‘അഭിഭാഷകവൃത്തി ഒരു സാഹസം പിടിച്ച ജോലിയാണ്. അഭിഭാഷകന്റെ മുന്നിൽ വരുന്ന അപരാധികൾ ഒരിക്കലും സത്യം പറയില്ല എങ്കിലും അവർ അറിയാതെ അവരെ തുറന്നെടുക്കുക എന്നതാണ് അഭിഭാഷകന്റെ ദൗത്യം’ തീക്കടിഞ്ഞാൺ എന്ന നോവലിലൂടെ അഭിഭാഷകനും നോവലിസ്റ്റുമായ ഹംസക്കുട്ടി പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെയാണ്. ഒരു വക്കീലിന്റെ ലോകത്തിലൂടെ കഥ പറയുന്ന നോവൽ. എങ്ങനെയാണ് ഒരു വക്കീൽ പരുവപ്പെടേണ്ടത് എന്ന് വ്യക്തമാക്കുകകൂടി ചെയ്യുന്നു ഈ കൃതി. അതുകൊണ്ടുതന്നെ ‘തീക്കടിഞ്ഞാൺ’ അഭിഭാഷകരുടെ ജീവിത പുസ്തകം കൂടിയായി മാറുന്നു. എന്തായിരിക്കണം എങ്ങനെ ആയിരിക്കണം ഒരു അഭിഭാഷകൻ എന്ന് ഈ നോവൽ വായിക്കുമ്പോൾ വായനക്കാർക്ക് മനസ്സിലാകും.
ഒരു അഭിഭാഷകന് ഒരിക്കലും നീതിയുടെ പക്ഷത്ത് നിൽക്കാൻ കഴിയാത്തതിന്റെ കാരണം കക്ഷികൾ ഒരിക്കലും സത്യം പറയാത്തതുകൊണ്ടാണ് എന്ന് എഴുത്തുകാരൻ പറയുന്നു. സത്യം മാത്രമേ പറയാൻ പാടുള്ളൂ എന്നു പറഞ്ഞാലും കക്ഷികൾ അവരുടെ ഭാഗം ന്യായീകരിച്ചുകൊണ്ടാണ് സംസാരിക്കുക എന്നതുകൊണ്ട് നീതി ജയിക്കാതെ പോകുകയും നിയമം ജയിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കേസ് ജയിപ്പിച്ചു തരാമെന്ന് ഒരു കക്ഷിക്കും വക്കീലന്മാർ വാക്ക് കൊടുക്കാറില്ല. പൊലീസിന്റെ കൃത്യനിർവഹണം നീതിയുക്തമാണെങ്കിൽ പകുതി കുറ്റകൃത്യങ്ങളും ഇല്ലാതാകുമെന്ന സൂചനയും നോവൽ പ്രകടമാക്കുന്നു.
സുഖദേവ് എന്ന അഭിഭാഷക കഥാപാത്രത്തിന്റെ കുടുംബ ജീവിതത്തിലൂടെയാണ് നോവൽ വികസിക്കുന്നത്. ഗാന്ധിജിയിലേക്കും സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ സൂക്ഷ്മ വിശകലനവും, അറിയാത്ത ചരിത്ര വഴിയിലൂടെയുള്ള സഞ്ചാരവും കണ്ടെത്തലും, എങ്ങനെയാണ് ഫാഷിസം പിടി മുറിക്കുന്നത് എന്നുമെല്ലാം ഈ നോവൽ സംവദിക്കുന്നു. ജൂനിയർ വക്കീലിന്റെ പരിതാപക അവസ്ഥയും അവരേൽേക്കണ്ടിവരുന്ന പരിഹാസവും നോവലിസ്റ്റ് തുറന്നു കാട്ടുന്നുണ്ട്.
‘വക്കീലാകണമെങ്കിൽ ആദ്യം ഒരു നല്ല മനുഷ്യനാകണം. ഓരോ കേസും ആദ്യം നടത്തുന്ന കേസാണെന്ന് തോന്നണം. ഓരോ രോമകൂപത്തിലും നീതിയുടെ സത്ത് നിറഞ്ഞൊഴുകണം. ഒരു വക്കീൽ ആദ്യം ഉപേക്ഷിക്കേണ്ടത് ഊഹങ്ങളാണ്. ന്യായമില്ലാത്ത കാര്യങ്ങളിലായിരിക്കും ഊഹങ്ങൾ കെട്ടി ചമക്കുന്നത്. തെളിവും അറിവും ചേരുമ്പോഴാണ് കേസ് പൂർണമാകു ന്നത്. നിയമങ്ങൾ പഠിക്കാതെയും അറിയാതെയും പൊലീസ് തയാറാക്കുന്ന ചാർജ് ഷീറ്റും മൊഴിയുമാണ് കേസിന്റെ വിജയത്തിന്റെ ആധാരം’ എന്നും നോവലിസ്റ്റ് പറയുന്നു.
വക്കീൽ ലോകത്തിന്റെ കയറ്റിറക്കങ്ങൾക്കിടയിൽ ഗാന്ധി ഭക്തനും സ്വാതന്ത്ര്യ പോരാളിയുമായ അച്ഛന്റെ ഓർമയിലൂടെയുള്ള സഞ്ചാരത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരവും കോൺഗ്രസിന്റെയും ഫാഷിസ ഹിന്ദുത്വത്തിന്റെ ഗൂഢ ലക്ഷ്യങ്ങൾ എങ്ങനെയാണ് പ്രാവർത്തികമാക്കിയത് എന്ന ചർച്ചയും നടക്കുന്നു നോവലിൽ. സുഖദേവിന്റെ അച്ഛൻ ധീര ദേശാഭിമാനികളുടെ മണ്ണിലൂടെ സ്വാതന്ത്ര്യ സമര ജീവിതം നയിച്ചതും ബ്രിട്ടീഷ് ജയിലിൽ നരകയാതന അനുഭവിച്ചു കിടന്നതും കഥയിലൂടെ കടന്നുപോകുമ്പോൾ ഇന്ത്യചരിത്രത്തിന്റെ കാണാതെയും അറിയാതെയും പോകുന്ന സത്യം കൂടി എഴുത്തുകാരൻ വെളിവാക്കുന്നു. എങ്കിലും ചില ഇടങ്ങളിൽ പലതും ചേരുംപടി ചേരാതെ പോകുന്നുണ്ട്. ഇന്ത്യൻ നീതിന്യായ അവസ്ഥയും രാഷ്ട്രീയവും പരിസ്ഥിതി സമരവും ഫാഷിസവും ഗാന്ധിസവും ഭോപാലും തെയ്യവും ‘തീക്കടിഞ്ഞാൺ’ നോവൽ വായന നമ്മെ അനുഭവിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.