മെറ്റ ഇന്ത്യ മാനേജിങ് ഡയറക്ടർ
ഇൻസ്റ്റാഗ്രാം വഴി കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന്; മെറ്റ ഇന്ത്യ മേധാവിക്ക് സമൻസ്
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലെ പെയ്ഡ് പരസ്യങ്ങൾ വഴി കുട്ടികൾക്കെതിരെയുള്ള ലൈംഗിഗാതിക്രമ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ മെറ്റ ഇന്ത്യ മാനേജിങ് ഡയറക്ടർക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ സമൻസ്. ‘ബി.ബി.സി ഐ’ നടത്തിയ പ്രത്യേക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സെപ്റ്റംബർ 9ന് കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് ഉത്തരവ്.
ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച ചില പരസ്യങ്ങളിൽ ‘റേപ്പ് വീഡിയോ’, ‘ചൈൽഡ് വീഡിയോ’ എന്നിങ്ങനെയുള്ള വാക്കുകൾ പരസ്യമായി ഉപയോഗിച്ചിരുന്നു. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഇത്തരം ദൃശ്യങ്ങൾ വിൽക്കുന്ന ടെലിഗ്രാം ഗ്രൂപ്പുകളിലേക്കാണ് എത്തുന്നത്. സാധാരണയായി മെറ്റയുടെ മോഡറേഷൻ പരിശോധനകൾക്ക് ശേഷമാണ് ഇൻസ്റ്റാഗ്രാമിൽ പരസ്യങ്ങൾ വരുന്നത്. എന്നാൽ ‘ബി.ബി.സി ഐ’ നൽകിയ പരാതിയിൽ ഈ ദൃശ്യങ്ങൾ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസിനു എതിരല്ലെന്നാണ് ഇൻസ്റ്റാഗ്രാമിൽ നിന്നും ലഭിച്ച മറുപടി.
സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ ബാലാവകാശ കമ്മിഷൻ ഡൽഹി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി. ദേശീയ മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മെറ്റ ഉൾപ്പടെയുള്ള കമ്പനികൾ പോക്‌സോ നിയമത്തിലെ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാനും കമ്മീഷൻ ഉത്തരവ് നൽകി. വിഷയത്തിൽ കമ്പനി നൽകിയ ആദ്യ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് മെറ്റ ഇന്ത്യ മേധാവിയെ നേരിട്ട് വിളിച്ച് കമ്മീഷൻ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ജൂലൈ 6 നു കമ്മീഷന് ലഭിച്ച പരാതിക്ക് പിന്നാലെയാണ് നടപടിയെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.