ട്രെയിനിൽ 75 ലിറ്റർ വിദേശമദ്യവുമായി യുവതി പിടിയിൽ; അച്ഛനും സഹോദരിയുമുൾപ്പെടെയുള്ള കുടുംബം മദ്യക്കടത്ത് കേസ് പ്രതികൾ

ന്യൂഡൽഹി: ട്രെയിനിൽ 75 ലിറ്റർ വിദേശമദ്യവുമായി യുവതി പിടിയിൽ. ന്യൂഡൽഹിയിൽ നിന്ന് ബീഹാറിലേക്ക് ഫസ്റ്റ് എസി കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന 25കാരിയായ നേഹ ഝാ എന്ന യുവതിയാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. സമസ്തിപൂർ ജങ്ഷനിൽ ട്രെയിൻ എത്തിയപ്പോൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്ന എച്ച്-1 ഫസ്റ്റ് എസി കമ്പാർട്ട്മെന്‍റ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ഗ്രാമീണ റെയിൽവേ പൊലീസും ചേർന്ന് പരിശോധിക്കുകയായിരുന്നു. ഏറെ നേരം തട്ടിയതിന് ശേഷം വാതിൽ തുറന്ന നേഹയുടെ അസാധാരണമായ ശാന്തതയും ഇംഗ്ലീഷിലുള്ള സംസാരവും ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ കമ്പാർട്ട്മെന്റിൽ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന 75 ലിറ്റർ വിദേശമദ്യം പിടിച്ചെടുക്കുകയുണ്ടായി.

ദർബംഗ സ്വദേശിനിയായ നേഹയും ബന്ധുവായ ഇഷാൻ കുമാറും ചേർന്നാണ് 1,100 കിലോമീറ്ററിലധികം ദൂരം മദ്യവുംകൊണ്ട് യാത്രചെയ്തത്. എന്നാൽ ഇവർക്ക് മദ്യക്കടത്തുമായി ബന്ധപ്പെട്ട് മുൻപും കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. നേഹയുടെ പിതാവ് സഞ്ജയ് കുമാർ ഝാ രണ്ട് വർഷം മുമ്പ് സമാനമായ ഒരു മദ്യക്കേസിൽ അറസ്റ്റിലായിരുന്നു. കൂടാതെ കഴിഞ്ഞ വർഷം നവംബറിൽ നേഹയുടെ മൂത്ത സഹോദരി നിഷു ഝായും 21 ലിറ്റർ വിദേശമദ്യവുമായി എക്സൈസ് വകുപ്പിന്റെ പിടിയിലായിരുന്നു. കുടുംബത്തിലെ മറ്റൊരു സഹോദരനാകട്ടെ നീറ്റ് പരീക്ഷയിലെ പരാജയത്തെ തുടർന്ന് ലഹരിക്ക് അടിമയായി ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സ തേടേണ്ടി വന്നിരുന്നു.

ഡിസംബറിൽ വരാനിരിക്കുന്ന വിവാഹ ആവശ്യത്തിനായി ഹരിയാനയിൽ നിന്ന് മദ്യം കൊണ്ടുവരികയായിരുന്നു എന്നാണ് നേഹ പൊലീസിന്റെ ചോദ്യം ചെയ്യലിൽ അവകാശപ്പെട്ടത്. എന്നാൽ ഈ വാദം പൊലീസ് പൂർണമായും തള്ളി. ഇരുവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത ഉദ്യോഗസ്ഥർ വാട്സാപ്പ് ചാറ്റുകളും കോൾ റെക്കോർഡുകളും വിശദമായി പരിശോധിച്ചുവരികയാണ്. ദർബംഗയിലെ പ്രമുഖ ഡോക്ടർമാരുടെയും വ്യവസായികളുടെയും നമ്പറുകൾ നേഹയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത് സംഭവത്തിന് കൂടുതൽ ഗൗരവം നൽകുന്നു. മദ്യക്കടത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നറിയാൻ സമഗ്രമായ അന്വേഷണമാണ് പൊലീസ് ഇപ്പോൾ നടത്തിവരുന്നത്.

Tags:    
News Summary - Woman caught with 75 liters of foreign liquor on train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.