കൊല്ലപ്പെട്ട ഫൈറോസ് പഠാൻ 

യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ദാരുണാന്ത്യം വിവാഹം നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ

ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അജ്ഞാത സംഘം വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഫൈറോസ് പഠാൻ (32) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ധാർവാഡിലെ മാലാപ്പൂർ ഏരിയയിലുള്ള ഫൈറോസ് പഠാൻന്റെ വസതിയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്.

വെള്ളിയാഴ്ച രാത്രി 9.30-നും 10-നും ഇടയിലാണ് ആക്രമണം ഉണ്ടായതെന്ന് സിറ്റി പൊലീസ് കമ്മീഷണർ എൻ. ശശികുമാർ പറഞ്ഞു. മൂന്നോ നാലോ പേരടങ്ങുന്ന സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി ഫൈറോസിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈറോസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

വീടിന് പുറത്തിരിക്കുകയായിരുന്ന ഫൈറോസിനെ അക്രമിസംഘം പിന്തുടരുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. രക്ഷപ്പെടാനായി അദ്ദേഹം വീടിനുള്ളിൽ കയറി വാതിലടച്ചെങ്കിലും അക്രമികൾ വാതിൽ തകർത്ത് അകത്തുകയറി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച അമ്മക്കും സഹോദരിക്ക് നേരെയും ആക്രമണമുണ്ടായി. അക്രമികൾ വീട്ടിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളുമായാണ് കടന്നുകളഞ്ഞതെന്ന് അമ്മയും സഹോദരിയും സ്ഥിരീകരിച്ചു.

വീടിന് സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെക്കുറിച്ച് നിർണായക സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടിൽ അതിക്രമിച്ചു കയറി നടത്തിയ ആക്രമണം കൃത്യമായ ആസൂത്രണത്തോടെയുള്ളതാണെന്ന സംശയത്തിലാണ് പൊലീസ്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണോ അതോ വ്യക്തിപരമായ കാരണങ്ങളാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ എൻ. ശശികുമാർ പറഞ്ഞു. വിവാഹം നടക്കാൻ രണ്ടാഴ്ച ബാക്കി നിൽക്കെയാണ് ഫൈറോസ് പഠാനെ ദാരുണമായി കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് കുടുംബത്തെയും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരെയും വലിയ ആഘാതത്തിലാഴ്ത്തിയിരിക്കുകയാണ്. 

Tags:    
News Summary - Youth Congress leader hacked to death in his home tragic end just days before wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.