ഒരു വീട്, നാല് മൃതദേഹങ്ങൾ... ദുരൂഹമായി ബണ്ട്‍ലി -ബബ്ലി സന്ദേശം; പ്രയാഗ് രാജിനെ നടുക്കി കൂട്ടക്കൊല

ലഖ്നോ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിനെ നടുക്കി കൂട്ടക്കൊലപാതകം. ദിവസങ്ങളായി പൂട്ടിക്കിടന്നിരുന്ന വീട്ടിൽനിന്ന് ദുർഗന്ധം പുറത്തുവന്നതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് കൂട്ടകൊലപാതക വിവരം പുറത്തറിയുന്നത്. കുടുംബത്തിലെ നാലുപേരെ പൊലീസ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ചൊവ്വാഴ്ച രാവിലെയാണ് സബ്സി മണ്ഡി പ്രദേശത്തുനിന്ന് പൊലീസിന് പ്രദേശവാസികളുടെ ഫോൺ കോൾ ലഭിക്കുന്നത്. പൊലീസ് വീടിന്റെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ വ്യത്യസ്ത മുറികളിലായി മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. 70 വയസ്സുള്ള വ്യവസായി വീരേന്ദ്ര വൈശ്യ, ഭാര്യ അനിത (65), മകൾ മീനാക്ഷി (45) എന്നിവരാണ് ​കൊല്ലപ്പെട്ടത്.

കൊലപാതകത്തെ തുടർന്ന് ദമ്പതികളുടെ മകനായ 40കാരൻ അഭിഷേക് വൈശ്യയെ പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പൊലീസ് വീടും പരിസരവും അരിച്ചുപെറുക്കി. ഇതോടെ വീടിന് സമീപത്തെ കടയിൽനിന്ന് അഭിഷേകിന്റെ മൃതദേഹവും പൊലീസ് കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങളിൽ പരി​ക്കേറ്റതിന്റെ പാടുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങളിൽ ചിലതിന്റെ തല അറുത്ത നിലയിലാണെന്ന വിവരങ്ങൾ ഉണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.


കാർഡ്ബോർഡിൽ എഴുതിയ നിലയിൽ ഒരു സന്ദേശവും പൊലീസ് വീട്ടിൽനിന്ന് ക​ണ്ടെടുത്തു. ‘ബണ്ടിയും ബബ്ലിയുടെ മരുമകളും അവരെ ​കൊന്നു’ എന്നായിരുന്നു കാർഡ്ബോർഡിലെ സന്ദേശം. അന്വേഷണ ഉദ്യോഗസ്ഥർ കൈയക്ഷരം പരിശോധിക്കുന്നതിനായി വിദഗ്ധർക്ക് അയച്ചു. കൊല്ലപ്പെട്ടവർ എഴുതിയതാണോ അതോ അന്വേഷണം വഴിതെറ്റിക്കാൻ വേണ്ടി മനപൂർവം എഴുതിയ​താണോ എന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സ്വത്ത് തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അഭിഷേകിന്റെ വ്യക്തി -ബിസിനസ് ബന്ധങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. വീരേന്ദ്ര വൈശ്യയുടെ മറ്റൊരു മകനായ അശ്വനിയും ഭാര്യ റിതുവും തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്നു. ഇരുവരും ജയിലിലാണോ അതോ ജാമ്യത്തിലാണോ എന്നും കൊലപാതകത്തിൽ ഇരുവർക്കും പ​ങ്കുണ്ടോയെന്നും ​​അന്വേഷണം പുരോഗമിക്കുകയാണെന്നും സിറ്റി പൊലീസ് ഡി.സി.പി മനീഷ് ഷാൻഡില്യ പറഞ്ഞു.

Tags:    
News Summary - one house four bodies cryptic Bunty Babli message Prayagraj murder mystery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.