ബെംഗളൂരുവിൽ രണ്ട് പെൺമക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: ഫൈവ് സ്റ്റാർ ഹോട്ടലിൽ രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. നാഗവാര സ്വദേശി എസ്.ജി. ഇമ്രാൻ (40) ആണ് പത്തും അഞ്ചും വയസ്സുള്ള പെൺമക്കളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ ഇമ്രാനെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നിലയും ഗുരുതരമാണ്.

സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഇമ്രാനും രണ്ട് പെൺമക്കളും കഴിഞ്ഞ ദിവസം വൈകിട്ടാണ് ഹോട്ടലിൽ മുറിയെടുത്തത്. വൈകിട്ട് നാലോടെ ക്ലീനിംഗ് ജീവനക്കാർ മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിൽ തുറന്ന് പരിശോധിച്ചു.

കുട്ടികളെ കിടക്കയിൽ മരിച്ചനിലയിലാണ് കണ്ടെത്തിയത്. സമീപത്തെ ശുചിമുറിയിൽ കഴുത്ത് മുറിഞ്ഞ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഇമ്രാനെ കണ്ടെത്തിയപ്പോൾ. തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇമ്രാൻ സംശയിച്ചിരുന്നതായും ഭാര്യയുടെ ബന്ധത്തിന് തെളിവുണ്ടെന്ന് അവകാശപ്പെടുന്ന ആത്മഹത്യാക്കുറിപ്പും ഇയാൾ എഴുതിയിട്ടുണ്ട്. മക്കൾ ഇത്തരത്തിലുള്ള ഒരു അമ്മക്കൊപ്പം വളരുന്നത് താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് അവരെ കൊന്ന് എന്നെയും ഇല്ലാതാക്കാൻ തീരുമാനിച്ചതെന്നുമാണ് കുറിപ്പിൽ പറയുന്നതെന്ന് പൊലീസ് അറിയിച്ചു.

ഇമ്രാന്റെ സമീപത്തുനിന്ന് രക്തം പുരണ്ട കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്ത്  മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

താൻ തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് ഇമ്രാൻ പൊലീസിനോട് സമ്മതിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ആത്മഹത്യാക്കുറിപ്പിൽ പറയുന്ന കാരണമാണോ യഥാർഥ കൊലപാതകകാരണമെന്നും, സംഭവത്തിലേക്ക് നയിച്ച കുടുംബപ്രശ്നങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്.

കുടുംബാംഗങ്ങളിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷമേ സംഭവത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജി.കെ. മിഥുൻ കുമാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - ബെംഗളൂരുവിൽ രണ്ട് പെൺമക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.