രണ്ടു​കോടിയുടെ സൈബർ തട്ടിപ്പ്: തട്ടിപ്പുകാർക്ക് പണം നൽകാൻ ഫ്ലാറ്റും സ്ഥലവും വിറ്റ് ബംഗളുരു ടെക്കി

ബംഗളൂരു: രണ്ടു കോടി രൂപയുടെ സൈബർ തട്ടിപ്പിന് ഇരയായി ബംഗളൂരുവിലെ സോഫ്റ്റ്​വെയർ പ്രഫഷനൽ. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘത്തിന്റെ വലയിലായ അവർ പണം നൽകാൻ ബംഗളൂരുവിലെ തന്റെ ഫ്ലാറ്റും സ്ഥലങ്ങളും വിൽപ്പന നടത്തി.

സോഫ്റ്റ്​വെയർ കമ്പനിയിൽ ​ജോലി ചെയ്യുന്ന തട്ടിപ്പിനിരയായ ബബിത ദാസ് 10 വയസുള്ള മകനൊപ്പം ബംഗളൂരുവിലെ വിഗ്നം നഗറിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ജൂണിൽ കൊറിയൻ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഒരാളുടെ കോൾ ലഭിച്ചു. അവരുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന സംശയാസ്പദമായ ഒരു ബാഗേജ് പിടിച്ചെടുത്തുവെന്നായിരുന്നു അയാൾ അവകാശപ്പെട്ടത്.

തുടർന്ന് ഫോൺ മുംബൈ പൊലീസുകാരെന്ന് പരിചയപ്പെടുത്തിയ ആളുകൾക്ക് കൈമാറി. അവരെ അറസ്റ്റ് ചെയ്യുമെന്ന് അവർ ഭീഷണിമുഴക്കി. വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാകുന്നതുവരെ കോൾ കട്ടുചെയ്യരുതെന്നും നിർദേശം നൽകി.

ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ തട്ടിപ്പുകാർ അവരോട് ആവശ്യപ്പെട്ടു. സഹകരിച്ചില്ലെങ്കിൽ മകൻ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.

മകന്റെ ഭാവിയെ കരുതി ബബിത ദാസ് അവർ പറഞ്ഞതെല്ലാം അനുസരിച്ചു. സ്വത്തുവകകൾ വിറ്റുകിട്ടിയ പണമെല്ലാം തട്ടിപ്പുകാരുടെ അക്കൗണ്ടി​ലേക്ക് കൈമാറി. തട്ടിപ്പുകാർ ചോദിച്ച മുഴുവൻ തുകയും ഒപ്പിക്കാൻ ബാങ്ക് ലോൺ പോലും എടുക്കേണ്ടി വന്നു. എല്ലാം കൂടി രണ്ടു കോടി രൂപയാണ് ബബിത ദാസിന് നഷ്ടമായത്. പണം തിരി​കെ നൽകാമെന്നും സമീപത്തെ പൊലീസ് സ്റ്റേഷനിൽ എത്താനും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. പിന്നീടവർ ഫോൺ കോൾ കട്ട് ചെയ്തു. സ്വിച്ച് ഓഫ് ആക്കി മുങ്ങുകയും ചെയ്തു. വൈറ്റ്ഫീൽഡ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് യുവതി. പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.


Tags:    
News Summary - Bengaluru Techie Sells Her Flat, 2 Plots To Pay Fake Cops Rs 2 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.