പിടികൂടിയ കുഴൽപണവും പ്രതിയുമായി ആർ.പി.എഫ് സംഘം
പാലക്കാട്: ട്രെയിനിൽ കടത്തിയ കുഴൽപണവുമായി യുവാവ് പിടിയിൽ. 33,74,000 രൂപയുടെ ഇന്ത്യൻ കറൻസിയുമായി ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശി ഷെയ്ഖ് മസ്താനെയാണ് (49) പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർ.പി.എഫ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ്-കൊച്ചുവേളി ശബരി എക്സ്പ്രസിൽ ആന്ധ്രപ്രദേശിലെ നെല്ലൂരിൽ നിന്നും ഒറ്റപ്പാലത്തേക്ക് റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
രേഖകൾ കൈവശം ഉണ്ടായിരുന്നില്ലെന്ന് ആർ.പി.എഫ് അധികൃതർ പറഞ്ഞു. പിടിച്ചെടുത്ത പണവും പ്രതിയെയും തുടർ അന്വേഷണത്തിനായി പാലക്കാട് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിങ് അസിസ്റ്റന്റ് ഡയറക്ടർക്ക് കൈമാറി. ആർ.പി.എഫ് സി.ഐ സൂരജ് എസ്. കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സജി അഗസ്റ്റിൻ, ഷാജുകുമാർ, കെ. സുനിൽ കുമാർ, വനിത കോൺസ്റ്റബിൾ വീണ ഗണേഷ് എന്നിവർ പരിശോധന സംഘത്തിൽഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.