ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി റിമാൻഡിൽ

ചേർപ്പ്: സ്വത്തുതർക്കത്തിന്റെ പേരിൽ ജ്യേഷ്ഠനെ തൂമ്പ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ റിമാൻഡിൽ. പെരുമ്പിള്ളിശ്ശേരി സ്വദേശി കല്ലേരി വീട്ടിൽ വിൻസനെയാണ് (55) തൃശൂർ റൂറൽ പൊലീസ് അന്വേഷണ സംഘം പിടികൂടിയത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് രാവിലെ ഒമ്പതോടെ ചൊവ്വൂരിലെ തറവാട്ടുപറമ്പിൽ പുല്ല് ചെത്തുകയായിരുന്ന ജ്യേഷ്ഠൻ ജോൺസനെ വിൻസൻ ആക്രമിക്കുകയായിരുന്നു. വളരെ നാളുകളായി വീട്ടുകാരുമായി ബന്ധമില്ലാതെ പലസ്ഥലങ്ങളിൽ താമസിക്കുകയായിരുന്നു.

സംഭവ ദിവസം നാട്ടിലെത്തിയ വിൻസൻ പറമ്പിൽ പണിയെടുത്തു നിൽക്കുകയായിരുന്ന ജ്യേഷ്ഠന് സമീപമെത്തി ആക്രമിക്കുകയായിരുന്നു.തൂമ്പ കൊണ്ടുള്ള ആക്രമണത്തിൽ ജോൺസന്റെ തലയോട്ടി പൊട്ടുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. തറവാട്ടുവക സ്വത്ത് ഭാഗം വച്ച് കിട്ടാത്തതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നു പറയുന്നു. വീടുമായും ബന്ധുക്കളുമായും അധികം ബന്ധം പുലർത്താത്ത ഇയാൾ മുമ്പും നാട്ടുകാർക്കു നേരെയും അക്രമകാരിയായിട്ടുണ്ട്.

വല്ലപ്പോഴുമാണ് ഇയാൾ സ്വന്തം നാടായ ചൊവ്വൂരിൽ എത്തുന്നത്. പിടികൂടാനെത്തിയ പൊലീസിനു നേരേ തിരിഞ്ഞ ഇയാളെ ഏറെ കഷ്ടപ്പെട്ടാണ് പൊലീസ് സംഘം പിടികൂടിയത്. തൃശൂർ കണ്ണൻകുളങ്ങരയിൽ ഒഴിഞ്ഞ പറമ്പിൽ താമസിക്കുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും.  

Tags:    
News Summary - Accused in attempted murder case of elder brother remanded in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.