അമിത് ഗുപ്ത

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വ്യാപാരിയെ മർദിച്ചുകൊന്നു; ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം

കാൺപൂർ: പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്ത വ്യാപാരിയെ നാലംഗ സംഘം റോഡിലിട്ട് മർദിച്ചുകൊന്നു. കാൺപൂർ സ്വദേശിയായ ഓട്ടോ വ്യാപാരി അമിത് ഗുപ്തയാണ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സമീപത്തെ തെരുവിലും വീടുകൾക്കും മുമ്പിലിരുന്ന് മദ്യലഹരിയിലായിരുന്ന സംഘം മൂത്രമൊഴിച്ചത് അമിത് ഗുപ്ത ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്.

പ്രതികൾ അമിതിനെ റോഡിലിട്ട് ക്രൂരമായി മർദിക്കുകയും തലക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. ബോധരഹിതനായി വീണ ഇയാളെ റോഡിലിട്ട് പ്രതികൾ വീണ്ടും മർദിക്കുന്ന ദൃശ്യങ്ങൾ വീടിന് പുറത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് അക്രമികൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ കുടുംബാംഗങ്ങൾ അമിതിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. പോസ്റ്റുമോർട്ടത്തിന് ശേഷം ശരീരം കുടുംബത്തിന് വിട്ടുനൽകി.

സിസിടിവി ദൃശ്യങ്ങൾ സംഭവശേഷം ഉടൻതന്നെ പൊലീസിന് കൈമാറിയിട്ടും മൂന്ന് ദിവസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു. നിലവിൽ തിരിച്ചറിയാൻ കഴിയാത്ത നാല് പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിഞ്ഞ ശേഷം നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികളെ പിടികൂടാത്തതിനാൽ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും കുട്ടികളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും കൊല്ലപ്പെട്ട അമിത് ഗുപ്തയുടെ ഭാര്യ ശാലിനി ഗുപ്ത പറഞ്ഞു.

Tags:    
News Summary - Kanpur Trader Beaten To Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.