ബാ​സിം നു​ജൂം

ഓൺലൈൻ തട്ടിപ്പ് : 76 ലക്ഷംരൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ

കോഴിക്കോട്: ഓൺലൈൻ തട്ടിപ്പ് വഴി 76,35,000 രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. കോഴിക്കോട് പേരാമ്പ്ര കായണ്ണ മുതിരക്കാലയില്‍ ബാസിം നുജൂമാണ് (32) അറസ്റ്റിലായത്. പ്രതിക്കെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിൽ സൈബര്‍ ക്രൈം പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ.പി.ഒകളിലും, ഷെയർ മാർക്കറ്റിലും പണം നിക്ഷേപിച്ച് കൂടുതൽ ലാഭമുണ്ടാക്കിത്തരാമെന്ന് വാട്സ്ആപ് വഴിയും മറ്റും ബന്ധപ്പെട്ട് വിശ്വസിപ്പിച്ച് ഓണ്‍ ലൈന്‍ വഴി 76.35 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ബാങ്ക് അക്കൗണ്ട് വാടകക്ക് നല്‍കി തട്ടിപ്പ് നടത്തിയ പണം കൈക്കലാക്കിയായിരുന്നു തട്ടിപ്പ്.

കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 20 ഇടപാടുകളിലൂടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 76.35 ലക്ഷം ട്രാന്‍സ്ഫര്‍ ചെയ്യിച്ചാണ് പണം തട്ടിയെടുത്തത്. പ്രതിയുള്‍പ്പെട്ട തട്ടിപ്പ് സംഘം ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 6.50 ലക്ഷം രൂപ തന്റെ പേരിലുള്ള ഫെഡറല്‍ ബാങ്ക് മൊട്ടന്‍തറ ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതി ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത 37.85 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലും ഉള്‍പ്പെട്ടതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

പണം നഷ്ടപ്പെട്ട വിവരം സൈബർ ക്രൈം ഹെൽപ് നമ്പറായ 1930ല്‍ വിളിച്ച് പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോഴിക്കോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബാങ്ക് ഇടപാട് സംബന്ധിച്ച് വിശദമായി വിവരങ്ങൾ വിശകലനം ചെയ്താണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇത്തരത്തിൽ അനധികൃതമായി പണം സ്വീകരിച്ച് തട്ടിപ്പ് നടത്തുന്നവരെപ്പറ്റി കൂടുതൽ അന്വേഷണം തുടരുകയാണ്. ഓൺലൈൻ തട്ടിപ്പുകാർക്കുവേണ്ടി ബാങ്ക് അക്കൗണ്ട് എടുത്ത് ഉപയോഗിക്കുന്നവരെപ്പറ്റിയും പണം സ്വീകരിച്ച് ലാഭമെടുക്കുന്നവരെപ്പറ്റിയും കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ കെ.കെ. ആഗേഷ് അന്വേഷണ ഉദ്യോഗസ്ഥനായ കേസില്‍ സബ് ഇന്‍സ്പെക്ടര്‍ ജമേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിമീഷ്, സി.പി.ഒ സനില്‍ എന്നിവരടങ്ങുന്ന സംഘമാണ് മുംബൈയില്‍ എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. കമീഷനുകളിലും മോഹന വാഗ്ദാനങ്ങളിലും പെട്ട് സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍, ഫോണ്‍ നമ്പറുകള്‍, എ.ടി.എം കാർഡ് എന്നിവ മറ്റുള്ളവര്‍ക്ക് പണം കൈമാറുന്നതിനായി നല്‍കരുത് എന്ന് പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാതെ പൊതുജനം പ്രത്യേകം ജാഗ്രത പാലിക്കണം. സൈബര്‍ തട്ടിപ്പുകളില്‍ ഇരയായാല്‍ 1930 നമ്പറില്‍ വിളിച്ചോ www.cybercrime.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തോ പരാതിപ്പെടാവുന്നതാണ്.

Tags:    
News Summary - Online fraud: Suspect arrested in Rs 76 lakh fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.