കാട്ടറിവിന്റെ പത്മശ്രീ

കേരളത്തിന്റെ പശ്ചിമഘട്ട വനാന്തരങ്ങളിൽ, കാണി ആദിവാസി സമൂഹത്തിന്റെ ഔഷധ പാരമ്പര്യത്തെ ജീവിതം കൊണ്ട് കാത്തുസൂക്ഷിച്ച അസാധാരണ വ്യക്തിത്വത്തിന്റെ കഥയാണ് ഡോ. ജയരാജ് ചാലിശ്ശേരി എഴുതിയ ‘കാട്ടറിവിന്റെ പത്മശ്രീ’. നാട്ടുവൈദ്യത്തിൽ പത്മശ്രീ ലഭിച്ച ലക്ഷ്മിക്കുട്ടി അമ്മയുടെ ജീവചരിത്രമാണിത്. 2018ൽ രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ ബഹുമതി ഏറ്റുവാങ്ങിയ ആ നിമിഷം അതിന്റെ ദൃശ്യസാക്ഷ്യമാണ്. ഈ പുസ്തകം ആ ബഹുമതിയുടെ പശ്ചാത്തലവും, അതിനുപിന്നിലെ പതിറ്റാണ്ടുകൾ നീണ്ട സമർപ്പണവും ലക്ഷ്മിക്കുട്ടി അമ്മയുടെ സാഹിത്യ-സാംസ്കാരിക സംഭാവനകളും ഒരുപോലെ അടയാളപ്പെടുത്തുന്നു.

ഒരു വ്യക്തിചരിത്രം മാത്രമല്ല, ഒരു സമുദായത്തിന്റെ ജ്ഞാന പാരമ്പര്യത്തിന്റെ രേഖ കൂടിയാണ് ഈ കൃതി. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരു ഗോത്രവനിത കാടിനെ അമ്മയായും ഗുരുവായും കണ്ട്, തലമുറകളായി കൈമാറി വന്ന ഔഷധ വിദ്യകൾ രക്തത്തിലേറ്റി, വിഷ ചികിത്സ മുതൽ കവിതാ രചന വരെ വ്യാപിക്കുന്ന ബഹുമുഖ പ്രതിഭയായി മാറിയ കഥ ഇവിടെ വായിക്കാം.

ഈ ജീവചരിത്രം വായിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും; ലക്ഷ്മിക്കുട്ടി അമ്മ ജീവിച്ചുകാണിച്ച മാതൃക. അറിവിന്റെ ജനാധിപത്യവത്കരണത്തിന്റെയും ഗോത്രജ്ഞാനത്തിന്റെ അന്തസ്സിന്റെയും പ്രകൃതി-മനുഷ്യ ബന്ധത്തിന്റെ പുനഃസ്ഥാപനത്തിന്റെയും പാഠമാണ് ഇത്. ഡോ.ജയരാജ് ചാലിശ്ശേരിയുടെ ഈ ഗ്രന്ഥം ആ പാഠം രേഖപ്പെടുത്തുക എന്ന ചരിത്രപരമായ കടമ നിർവഹിക്കുന്നു. അക്കാദമിക പാണ്ഡിത്യം പ്രദർശിപ്പിക്കാനുള്ള പ്രലോഭനത്തിൽ വീഴാതെ, ഗോത്ര ജീവിതത്തിന്റെ ചൂടും മണവും വായനക്കാരനെ അനുഭവിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നു.

‘കാണിക്കാർ’ എന്ന ഗോത്രനാമത്തിന്റെ ഉത്ഭവത്തിന്റെ കാരണം, വംശോൽപത്തി കഥ, അഗസ്ത്യമുനി ഈ വനവാസികളുടെ കൈയിൽ നിന്ന് അമ്പും വില്ലും പിടിച്ചുവാങ്ങി പകരം കാണിക്കാരുടെ തനത് പൈതൃകമായ കൊക്കര എന്ന സംഗീത ഉപകരണം നൽകിയ കഥ, പലവിഭാഗങ്ങളായും ഉപവിഭാഗങ്ങളായും പിരിഞ്ഞതെങ്ങനെ? അവർക്ക് പല പേരുകൾ വന്നതെങ്ങനെ? തുടങ്ങി കാണിക്കാരുടെ പലതരം വാമൊഴി പാരമ്പര്യ കഥകൾ ചരിത്ര രേഖകളുടെ അഭാവത്തിൽ ഒരു സമുദായം തങ്ങളുടെ സ്വത്വത്തെ എങ്ങനെ നിർമിച്ചെടുക്കുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ് ഇതിൽ.

ഒരു ജീവചരിത്രം അവസാനിക്കുന്നത് ഭൂതകാലത്തിലല്ല, ഭാവിയിലേക്കുള്ള ഒരു ആഹ്വാനത്തോടെയാണ്. ഇത് ഗ്രന്ഥകാരന്റെ ബോധപൂർവമായ തിരഞ്ഞെടുപ്പാണ്. ലക്ഷ്മിക്കുട്ടി അമ്മയുടെ കഥ കേവലം ഒരു വ്യക്തിയുടെ വിജയഗാഥയല്ല, ഒരു ജ്ഞാന പാരമ്പര്യത്തിന്റെ അതിജീവനപ്പോരാട്ടമാണ്. ഗോത്ര അറിവിനെ നിസ്സാരവത്കരിക്കുന്ന ഒരു വ്യവസ്ഥിതിക്കുനേരെ ആ അറിവിന്റെ ഗരിമയും പ്രസക്തിയും ഉയർത്തിക്കാട്ടുന്ന ഒരു പ്രതിരോധ രേഖയാണ് ‘കാട്ടറിവിന്റെ പത്മശ്രീ’.

(കാട്ടറിവിന്റെ പത്മശ്രീ-ജീവചരിത്രം

ഡോ.ജയരാജ് ചാലിശ്ശേരി-ഇതൾ ബുക്സ്)

Tags:    
News Summary - Forestry Commission Gets Padma Shri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.