത്യേകിച്ചൊരു വികാരവും വരാത്ത ഒരു പ്രകൃതം. കൂട്ടുകാരോടൊത്ത് കളിക്കാറുണ്ടെങ്കിലും സന്തോഷം തോന്നാറില്ലായിരുന്നു.

പക്ഷേ, “വൈദേഹി”അവളുടെകൂടെ ഞാനെപ്പോഴും സന്തോഷവതിയായിരുന്നു. മുതിർന്നത് ഞാനായിരുന്നെങ്കിലും അവൾക്കായിരുന്നു എന്നേക്കാൾ പക്വത.

എന്നെ ചേർത്ത് നിർത്തിയതും, കഥ പറഞ്ഞ് അവളുടെ മായാലോകത്ത് കൊണ്ടെത്തിക്കുന്നതും പൊട്ടിച്ചിരിച്ച് കൊണ്ട് ഏയ് ഇതൊക്കെ കളി പറഞ്ഞതാണെന്നും പറഞ്ഞ് കണ്ണിറുക്കുന്നതും.....

ജീവിതമിത്രയേറെ മുന്നോട്ട് നീങ്ങിയിട്ടും ഒരുപാടുപേരെ പരിജയപ്പെട്ടിട്ടും അവളോളം എന്നെ മനസ്സിലാക്കിയ ചേർത്ത് നിർത്തിയ വേറാരും ഉണ്ടായിട്ടില്ല.

ഒരിക്കൽ കണ്ണാരം പൊത്തിക്കളിക്കുമ്പോൾ അവളെമാത്രം കണ്ടെത്തിയില്ല, വീടോട് ചേർന്നുള്ള കാവും പറമ്പും മുന്നിലെ വയലും മുഴുവൻ നമ്മൾ നോക്കിട്ടും അവളെ കണ്ടില്ല. ഒടുവിൽ അമ്മമ്മയോട് ചോദിക്കാനായ് വീടിൻ്റെ അകത്തേക്ക് കയറിയതും കാവിലെ ദൈവങ്ങൾക്ക് വിളക്ക് വെക്കാറുള്ള അകത്ത് നിന്നും "ട്ടോ" എന്ന് ശബ്‌ദമുണ്ടാക്കി അവൾ പുറത്തേക്ക് വന്നു. നമ്മൾ കുട്ടികളെല്ലാവരും ഭയന്നു. അതിനിടയിൽ തെയ്യം ഉപയോഗിക്കുന്ന വാള് തട്ടി തറയിൽ വീണു. അമ്മമ്മ ശബ്‌ദം കേട്ട് ഓടിവന്നു.

ദൈവമേ.. എന്തായിത് ?

ദൈവങ്ങളെ പൂജിക്കണ അകത്തുന്നാണോ കുട്ട്യോള് കളിക്കണേ, ആ വാളെങ്ങാനും വിണ് കാലോ കൈയ്യോ മുറിഞ്ഞാലോ?

നമ്മളെല്ലാവരും പല വഴിക്കോടി..

അമ്മമ്മ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു."ദൈവം കോപിക്കുമെന്നും മറ്റും"

മുറ്റത്തെ ചെമ്പകചോട്ടിലെത്തിയ എല്ലാവരും അതോടെ അവരവരുടെ വീട്ടിലേക്ക് പോയി.

പോകാനൊരുങ്ങിയ എൻ്റെ കൈപിടിച്ച് വൈദേഹി പറഞ്ഞു നീ പോകേണ്ടന്നേ, ഞാനൊറ്റയ്ക്കല്ലേ, നമ്മുക്കിവിടുന്ന് മഞ്ചാടി പെറുക്കാം. ഞാനും അവളും മഞ്ചാടി ചുവട്ടിലേക്ക് ഓടി.മഞ്ചാടി പെറുക്കുന്നതിനിടയിൽ വൈദേഹി ചോദിച്ചു

അമ്മമ്മ പറയണകേട്ടിട്ട് പേടിയുണ്ടോ ?

ഉം..

പേടിക്കണ്ട കെട്ടോ, ഭഗവതിയും ശാസ്തപ്പനും ഗുളികനും ഒന്നും ചെയ്യൂല, നമ്മുടെ കൂടെ കളിക്കുകയേ ഉള്ളൂ.

കളിക്കാനോ?

ഞാൻ വിശ്വാസം വരാതെ ചോദിച്ചു.

അതേന്നെ നമ്മുടെ കൂടെ കളിക്കും നമ്മളെ ആപത്തൂന്നൊക്കെ രക്ഷിക്കും അമ്മമ്മ പറഞ്ഞതാ.നമ്മള് കുട്ടികളല്ലെ അതോണ്ട്.!

ഞാൻ വിശ്വാസം വരാതെ അവളെത്തന്നെ നോക്കി...

പിന്നെ കാവിലേക്കും ദൈവങ്ങളുടെ വിളക്ക് വെക്കുന്ന തറയിലേക്കും.

കേൾക്ക്..അവൾ തുടർന്നു. നിനക്കോർമ്മയുണ്ടോ ഞാനന്ന് ഓടി വരുമ്പോൾ മരത്തിൻ്റെ വേര് തട്ടി വീഴാൻ പോയത്,എന്നിട്ട് കാട്ട് വള്ളിയിൽ പിടിച്ച് വീഴാതെയിരുന്നത്.അന്ന് ശരിക്കും എന്നെ ആരോ വീഴാതെ പിടിച്ചിരുന്നു.

എന്നിട്ട് നമ്മൾ കണ്ടില്ലല്ലോ?

ദൈവത്തിനെ നമ്മൾ കാണില്ലല്ലോ, അത് മനസ്സിലാവണതല്ലേ?

എങ്കിൽ നിനക്ക് വിശ്വാസം വരണ കാര്യം പറയാം.

നമ്മള് മഞ്ചാടി എണ്ണികളിക്കാൻ ആൽത്തറയിൽ വരുമ്പോൾ അവിടെ മഞ്ചാടി എപ്പൊഴും പെറുക്കി അടുക്കിവച്ചിട്ടല്ലേ ഉണ്ടാവാറ്. പിന്നെ ചെമ്പകപ്പൂ പൂമാല കോർക്കുമ്പോൾ നിറയെ ചെമ്പകപൂവീഴാറില്ലേ, അതും നമ്മളല്ലല്ലോ?

അവളുടെ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായരുന്നില്ല. ചിലപ്പോൾ ഒറ്റയ്ക്ക് കളിക്കുന്ന അവൾക്ക് കൂട്ടായ് ഭഗവതിയും വന്നിട്ടുണ്ടാവും. അവള് പറഞ്ഞത് പോലെ കുട്ടിയല്ലേ.

അന്നൻ്റെ പേടിമാറ്റാനാണ് അവളത് പറഞ്ഞതെങ്കിലും എനിക്ക് പേടികൂടിയതേയുള്ളൂ. കടും ഛായംകൊണ്ടുള്ള മുഖത്തെഴുത്ത് അതൊരു ഭയം തന്നെയായിരുന്നു എനിക്ക്. പിന്നീട് പലപ്പോഴും കാവിൽ വരുമ്പോൾ ആ ചെമ്പകച്ചോട്ടിലും ആൽമ്മരത്തറയിലും ഞാൻ നോക്കും അവൾക്ക് മാത്രം അറിയാവുന്ന ആ സാമീപ്യം എനിക്ക് മനസ്സിലാവുമോ എന്നറിയാൻ...

ഇന്നിപ്പോൾ നാളെ കൊടിയേറുന്ന തെയ്യത്തിന് വിശേഷപ്പെട്ട പൂജയുണ്ട്. അതിനായി വൈദേഹിയുടെ തറവാട്ടിനടുത്തും ബന്ധത്തിലുമുള്ള എല്ലാ കുടുംബങ്ങളേയും തെയ്യത്തിന് വിളിച്ചിട്ടുണ്ട്. വൈദേഹിയുമുണ്ട് അതുകൊണ്ടാണ് ഞാനും വന്നത്. അവളെ കാണണം. പണ്ട് പറഞ്ഞ് നടന്ന കെട്ട്കഥകളൊക്കെ പറഞ്ഞ് ചിരിക്കണം.

ആളുകളൊക്കെ എത്തിതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ...

വീടിൻ്റെ നീളൻ വരാന്തയിലൂടെ നിർത്താതെ സംസാരിച്ചു കൊണ്ട് വളരെ തിരക്ക് പിടിച്ച് നടന്ന് വരുന്നുണ്ട്,"വൈദേഹി"

പത്ത് വർഷത്തിന് ശേഷമാണ് കാണുന്നതെങ്കിലും എനിക്ക് മനസ്സിലായി എൻ്റെ കളിക്കൂട്ടുകാരിയെ എന്നെ എന്നോളം മനസ്സിലാക്കിയ വിടർന്ന കണ്ണുള്ള എൻ്റെ കൂട്ടുകാരിയെ.

എന്നെ കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ചു,

ഇതെൻ്റെ ലച്ചുവല്ലേ?

വാ കേറ്

നിനക്ക് പഴയ പേടിമാറിയിട്ടില്ല അല്ലേ?

അമ്മമ്മ പറഞ്ഞു,എപ്പൊഴും അതേക്കുറിച്ച് നീ ചോദിക്കാറുണ്ടായിരുന്നു എന്ന്.സത്യത്തിൽ ദേവി കോപിക്കുന്ന് പറഞ്ഞപ്പോൾ അത് തിരുത്താനാണ് ഞാനങ്ങനെ പറഞ്ഞത്.സാരമില്ല ചായകുടിച്ച് നമ്മുക്കവിടെയൊക്കെ നടന്നിട്ട് വരാം.

വർഷങ്ങളുടെ അന്തരം ഉണ്ടായിട്ടും നമ്മുക്കിടയിലെ ബന്ധം അതുപോലെ തന്നെയുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.എന്നെപോലെതന്നെ അവൾക്കും ഈ സൗഹൃദം വിലപ്പെട്ടതായിരുന്നു.

ഏയ്,ഇപ്പൊ എനിക്ക് പേടിയില്ല.എല്ലാം മനസ്സിലാക്കാനായില്ലേ.ഇപ്പൊ അതൊക്കെയോർത്ത് ഞാൻ ചിരിക്കാറുണ്ട്.ശരിക്കും ഞാൻ വെറും പൊട്ടിയായിരുന്നല്ലേ?

രണ്ട്പേരും ചിരിച്ചു.

ഒരുപാട് വിശേഷങ്ങൾ പറയാനും കേൾക്കാനും ഉണ്ടെങ്കിലും കുട്ടിക്കാലത്തെന്നോ മനസ്സിൽ കേറികൊളുത്തിയ ആ സാങ്കൽപ്പിക ലോകത്തിൽ നിന്നും ജീവിതത്തിൻ്റെ യാഥാർത്യങ്ങളിലേക്ക് മനസ്സിനെ അഴിച്ച്വിടാനുള്ള അവസാനത്തെ കണ്ണിയും മുറിച്ചിടാൻ ഞാനും വൈദേഹിയും ആ ചെമ്പകചോട്ടിലേക്ക് നടന്നു.അതുവരെ നിശ്ചലമായ ചെമ്പകത്തിനെ എങ്ങുനിന്നോ ഒരു കാറ്റ് വന്ന് കുലുക്കി,ചെമ്പകപൂക്കള താഴെയിട്ടു.

പരസ്പരം നോക്കിയെങ്കിലും ഒന്നും സംസാരിക്കാതെ നമ്മൾ ആൽത്തറയുടെ അടുത്തേക്ക് നടന്നു.

പുതുക്കിപ്പണിത് ചായം തേച്ച ആൽത്തറയിൽ പതിവായിഇരുന്ന് കളിക്കാറുള്ള ഭാഗത്തേക്ക് നമ്മൾ നോക്കി.

ദേ മഞ്ചാടി നമ്മളിരുവരും അറിയാതെ പറഞ്ഞു.

ചെമ്പക മണമുള്ള കാറ്റ് നമ്മുക്ക്ചുറ്റും വലം വയ്ക്കുന്നത്പോലെ തോന്നി.ശരീരം തണുത്ത് മരവിച്ചു,കൈകൾ വിറച്ചു.

വൈദേഹി ഒന്നും മിണ്ടാതെ വിശ്വാസം വരാതെ എൻ്റെ കൈ മുറുകെ പിടിച്ചു.

Tags:    
News Summary - ചെറുകഥ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.