രാത്രികാല പരിശോധന; മാനിന്റെ കൊമ്പും എല്ലുകളുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
ആലുവ: പട്ടണത്തിൽ കഴിഞ്ഞ ദിവസം നടന്ന രാത്രികാല പരിശോധനയിൽ പതിനാറോളം കേസുകളിൽ ഉൾപ്പെട്ടയാളും, മാനിന്റെ കൊമ്പും എല്ലുകളും ആയി അന്തർ സംസ്ഥാന തൊഴിലാളിയും പൊലീസ് പിടിയിൽ. ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ആലുവ പട്ടണത്തിലും പരിസരത്തും പൊലീസ് രാത്രികാല പരിശോധന നടത്തിയത്. നാല് സംഘങ്ങളായിട്ടായിരുന്നു പരിശോധന. ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നടത്തറ വെള്ളറ അക്ഷയ് (21) നെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വധശ്രമ കേസുകൾ ഉൾപ്പെടെ 16 ഓളം കേസിലെ പ്രതിയാണ് ഇയാൾ. നരഹത്യാശ്രമം നടത്തിയ കേസിൽ ഒളിവിലായിരുന്നു അക്ഷയ്. ചോദ്യം ചെയ്യലിനുശേഷം ഒല്ലൂർ പൊലീസിന് കൈമാറി. റയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ജാർഖണ്ഡ് സ്വദേശി ചോട്ടു കുമാറിൽ നിന്ന് മാനിന്റെ കൊമ്പുകളും എല്ലുകളും പിടികൂടിയത്. അതിരപ്പള്ളിയിൽ നിന്നാണ് ഇയാൾക്ക് ഇത് ലഭിച്ചതെന്ന് പൊലീസിനോട് പറഞ്ഞു. ചോട്ടുകുമാറിനെ വനം വകുപ്പിന് കൈമാറി. കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിനകത്ത് കഞ്ചാവ് വലിച്ചവരും പൊലീസിന്റെ പിടിയിലായി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ വിശദമായി പൊലീസ് ചോദ്യം ചെയ്തു. ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ആലുവ സി.ഐ പി.എം. ഷമീർ, എസ്.ഐമാരായ രഞ്ജിത്ത് മാത്യു, വി.ആർ. വിഷ്ണു, കെ.കെ. സജീഷ്, അനൂപ് എന്നിവർ ഉൾപ്പെടുന്ന പൊലീസ് ടീം നാല് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
വനിത പൊലീസ് ഉൾപ്പെടെ മുപ്പതോളം പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ഡോഗ് സ്ക്വാഡും പരിശോധനയ്ക്ക് ഉണ്ടായിരുന്നു. വൈകിട്ട് ഏഴുമണിയോടെ ആരംഭിച്ച് അർദ്ധരാത്രി കഴിഞ്ഞും നീണ്ടു. മാർക്കറ്റ് പരിസരം, റെയിൽവേ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ പരിസരം, ഇടവഴികൾ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ്, ഓവർ ബ്രിഡ്ജ്, മെട്രോ സ്റ്റേഷൻ, മാർക്കറ്റ് പരിസരം, ബാങ്ക് കവല, പ്രൈവറ്റ് ബസ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടക്കുമെന്ന് ഡിവൈ.എസ്.പി ബൈജു പൗലോസ് പറഞ്ഞു. സാമൂഹ്യ വിരുദ്ധരുടെയും മറ്റും താവളമായ റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാടുവെട്ടി തെളിക്കാൻ റെയിൽവേ അധികൃതർക്കും മുൻസിപ്പൽ അധികൃതർക്കും പൊലീസ് കത്ത് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.