ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് എസ്.ഐ.ടി പരിശോധന, പഴയ ശ്രീകോവിൽ വാതിലിന്‍റെ സ്വർണ സാമ്പിൾ ശേഖരിച്ചു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന. പഴയ കൊടിമരം, ശ്രീകോവിൽ വാതിൽ എന്നിവയുമായി ബന്ധപ്പെട്ടാണ് അന്വേഷണസംഘം വീണ്ടും ശബരിമല സന്നിധാനത്ത് എത്തിയത്. തിരുവാഭരണം കമീഷണറുടെ സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറന്ന് സംഘം പരിശോധന നടത്തി.

പഴയ ശ്രീകോവിൽ വാതിലിന്‍റെ സ്വർണ സാമ്പിളും ശേഖരിച്ചു. കൊടിമരത്തിന്‍റെ വിവിധ ഭാഗങ്ങൾ സ്ട്രോങ് റൂമിലുണ്ടോയെന്നും പരിശോധിച്ചു. ഇവയുടെ വിവരങ്ങളെല്ലാം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുതിയ കൊടിമരത്തിന്‍റെ നിർമാണത്തിലും തട്ടിപ്പ് നടന്നെന്ന സംശയത്തിലാണ് എസ്.ഐ.ടി.

കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ശ്രീകോവിലിന് പുതിയ വാതിൽ നിർമിച്ച് നൽകിയപ്പോൾ പഴയ വാതിൽ സ്ട്രോങ് റൂമിലേക്ക് മാറ്റിയെന്ന് ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. ഇത് കൃത്യമാണെന്ന് ഉറപ്പാക്കുന്നതിനൊപ്പം ഇതിന്‍റെ അളവും എടുത്തു. പുതിയത് നിർമിച്ചുനൽകിയതിന്‍റെ മറവിൽ പഴയ വാതിലിലെ സ്വർണം പോറ്റി കവർന്നെന്നും സംശയിക്കുന്നുണ്ട്. ഇതിൽ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. ശാസ്ത്രീയ പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയാൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. ശ്രീകോവിലിലെ അയ്യപ്പചരിതം കൊത്തിയ സ്വർണപ്പാളികളുടെ സാമ്പിളുകളും എടുത്തിട്ടുണ്ട്.

ഹൈകോടതി നിർദേശപ്രകാരമാണ് എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘം ചൊവ്വാഴ്ച മല കയറിയത്. തിങ്കളാഴ്ച രാത്രി മൂന്നംഗ എസ്.ഐ.ടി സംഘം സന്നിധാനത്തെത്തി മുന്നൊരുക്കം നടത്തിയിരുന്നു. വിദഗ്ധരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Sabarimala gold missing row: SIT inspects Sannidhanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.