കവർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ വിരലടയാള
വിദഗ്ധർ പരിശോധിക്കുന്നു
കോഴിക്കോട്: സിറ്റി പൊലീസിന്റെ നിയന്ത്രണത്തിലുള്ള മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം. സിറ്റി പൊലീസ് ആസ്ഥാനത്തിനോട് ചേർന്നുള്ള ക്ഷേത്രത്തിലാണ് ഭണ്ഡാര കവർച്ച നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്.
രാത്രി 8.45 വരെ ജീവനക്കാർ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചേമുക്കാലിന് ക്ഷേത്രത്തിൽ ജീവനക്കാർ എത്തിയപ്പോഴാണ് ഭണ്ഡാരങ്ങൾ കാണാതായതായി ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായാണ് അറിയുന്നത്.
ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തി നടത്തിയ പരിശോധനക്കിടെ ക്ഷേത്രത്തിനു സമീപത്തെ ഓടയിൽ നിന്ന് രണ്ടു ഭണ്ഡാരങ്ങൾ പുല്ലുകൊണ്ട് മൂടിയ നിലയിൽ കണ്ടെത്തി. സിറ്റി ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ സുധീറാണ് ഭണ്ഡാരങ്ങൾ കണ്ടെത്തിയത്.
അടുത്തിടെ ഭണ്ഡാരം ക്ഷേത്ര അധികൃതർ തുറന്നതിനാൽ നിലവിൽ കൂടുതൽ പണം ഭണ്ഡാരത്തിൽ ഉണ്ടായിരുന്നില്ല. പാവമണി റോഡ് ഭാഗത്തുനിന്നാണ് പ്രതി ക്ഷേത്രത്തിൽ എത്തിയത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
എസ്.സി.പി.ഒ ശാലു, സി.പി.ഒ സുജിത് എന്നീ സിറ്റി സ്ക്വാഡ് അംഗങ്ങളും കസബ സ്റ്റേഷനിലെ എസ്.ഐ ജഗ്മോഹൻ ദത്തൻ, സി.പി. സജേഷ്, സുധീർ, സുദേഷ്, ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.