കൊച്ചി: മോശം പെരുമാറ്റം ചോദ്യംചെയ്ത പെൺകുട്ടികളെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ അരുൺ, സാബിത്ത്, മലപ്പുറം സ്വദേശി ആൽബിൻ സൈമൺ എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നു.
ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ എറണാകുളം കലൂരിലാണ് സംഭവം. സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികൾ തങ്ങൾ താമസിച്ചിരുന്ന സ്ഥലത്തിന് സമീപത്തെ കടയിലേക്ക് ചായ കുടിക്കാൻ കലൂർ ചക്കാലപ്പാടം റോഡിലൂടെ നടന്നുപോകുകയായിരുന്നു. ഈ സമയം എതിരെ വന്ന രണ്ടു സ്ത്രീകൾ ഉൾപ്പെടുന്ന പത്തംഗം സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തിലുണ്ടായിരുന്ന കലൂർ ലിബർട്ടി ലൈനിൽ ഹൈലാൻഡ് ലോഡ്ജ് നടത്തിപ്പുകാരൻ മണ്ണാർക്കാട് സ്വദേശി അക്ബർ അലി പെൺകുട്ടികളിലൊരാളെ ആംഗ്യം കാണിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തത്രെ. ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടാവുകയായിരുന്നു.
സംഭവം ചിത്രീകരിക്കാൻ തുടങ്ങിയപ്പോൾ അക്ബർ അലി പെൺകുട്ടിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും മർദിക്കുകയും ചെയ്തു. നിലത്തുനിന്ന് ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ മുടിക്ക് പിടിച്ച് കറക്കി നിലത്തെറിയാൻ ശ്രമിച്ചതായും നെഞ്ചിൽ ചവിട്ടിയതായും വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
ഹോസ്റ്റലിലേക്ക് പോയ പെൺകുട്ടികളെ പിന്തുടർന്നും ആക്രമിക്കാൻ ശ്രമമുണ്ടായി. കഴുത്തിൽ ഉൾപ്പെടെ പരിക്കേറ്റ പെൺകുട്ടി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ത്രീത്വത്തെ അപമാനിക്കൽ, ക്രിമിനൽ ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. അതേസമയം, സ്ഥലത്തെത്തിയ പൊലീസുകാർ എന്തിനാണ് ഈ സമയത്ത് പുറത്തിറങ്ങിയതെന്ന് ചോദിക്കുകയും പെൺകുട്ടികളുടെ വസ്ത്രധാരണ രീതിയെ കുറ്റപ്പെടുത്തുകയും ചെയ്തതായും പറയപ്പെടുന്നു. എന്നാൽ, ഇതുസംബന്ധിച്ച് പരാതി ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഒന്നാം പ്രതി അക്ബർ അലിയടക്കം മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ആക്രമണം നടന്ന പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.