മഞ്ചേരി: ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് 18 വർഷം കഠിനതടവും 65,000 രൂപ പിഴയും വിധിച്ചു. ഒളവട്ടൂർ അരൂർ ആനക്കുണ്ടുങ്ങൽ വീട്ടിൽ ഹമീദ് കുനിയിലിനെയാണ് (44) മഞ്ചേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി എം. തുഷാർ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി അധിക തടവ് അനുഭവിക്കണം. വധശ്രമത്തിന് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും, വീട്ടിൽ അതിക്രമിച്ചു കയറിയതിനും മാരകമായി മുറിവേൽപ്പിച്ച കുറ്റത്തിന് മൂന്നു വർഷം വീതം കഠിനതടവും 5,000 രൂപ വീതം പിഴയും ഒടുക്കണം. തെളിവ് നശിപ്പിച്ചതിന് രണ്ടു വർഷം കഠിനതടവും 5,000 രൂപ പിഴയുമാണ് ശിക്ഷ.
2016 ജൂൺ 13ന് പുലർച്ചെ നാലിനാണ് കേസിനാസ്പദമായ സംഭവം. പുളിക്കൽ ആനക്കുണ്ടുങ്ങലിൽ ഭാര്യയും മകനും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. പ്രതിക്കെതിരെ നേരത്തേ നൽകിയ കേസിൽ വിചാരണക്ക് ഹാജരാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം. തടയാൻ ശ്രമിച്ച 11 വയസ്സുകാരനായ മകനെയും പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചു. കൃത്യത്തിന് ശേഷം വെട്ടാനുപയോഗിച്ച കത്തി കണ്ടെടുക്കാൻ സാധിക്കാത്ത വിധം നശിപ്പിക്കുകയും ചെയ്തിരുന്നു.
കൊണ്ടോട്ടി അഡീഷനൽ എസ്.ഐ പി. സദാനന്ദൻ, ഇൻസ്പെക്ടർമാരായ പി.കെ. സന്തോഷ്, എം. മുഹമ്മദ് ഹനീഫ എന്നിവരാണ് അന്വേഷണം നടത്തിയത്. കേസിൽ 14 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 19 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സി. ബാബു ഹാജരായി. പ്രോസിക്യൂഷൻ ലൈസൻ വിങ്ങിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സബിത ഓളക്കൽ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെൻട്രല്‍ ജയിലിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.