‘തൂഫാനി’ൽ പൊള്ളി രാഷ്ട്രീയ പാർട്ടികൾ
തൊടുപുഴ: പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ലഹരിക്കെതിരെ ആഭ്യന്തര വകുപ്പ് നടപ്പാക്കിയ ഓപറേഷൻ തൂഫാനിൽ പൊള്ളലേറ്റിരിക്കുകയാണ് ഇടുക്കിയിലെ ഇടത്-വലത് രാഷ്ട്രീയ പാർട്ടികൾ. ഡി.വൈ.എഫ്.ഐ നേതാവ് രാസലഹരിയുമായി വലയിലായതിന് കൃത്യം ഒരുമാസമടുക്കുമ്പോൾ തൊടുപുഴ നഗരസഭയുടെ മുൻ ചെയർമാനും പ്രമുഖ കോൺഗ്രസ് നേതാവുമായ സനീഷ് ജോർജ് ലഹരിയുപയോഗത്തിനിടെ പിടിയിലായതാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ സംഭവം.
മുഖ്യമന്ത്രി വി.ഡി. സതീശനുമായി ബന്ധമുണ്ടായിരുന്ന യൂത്ത്കോൺഗ്രസ് നേതാവ് ലഹരിക്കേസിൽ പിടിയിലായ വാർത്തകൾ കത്തിനിൽക്കുന്ന സമയത്തായിരുന്നു തൊടുപുഴയിൽ ഡി.വൈ.എഫ്.ഐ നേതാവടങ്ങുന്ന സംഘം വലയിലായത്. അതുകൊണ്ടുതന്നെ വലത് അനുകൂലികൾ സമൂഹമാധ്യമങ്ങളിലടക്കം ഈ വാർത്ത വലിയ ആഘോഷമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ തൊടുപുഴയിലെ കോൺഗ്രസ് നേതാവിനെ ലഹരിക്കേസിൽ പൊക്കിയതോടെ സമൂഹ മാധ്യമങ്ങളിലെ ഇടത് പ്രൊഫൈലുകളും ആവേശത്തിലാണ്.
ആദ്യം പിടിയിലായത് ഡി.വൈ.എഫ്.ഐ നേതാവ്
ഓപറേഷൻ തൂഫാൻ ആരംഭിച്ചതിന് ശേഷം ഇടുക്കിയിൽ ആദ്യം പിടിയിലായ രാഷ്ട്രീയ പാർട്ടി നേതാവായിരുന്നു ഡി.വൈ.എഫ്.ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയായിരുന്ന ഇടവെട്ടി തേക്കുംകാട്ടിൽ ടി.എസ്. ഷിയാസ് (35). കഴിഞ്ഞ ആഗസ്റ്റ് 19ന് പുലർച്ചയാണ് ഇടവെട്ടി ജങ്ഷനിലെ കനാൽപാലം ഭാഗത്തുനിന്ന് ഇയാളടക്കം നാലുപേർ വലയിലായത്.
കുമ്മംകല്ല് ഓലിക്കൽ ആഷിക് (23), ഇടവെട്ടി ചീങ്കല്ലേൽ ഹർഷിദ് (33), വെങ്ങല്ലൂർ കണിപറമ്പിൽ നിഹാൽ (22) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. പിടിയിലായ ഡി.വൈ.എഫ്.ഐ നേതാവ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഇടത് സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. പ്രതികൾ സഞ്ചരിച്ച ഓട്ടോയിൽനിന്നും കാറിൽനിന്നുമായി 18.18 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് അന്ന് പിടികൂടിയത്. പിടിയിലായതിന് പിന്നാലെ ആരോപണ വിധേയനായ ഇയാളെ നേരത്തെതന്നെ സംഘടനയിൽനിന്ന് പുറത്താക്കിയിരുന്നതായി കാണിച്ച് ഡി.വൈ.എഫ്.ഐ വാർത്തക്കുറിപ്പും ഇറക്കിയിരുന്നു.
കുരുങ്ങി മുൻ നഗരസഭ ചെയർമാൻ
ഡി.വൈ.എഫ്.ഐ നേതാവ് രാസലഹരിയുമായി വലയിലായതിന് പിന്നാലെയാണ് ലഹരി ഉപയോഗത്തിനിടെ തൊടുപുഴ നഗരസഭയുടെ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ സനീഷ് ജോർജ് പിടിയിലായത്. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് ഇയാൾ നേരത്തെതന്നെ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം.
2020-25 തദ്ദേശ ഭരണ സമിതിയിൽ കോൺഗ്രസ് വിമതനായ ഇദ്ദേഹം ഇടത് പിന്തുണയോടെയാണ് നഗരസഭ ചെയർമാനായത്. സ്കൂളിന് എൻ.ഒ.സി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി കേസിൽ കുടുങ്ങിയതോടെ പിന്നീട് എൽ.ഡി.എഫ് പിന്തുണ പിൻവലിക്കുകയും ചെയർമാൻ സ്ഥാനം നഷ്ടമാകുകയും ചെയ്തു.
പിന്നാലെ ഇദ്ദേഹം കോൺഗ്രസിൽ സജീവമായി. ഐ.എൻ.ടി.യു.സിയിലടക്കം ഭാരവാഹിത്വവും വഹിക്കുന്നുണ്ട്. നഗരപിതാവ് സ്ഥാനമടക്കം വഹിച്ചിരുന്ന വ്യക്തി ലഹരി ഉപയോഗത്തിൽ പിടിയിലായതോടെ കോൺഗ്രസ് നേതൃത്വവും പ്രതിരോധത്തിലായിട്ടുണ്ട്.
മൂന്നരമാസം; പിടിയിലായത് 549 പേർ
ഓപറേഷൻ തൂഫാന് കീഴിൽ മൂന്നരമാസത്തിനിടെ ഇടുക്കി ജില്ലയിൽ 507 കേസുകളിൽ 549 പേർ അറസ്റ്റിലായി. ഇവരിൽനിന്ന് 117.21 ഗ്രാം ഹഷീഷ് ഓയിൽ, 33.24 ഗ്രാം എം.ഡി.എം.എ, 0.102 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 21.9772 കിലോ ഗ്രാം കഞ്ചാവ്, 268 കഞ്ചാവ് ബീഡികൾ, 30 കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ജില്ല തൂഫാൻ കൺട്രോൾ റൂം നമ്പറായ 9497932508ൽ അറിയിക്കണമെന്നും ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും ജില്ല പൊലീസ് സൂപ്രണ്ട് ഡോ. എ. നസീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.