അ​റ​സ്റ്റി​ലാ​യ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ൾ

മൈസൂരു-ബംഗളൂരു ദേശീയപാതയിൽ യാത്രക്കാരെ കൊള്ളയടിച്ച കേസ്; മൂന്ന് എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ

ബംഗളൂരു: ഓൺലൈൻ വാതുവെപ്പിന് പണം കണ്ടെത്തുന്നതിനായി ബംഗളൂരു-മൈസൂരു ദേശീയപാതയിൽ യാത്രക്കാരെ കൊള്ളയടിച്ച കേസിൽ മൂന്ന് എൻജിനീയറിങ് വിദ്യാർഥികളെ മാണ്ഡ്യ പൊലീസ് അറസ്റ്റ് ചെയ്തു. കിരൺ, കുശാൽ ബാബു, ഗോകുൽ എന്നിവരാണ് അറസ്റ്റിലായത്.

കിരണും കുശാൽ ബാബുവും ബംഗളൂരുവിലെ പ്രശസ്ത എൻജിനീയറിങ് കോളജിൽ ഏഴാം സെമസ്റ്റർ വിദ്യാർഥികളും എൻജിനീയറിങ് വിദ്യാർഥിയായ ഗോകുൽ അതേസ്ഥാപനത്തിലെ മറ്റൊരു വിദ്യാർഥിയുടെ സഹോദരനുമാണ്.

കഴിഞ്ഞ മാസം മുതൽ മൂവരും തട്ടിപ്പ് നടത്തിവരുകയാണെന്ന് പൊലീസ് സംശയിക്കുന്നു. കോലാറിൽനിന്നുള്ള രണ്ടുപേരും ബംഗളൂരുവിൽനിന്നുള്ള ഒരാളും ഉൾപ്പെടുന്ന സമ്പന്ന കുടുംബങ്ങളിൽനിന്നുള്ള മൂവരും ഓൺലൈൻ വാതുവെപ്പിനും അനുബന്ധ ദുശ്ശീലങ്ങൾക്കും അടിമപ്പെട്ട് കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞതായി പൊലീസ് കണ്ടെത്തി. പണം, മൊബൈൽ ഫോണുകൾ, ആഭരണങ്ങൾ എന്നിവ മോഷ്ടിക്കുന്നതിനു പുറമെ വാതുവെപ്പ് ആപ്പുകളിലേക്ക് യു.പി.ഐ ട്രാൻസ്ഫർ നടത്താൻ ഇരകളെ നിർബന്ധിച്ചുവെന്നും പറയുന്നു.

കെങ്കേരി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചിരുന്ന സംഘം മാണ്ഡ്യയിലേക്കോ മൈസൂരുവിലേക്കോ ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെയാണ് ഇരയാക്കിയത്. ബസുകൾ വൈകിയാലോ തിരക്കേറിയാലോ നിരവധി യാത്രക്കാർ ബസ് ടിക്കറ്റ് നിരക്കിൽ ഷെയേർഡ് കാർ യാത്ര തെരഞ്ഞെടുക്കാറുണ്ട്. ഇവരെയാണ് വിദ്യാർഥികൾ ചൂഷണം ചെയ്തത്.

സംശയം തോന്നാതിരിക്കാൻ ഇതര സംസ്ഥാന കാർ ഉപയോഗിച്ച് ഒരാൾ ഡ്രൈവറായും മറ്റു രണ്ടുപേർ യാത്രക്കാരായും അഭിനയിക്കും. കെങ്കേരി, മൈസൂരു ബസ് സ്റ്റാൻഡുകൾക്ക് സമീപം കാത്തുനിൽക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് കർണാടക രജിസ്ട്രേഷൻ നമ്പറില്ലാത്ത വാടക കാർ ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

മൈസൂരു-ബംഗളൂരു ദേശീയപാത 275ൽ ബിഡദി, രാമനഗര വഴി എത്തുമ്പോൾ മാണ്ഡ്യയിലെ തൂബിനകെരെ-കരിഘട്ടക്ക് സമീപം കാർ പുറത്തേക്ക് പോകും. ചോദ്യം ചെയ്താൽ, ടോൾ ഒഴിവാക്കാനാണെന്ന് ഡ്രൈവർ പറയും. ഒറ്റപ്പെട്ട സ്ഥലങ്ങളിലെത്തുമ്പോൾ യാത്രക്കാരുടെ കഴുത്തിൽ കയറുകെട്ടി ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കുകയും യു.പി.ഐ വഴി പണം കൈമാറാനും നിർബന്ധിക്കും. തുടർന്ന് ഇരകളെ റോഡരികിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട നിരവധി സംഭവങ്ങളുണ്ടായി.

കുടക് വിരാജ്പേട്ടയിലെ അബ്ദുൽ ജലീൽ ഇതുപോലെ വഞ്ചിക്കപ്പെട്ടിരുന്നു. 4000 രൂപയും ഫോണും കവർന്ന് വഴിയിൽ ഇറക്കിവിട്ടു. പരിസരവാസികളുടേയും ഹൈവേ പട്രോളിങ്ങിന്റെയും സഹായത്തോടെ ജലീലിന് മാണ്ഡ്യ റൂറൽ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തൊട്ടുപിന്നാലെ മൈസൂരുവിൽനിന്നുള്ള മറ്റൊരു ഇരയായ യതീന്ദ്രയെയും ഇതേ രീതിയിൽ കൊള്ളയടിച്ചതായി മാണ്ഡ്യ പൊലീസിൽ പരാതി ലഭിച്ചു.

യാത്രക്കാരെ ലക്ഷ്യംവെക്കുന്നത് മനസ്സിലാക്കിയ മാണ്ഡ്യ പൊലീസ് ഡിവൈ.എസ്.പി ലക്ഷ്മിനാരായണയുടെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചു. ഉദ്യോഗസ്ഥരായ ശിവപ്രസാദ്, പ്രകാശ്, ശേഷാദ്രി എന്നിവർ അന്വേഷണം ഏകോപിപ്പിച്ചു. അവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി മൂവരെയും അറസ്റ്റ് ചെയ്തു. അപരിചിതരിൽനിന്നുള്ള യാത്ര ഓഫറുകൾ സ്വീകരിക്കരുതെന്ന് പൊലീസ് യാത്രക്കാർക്ക് നിർദേശം നൽകി.

Tags:    
News Summary - Three engineering students arrested in Mysore-Bengaluru highway robbery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.