ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം: ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സ്ത്രീ പിടിയിൽ

പാലക്കാട്: ക്ഷേത്രത്തിൽക്കയറി ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചെന്ന കേസിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സ്ത്രീ പിടിയിൽ. നെന്മാറ കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതിയെയാണ് (പ്രസന്ന -42) പിടികൂടിയത്.

2020-ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നെന്മാറ ഗ്രാമപഞ്ചായത്തിലേക്ക് 17-ാം വാർഡിൽനിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ച പ്രഭാവതി, മുക്കുപണ്ടം നൽകി തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ മോഷ്ടിച്ചെന്നാണു പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നെന്മാറ പൊലീസാണ് പ്രതിയെ പിടികൂടിയത്.

ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികളെത്തിയപ്പോഴാണ് ഭണ്ഡാരം തുറന്നനിലയിൽ കണ്ടെത്തിയത്. തുടർന്ന്, നെന്മാറ പൊലീസിൽ പരാതി നൽകി. സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽനിന്നാണ് പ്രഭാവതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് നീണ്ടൂർ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽനിന്ന് സ്വർണമാലയും വെള്ളിയാഭരണങ്ങളും കവർന്ന കേസിൽ മറ്റൊരു ബി.ജെ.പി നേതാവിനെ പൊലീസ് അറസ്റ്റ് ​ചെയ്തിരുന്നു. നീണ്ടൂർ സ്വദേശി സനൽ നമ്പൂതിരിപ്പാടിനെയാണ് (45) ഏറ്റുമാനൂർ പൊലീസ് അന്ന് പിടികൂടിയത്. ഇയാളും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു. പാർട്ടി മണ്ഡലം പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്.


ഏപ്രിൽ രണ്ടിന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ മോഷണം. പൂജാരി ശ്രീകോവിലിൽനിന്നു പുറത്തിറങ്ങിയ തക്കംനോക്കി അകത്തുകയറിയ പ്രതി സ്വർണമാലയും വെള്ളി അങ്കിയും വെള്ളിമാലയും കൈക്കലാക്കുകയായിരുന്നു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. മോഷണം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സനൽ നമ്പൂതിരിപ്പാടിനെ തിരിച്ചറിഞ്ഞത്.

Tags:    
News Summary - Former BJP Candidate Arrested for Temple theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.