കോഴിക്കോട്: പാളയത്ത് ക്ഷീരകർഷകനായ യുവാവിനെ വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ബന്ധു അറസ്റ്റിൽ. കുളങ്ങര പീടിക സ്വദേശി ദീപക് (21) ആണ് പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പാളയം പുതിയ കോവിലകം പറമ്പിൽ ബി. ബിജു (38) ഞായറാഴ്ച പുലർച്ചെയാണ് കൊല്ലപ്പെടുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് സൂചന. ടൗൺ അസി. പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ലഹരി മാഫിയയാണ് കൊലക്ക് പിന്നിലെന്ന കുടുംബത്തിന്റെ ആരോപണം കമീഷണർ നേരത്തെ തള്ളിയിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടിക്കൂടിയത്. ശരീരത്തിൽ 45 കുത്തുകൾ ഏറ്റാണ് ബിജു മരിച്ചത്. 18 കുത്തുകളും കഴുത്തിലായിരുന്നു. മൂർച്ചയുള്ള കത്തിയുപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഇത്ര ക്രുരമായ കൊലപാതകമായിട്ടും ഒരു നിലവിളിയുടെ ശബ്ദം പോലും ഉയർന്നതായി ആരും കേട്ടില്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നു.
അതേസമയം, സംഭവത്തിന് പിന്നിൽ ലഹരിമാഫിയയുടെ ബന്ധമുണ്ടെന്നും ഓപറേഷൻ തൂഫാന്റെ ഭാഗമായി പൊലീസിന് വിവരം നൽകിയതിലുള്ള വൈരാഗ്യമാണ് കാരണമെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. ഞായറാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. സ്വന്തം വീടിനോട് ചേർന്ന് കുടുംബത്തിന്റെ തന്നെ മറ്റൊരു ഒറ്റമുറി വീട്ടിലാണ് ബിജു താമസിച്ചിരുന്നത്.
ക്ഷീരകർഷകനായ ബിജു പശുവിനെ കറക്കാൻ പുലർച്ച ഉണരാത്തത് ശ്രദ്ധയിൽപ്പെട്ട അമ്മ ബേബി മകൻ ഉറങ്ങുന്ന മുറിയിൽ ചെന്നുനോക്കിയപ്പോഴാണ് രക്തം വാർന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കസബ ഇൻസ്പക്ടർ ജിമ്മി, എസ്.ഐ നിമിൻ കെ. ദിവാകരൻ, ക്രൈംസ്‌ക്വാഡ് അംഗങ്ങൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.