വിവാഹ സൽക്കാരത്തിനിടെ സംഘർഷം: എട്ടുപേർക്ക് പരിക്കേറ്റു

ഇടുക്കി: വിവാഹ സൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാറിൽ വിവാഹ സൽക്കാരത്തിനിടെ വരന്‍റെ ബന്ധുക്കളും കാറ്ററിങ് ജീവനക്കാരും തമ്മിലാണ് കൂട്ടയടി നടന്നത്. സംഘർഷത്തിൽ ഇരുവിഭാഗത്തിപ്പെട്ട എട്ടുപേർക്കാണ് പരിക്കേറ്റത്.

വണ്ടിപ്പെരിയാറിനടുത്തുള്ള ഗ്രാമ്പി സ്വദേശികളുടെ വിവാഹ സൽക്കാരത്തിനിടെയാണ് കൂട്ടയടി നടന്നത്. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങശുടെ തുടക്കം. അവസാന സമയത്താണ് വരന്‍റെ സഹോദരിയും ഭർത്താവും ചില ബന്ധുക്കളും ഭക്ഷണം കഴിക്കാനായി എത്തിയത്. കാറ്ററിങ് ജീവനക്കാർ വൃത്തിയാക്കി കൊണ്ടിരുന്ന മേശക്ക് ചുറ്റും ഇവർ ഇരുന്നു. സമീപം വൃത്തിയാക്കിയ മേശയുണ്ടെന്നും അവിടേക്ക് മാറിയിരിക്കണമെന്നും ജീവനക്കാർ പറഞ്ഞു. എന്നാൽ, ഇത് ബന്ധുക്കൾ അവഗണിച്ചതോടെ തർക്കമുണ്ടാവുകയായിരുന്നു.

പാത്രങ്ങൾ ഉപയോഗിച്ച് കേറ്ററിങ് ഉടമയുടെ തലക്ക് അടിച്ചതോടെ ഇരുവിഭാഗവും തമ്മിൽ കൂട്ടയടിയായി. വരന്‍റെ സഹോദരിയുടെ ഭർത്താവും മൂന്ന് കാറ്ററിങ് ജീവനക്കാരും ഉൾപ്പെടെയുള്ള എട്ടുപേർക്കാണ് പരിക്കേറ്റത്. ഇവർ വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിൽ ആശുപത്രികളിൽ ചികിത്സ തേടി. ഇരുവിഭാഗത്തിലുള്ളവരും പരാതി നൽകാൻ തയാറാകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

Tags:    
News Summary - Clashes during wedding reception: Eight people injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.