ജനിച്ച് മൂന്നാംനാൾ ഉപേക്ഷിക്കപ്പെട്ടു; എടുത്തുവളർത്തിയ അമ്മയെ ആൺ സുഹൃത്തുക്കളെ കൂട്ടി കൊലപ്പെടുത്തി എട്ടാംക്ലാസുകാരി

ന്യൂഡൽഹി: ഒഡിഷയിലെ ഗജപതി ജില്ലയിൽ വളർത്തമ്മയെ ആൺ സുഹൃത്തുക്കളുടെ സഹായത്തോടെ 13കാരി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. 54കാരിയായ രാജലക്ഷ്മി കർ ഏപ്രിൽ 29നാണ് പരലാഖമുണ്ഡിയിലെ വാടക വീട്ടിൽ കൊല്ലപ്പെട്ടത്. എട്ടാംക്ലാസുകാരിയായ ദത്തുപുത്രിക്ക് ആൺസുഹൃത്തുക്കളുമായുള്ള ബന്ധം എതിർത്തതിനാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. മൂന്നു ദിവസം മാത്രം പ്രായമുള്ളപ്പോൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ രാജലക്ഷ്മി എടുത്തുവളർത്തുകയായിരുന്നു.

ആൺ സുഹൃത്തുക്കളുമായുള്ള ബന്ധം എതിർത്തതിലുള്ള വൈരാഗ്യത്തിനു പുറമെ, രാജലക്ഷ്മിയുടെ സ്വത്തിന്‍റെ അവകാശം നേടുക എന്ന ഉദ്ദേശ്യവും കൊലപാതകത്തിനു പിന്നിലുണ്ടായിരുന്നു. ഉറക്ക ഗുളിക നൽകി രാജലക്ഷ്മിയെ മയക്കിക്കിടത്തിയ ശേഷം തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച നിലയിൽ രാജലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചു. തൊട്ടടുത്ത ദിവസം, രാജലക്ഷ്മി ഹൃദയാഘാതംമൂലം മരിച്ചെന്ന് ബന്ധുക്കളെ അറിയിക്കുകയും ഭുവനേശ്വറിൽവച്ച് അവരുടെ സാന്നിധ്യത്തിൽ സംസ്കാരിക്കുകയും ചെയ്തു.

സംഭവം കൊലപാതകമാണെന്ന് പുറംലോകമറിയുന്നത് രണ്ടാഴ്ചക്കു ശേഷമാണ്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഭുനേശ്വറിൽ ഉപേക്ഷിച്ച നിലയിൽ രാജലക്ഷ്മിയുടെ സഹോദരൻ സിബ പ്രസാദ് മിശ്രക്ക് ലഭിച്ചു. ഫോൺ പരിശോധിച്ചതോടെ, ഇൻസ്റ്റഗ്രാമിൽ കൂട്ടുപ്രതികളുമായി പെൺകുട്ടി നടത്തിയ സംഭാഷണം കണ്ടെത്തി. രാജലക്ഷ്മിയെ കൊല്ലുന്നതും സ്വർണവും പണവും ഉൾപ്പെടെ സ്വന്തമാക്കുന്നതിനെയും കുറിച്ച് ചാറ്റിൽ പരാമർശമുണ്ട്. ഫോണിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ മേയ് 14ന് മിശ്ര പൊലീസിൽ പരാതി നൽകി.

13 വർഷം മുമ്പ് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ രാജലക്ഷ്മിയും ഭർത്താവ് ജിതേന്ദ്രകുമാർ പാണ്ഡയും ചേർന്ന് എടുത്ത് വളർത്തുകയായിരുന്നു. ജിതേന്ദ്രകുമാർ പാണ്ഡ ഒരു വർഷത്തിനു ശേഷം മരിച്ചു. പിന്നീട് രാജലക്ഷ്മി ഒറ്റക്കാണ് കുട്ടിയെ വളർത്തിയത്. പരലേഖമുണ്ഡിയിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് കുട്ടിയെ ചേർത്തത്. പിന്നീട് അതേ പട്ടണത്തിലുള്ള പൂജാരിയായ ഗണേഷ് റാഠും ഇയാളുടെ സുഹൃത്ത് ദിനേഷ് സാഹു എന്നിവരുമായുള്ള അടുപ്പം രാജലക്ഷ്മി എതിർത്തതോടെ ഇരുവർക്കുമിടയിൽ ഭിന്നതകൾ ഉടലെടുത്തു.

രാജലക്ഷ്മിയെ കൊലപ്പെടുത്താനുള്ള പദ്ധതി ഒരുക്കിയത് ഗണേഷ് റാഠാണ്. നേരത്തെ ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ ബന്ധുക്കൾക്ക് ആദ്യം മരണത്തിൽ സംശയമുണ്ടായിരുന്നില്ല. പിന്നീട് മിശ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും ക്ഷേത്രത്തിലെ പൂജാരിയായ ഗണേഷ് റാഠ് (21), ഇയാളുടെ സുഹൃത്ത് ദിനേഷ് സാഹു (20) എന്നിവരെയും അറസ്റ്റ് ചെയ്തു.

Tags:    
News Summary - She Was 3 Days Old When A Woman Found Her On Road. At 13, She Killed Her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.