അട്ടപ്പാടി കൊലപാതകത്തിൽ പ്രതി പിടിയിൽ; കൊല്ലപ്പെട്ട സ്ത്രീ ഭാര്യയല്ലെന്നും രണ്ടുമാസം മുമ്പ് പരിചയപ്പെട്ടവരെന്നും മൊഴി
പാലക്കാട്: അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽനിന്ന് സ്ത്രീയുടെയും പെൺകുട്ടിയുടെയും ശരീരഭാഗങ്ങളെന്ന് സംശയിക്കുന്നവ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി പ്രവോദ് ദാസ് ആണ് പിടിയിലായത്.
പ്രതിയുടെ ഗ്രാമത്തിൽ തന്നെയുള്ള 35കാരിയായ പ്രോണിത, മകൾ നാലുവയസ്സുകാരി ജോഹിത എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പശ്ചിമബംഗാളിലെ അലിപ്വദാർ ഗ്രാമത്തിൽനിന്നാണ് അവിടുത്തെ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
കൊല്ലപ്പെട്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നും രണ്ടുമാസം മുമ്പാണ് ഇവരെ പരിചയപ്പെട്ടതെന്നും പ്രതി പൊലീസിന് മൊഴി നൽകി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
പ്രവോദ് ദാസും പ്രോണിതയും പരിചയത്തിലായിരുന്നു. ഈ പരിചയംവെച്ചാണ് അട്ടപ്പാടിയിലേക്ക് പ്രതിയുടെ കൂടെ ജോലിക്കായി പോകുകയാണെന്ന് ഭർത്താവിനോട് പറഞ്ഞ് യാത്രതിരിച്ചതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതിയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി കേരളം വിടുകയായിരുന്നുവെന്നും ഏകദേശം 20 ദിവസം മുമ്പാണ് പ്രതി ചീരക്കടവ് പ്രദേശത്തെ തോട്ടത്തിൽ തൊഴിലാളിയായെത്തിയതെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ചയാണ് അട്ടപ്പാടി പുതൂർഭാഗത്ത് ഭവാനിപ്പുഴയിലെ ചീരക്കടവിൽ മൂന്ന് ചാക്കിലായി ശരീരഭാഗങ്ങൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. ആയുധം ഉപയോഗിച്ച് മൃതദേഹങ്ങൾ വെട്ടിമുറിച്ച ശേഷം ചാക്കുകളിൽ കെട്ടി പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. തിങ്കളാഴ്ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഫോറൻസിക്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.