മുംബൈ: മിരാ ഭയന്ദറിൽ നാല് വയസ്സുകാരനായ ആൺകുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിയിച്ച് പൊലീസ്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഓടയിൽ വീണുണ്ടായ അപകടമരണമെന്ന് കരുതിയ സംഭവത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകവിവരം പുറത്തുവന്നത്. കുട്ടിയുടെ അമ്മയുടെ കാമുകൻ ക്രൂരമായി മർദ്ദിച്ചുകൊന്ന ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം ഓടയിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ പ്രതിയെ കാശിമിര പൊലീസ് അറസ്റ്റ് ചെയ്തു.
നീൽകമൽ നാക പ്രദേശത്തെ ഒരു തുറന്ന ഓടയിൽ നിന്നാണ് ചൊവ്വാഴ്ച രാവിലെ നാല് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീണ് മരിച്ചതാകാമെന്നാണ് ആദ്യം നാട്ടുകാരും പൊലീസും കരുതിയത്. എന്നാൽ, പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾക്കിടയിൽ തന്നെ സംഭവത്തിൽ ചില ദുരൂഹതകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ അന്വേഷണത്തിന്റെ ദിശ മാറ്റാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ മഹാജൻ കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ നിരവധി പാടുകൾ കണ്ടെത്തി. തുടർന്ന് മൃതദേഹം വിശദമായ പോസ്റ്റുമോർട്ടത്തിനും ഫോറൻസിക് പരിശോധനക്കുമായി അയച്ചു. കുട്ടി മരിച്ചത് ഓടയിലെ വെള്ളം ഉള്ളിൽച്ചെന്നല്ലെന്നും കടുത്ത ശാരീരിക മർദനത്തെ തുടർന്നാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമായി. ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മയുടെ കാമുകനായ ജംഭു ശർമ്മ എന്ന നേപ്പാളിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പാലത്തിനടിയിൽ അന്തിയുറങ്ങുന്ന ജംഭു ശർമ്മ, കുട്ടിയുടെ അമ്മ, മരിച്ച കുട്ടി എന്നിവർ നാടോടികളായിരുന്നു. ആക്രി പെറുക്കിയാണ് ഇവർ ജീവിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചക്ക് കടുത്ത മദ്യലഹരിയിലായിരുന്ന പ്രതി, കുട്ടി നിർത്താതെ കരഞ്ഞതിൽ ദേഷ്യം പൂണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ കണ്ണുമുന്നിൽ വെച്ചായിരുന്നു ഈ ക്രൂരത. രാത്രിയോടെ കുട്ടി മരിച്ചുവെന്ന് മനസ്സിലാക്കിയ പ്രതി പരിഭ്രാന്തനാകുകയും, അപകടമരണമെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം അടുത്തുള്ള ഓടയിലേക്ക് വലിച്ചെറിയുകയുമായിരുന്നു.
തനിക്ക് കുട്ടിയുടെ അമ്മയോടൊപ്പം തനിച്ചുകഴിയാൻ കുട്ടി ഒരു തടസ്സമാണെന്ന ചിന്തയും കുട്ടിയോടുള്ള കടുത്ത വിദ്വേഷവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഡെപ്യൂട്ടി പൊലീസ് കമീഷണർ രാഹുൽ ചവാൻ, സീനിയർ പൊലീസ് ഇൻസ്പെക്ടർ രാഹുൽ പാട്ടീൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചത്. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.