തൃശൂർ: ബംഗളൂരുവിൽ തൊഴിലുടമയുടെ ക്രൂരമർദനമേറ്റ് ദാരുണമായി കൊല്ലപ്പെട്ട വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനി സുനിത കേരളം ഞെട്ടിയ ജയിൽ വെളിപ്പെടുത്തലിലൂടെ വാർത്തകളിൽ നിറഞ്ഞ വ്യക്തി. കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിലിൽ ലഭിച്ച വി.ഐ.പി പരിഗണനയും ഉന്നതബന്ധങ്ങളുമായിരുന്നു കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സുനിത തുറന്നുകാട്ടിയത്.
വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന കാലത്താണ് ഇവർ ഷെറിനൊപ്പമുണ്ടായിരുന്നത്. ജയിലിൽ മറ്റു തടവുകാർക്കുള്ളതിനേക്കാൾ വലിയ സൗകര്യങ്ങളാണ് ഷെറിന് ലഭിച്ചിരുന്നതെന്നും മേക്കപ്പ് സാധനങ്ങളും മൊബൈൽ ഫോണും ഇവർ ഉപയോഗിച്ചിരുന്നതായും സുനിത വെളിപ്പെടുത്തിയിരുന്നു. മുൻ ജയിൽ ഡി.ഐ.ജി പ്രദീപുമായും മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറുമായും ഷെറിന് ബന്ധമുണ്ടായിരുന്നുവെന്നും ഇതിന്റെ സ്വാധീനത്തിലാണ് തുടർച്ചയായി പരോൾ ലഭിച്ചതെന്നും ഇവർ ആരോപിച്ചിരുന്നു.
ജയിലിലെ സുഖവാസത്തിനെതിരെ 2015ൽ പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥർ ഷെറിനെ സംരക്ഷിക്കുകയാണുണ്ടായത്. ഇതിന്റെ പേരിൽ താൻ കടുത്ത ഭീഷണി നേരിട്ടതായും സുനിത വ്യക്തമാക്കിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് ഒരു വിദേശ തടവുകാരിയെ ഷെറിൻ ആക്രമിച്ചിരുന്നെങ്കിലും ജയിൽ ഉദ്യോഗസ്ഥർ അനുകൂലമായാണ് റിപ്പോർട്ട് നൽകിയതെന്ന വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഷെറിന് ശിക്ഷാ ഇളവ് നൽകി വിട്ടയച്ച തീരുമാനത്തിനെതിരായ സുനിതയുടെ വെളിപ്പെടുത്തലുകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്കും കാരണമായി.
നാട്ടിൽ 140ഓളം തെരുവുനായ്ക്കളെ സ്വന്തമായി സംരക്ഷിച്ചിരുന്ന സുനിത, സ്കൂളുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ നൽകിയാണ് ഇവയെ വളർത്തിയിരുന്നത്. അവധിക്കാലമായതോടെ നായ്ക്കൾക്ക് ഭക്ഷണം നൽകാൻ പ്രയാസമായി. ഇതിനിടെയാണ് ബംഗളൂരുവിലെ ഷെൽട്ടർ ഹോമിന്റെ പരസ്യം കണ്ടത്. ഏപ്രിൽ 17നാണ് ഭർത്താവ് ഷിന്റോക്കും മറ്റ് രണ്ട് സ്ത്രീകൾക്കുമൊപ്പം ബംഗളൂരുവിലേക്ക് തിരിച്ചത്.
മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ദീപക് സുനിതയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും എതിർത്ത സുനിത നാട്ടിലേക്ക് മടങ്ങുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ദീപക് സുനിതയെ അതിക്രൂരമായി മർദിക്കുകയായിരുന്നു.
തല ഭിത്തിയിലും അലമാരയിലും ഇടിപ്പിച്ച പ്രതി, നിലത്തുവീണ ഇവരുടെ നെഞ്ചിൽ ആഞ്ഞുചവിട്ടി. തടയാൻ ശ്രമിച്ച മറ്റ് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സുനിതയെ വെന്റിലേറ്റർ ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലക്കേറ്റ കനത്ത അടിയെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. സുനിതയെ താൻ മർദിച്ചതായി ദീപക് സമ്മതിക്കുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. നിലവിൽ തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.